ഇന്ത്യയില്‍ ജി.എസ്.ടി വെട്ടിപ്പ് 2 ലക്ഷം കോടി രൂപ; ഇതാണ് കാരണങ്ങള്‍
രാജ്യത്തെ നികുതി ഘടന ഇടക്കിടെ പരിഷ്‌കരിച്ചു കൊണ്ടിരിക്കുമ്പോഴും നികുതി വെട്ടിപ്പില്‍ കുറവു വരുന്നില്ലെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.01 ലക്ഷം കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പാണ് വിവിധ സംസ്ഥാനങ്ങളിലായി നടന്നതെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈ സോണിലാണ് വെട്ടിപ്പ് കൂടുതല്‍ നടന്നത്. 70,985 കോടി രൂപ. ഡല്‍ഹി (18,313 കോടി), പൂനെ (17,328 കോടി), ഗുരുഗ്രാം (15,502 കോടി), ഹൈദരാബാദ് (11,081 കോടി) എന്നിവയാണ് നികുതി വെട്ടിപ്പില്‍ മുന്‍നിരയിലുള്ള സോണുകള്‍. ഓണ്‍ലൈന്‍ ഗെയിമിംഗ്, ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് മേഖലകളിലാണ് സേവന വിഭാഗത്തില്‍ കൂടുതല്‍ വെട്ടിപ്പ് നടന്നത്. ഇരുമ്പ്, ചെമ്പ്, സ്‌ക്രാപ്പും അലോയ്കളും, പാന്‍ മസാല, പുകയില, സിഗരറ്റ്, ബീഡി എന്നിവയാണ് ചരക്ക് വിഭാഗത്തില്‍ മുന്നില്‍. 2024 സാമ്പത്തിക വര്‍ഷത്തില്‍ 6,084 നികുതി വെട്ടിപ്പ് കേസുകളാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്. മുന്‍ വര്‍ഷം ഇത് 4,872 കേസുകളായിരുന്നു.
വെട്ടിപ്പ് കൂടുതല്‍ നടക്കുന്ന മേഖലകള്‍
തെറ്റായ വിവരം നല്‍കിയുള്ള വ്യാപാരങ്ങള്‍, വിലകുറച്ചു കാണിക്കല്‍ തുടങ്ങിയവയാണ് പ്രധാന നികുതി വെട്ടിപ്പുകളായി കണ്ടെത്തിയിട്ടുള്ളത്. വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും നികുതി വെട്ടിപ്പിന്റെ രീതികളില്‍ ഉള്‍പ്പെടുന്നുണ്ട്. റിയല്‍ മണി ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയിലാണ് കൂടുതല്‍ തുകയുടെ വെട്ടിപ്പ് നടന്നത്. 78 കേസുകളിലായി 81,875 കോടി രൂപ വെട്ടിച്ചതായാണ് കണ്ടെത്തല്‍. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ 171 കേസുകളിലായി 18,961 കോടി രൂപയുടെയും നിര്‍മാണ കരാര്‍ സേവനങ്ങളില്‍ 2,846 കോടി രൂപയുടെയും വെട്ടിപ്പ് നടന്നിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 40 കോടി, ഇരുമ്പ്, ചെമ്പ്, സ്‌ക്രാപ്പ് എന്നിവയില്‍ 16,806 കോടി, പാന്‍മസാല, പുകയില, സിഗരറ്റ്, ബീഡി എന്നിവയില്‍ 5,794 കോടി, പ്ലൈവുഡ്, തടി, പേപ്പര്‍ എന്നിവയില്‍ 1,196 കോടി, ഇലക്‌ട്രോണിക് ഇനങ്ങളില്‍ 1,165 കോടി, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ് എന്നിവയില്‍ 315 കോടി എന്നിങ്ങനെയാണ് വിവിധ മേഖലയില്‍ നടന്നതായി കണ്ടെത്തിയ വെട്ടിപ്പുകള്‍.
മനഃപൂര്‍വമല്ലാത്ത 'വെട്ടിപ്പു'കള്‍
രാജ്യത്ത് നടക്കുന്ന നികുതി വെട്ടിപ്പുകളില്‍ വ്യാപാരികള്‍ക്ക് മനഃപൂര്‍വമല്ലാതെ സംഭവിക്കുന്ന തെറ്റുകളും ഉള്‍പ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജി.എസ്.ടി സമ്പ്രദായത്തിന്റെ സങ്കീര്‍ണ്ണത, തെറ്റായ രീതിയില്‍ നികുതി അടക്കാന്‍ കാരണമാകുന്നുണ്ട്. ഒന്നിലധികം നികുതി നിരക്കുകള്‍, ഇളവുകള്‍, നിയമങ്ങള്‍ എന്നിവ ബിസിനസുകാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. കാലാകാലങ്ങളില്‍ വരുന്ന നികുതി ക്രമപ്പെടുത്തല്‍ മാറ്റങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍ പെടാതെ പോകുന്നു. ഇത് മനപൂര്‍വമല്ലാത്ത പിശകുകള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടക്കുന്നതിനും കാരണമാകുന്നു. സര്‍ക്കാരിന്റെ കണക്കില്‍ ഇതും വെട്ടിപ്പാണ്.
നികുതിയെ കുറിച്ചുള്ള അവബോധത്തിന്റെ കുറവ് വ്യാപാരികള്‍ക്കിടയില്‍ വ്യാപകമാണ്. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള നികുതി നിയന്ത്രങ്ങളെ കുറിച്ച് പലര്‍ക്കും ധാരണക്കുറവുണ്ട്. ഇത് റിട്ടേണുകള്‍ നല്‍കുമ്പോള്‍ പിഴവുകള്‍ക്ക് കാരണമാകുന്നു. വ്യാപാര ചിലവ് കുറക്കുന്നതിനുള്ള സമ്മര്‍ദ്ദമാണ് മറ്റൊരു കാരണം. കടുത്ത മല്‍സരമുള്ള മേഖലകളില്‍ ബിസിനസ് ലാഭകരമായി തുടരുന്നതിന് നികുതി അടക്കാതിരിക്കുകയെന്ന തെറ്റായ പ്രവണത നിലനില്‍ക്കുന്നുണ്ട്. അനര്‍ഹമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകളും ഈ ഗണത്തില്‍ പെടുന്നവയുണ്ട്.
ആസൂത്രിത വെട്ടിപ്പുകള്‍
ആസൂത്രിതമായി നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ജി.എസ്.ടി സംവിധാനത്തിലെ പഴുതുകള്‍ മുതലെടുത്ത് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങളാണിത്. വ്യാജ കമ്പനികള്‍ ഉണ്ടാക്കിയും വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ചും വന്‍ തുകയുടെ നികുതി വെട്ടിപ്പ് നടക്കുന്നു. ഐ.പി.ടി ക്രെഡിറ്റുകളില്‍ വലിയൊരു ഭാഗം ഇത്തരം വ്യാജ ഇടപാടുകളിലൂടെയാണ് നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇ-കോമേഴ്‌സിന്റെ വളര്‍ച്ച നികുതി വെട്ടിപ്പ് എളുപ്പമാക്കുന്നുവെന്നാണ് നികുതി വകുപ്പിന്റെ അനുഭവം. ഇത്തരം സ്ഥാപനങ്ങളുടെ ഇടപാടുകള്‍ തിരിച്ചറിയുന്നതിനും നികുതി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറ്റമറ്റതായിട്ടില്ല. ഇത് നികുതി വെട്ടിപ്പിന് സഹായമാകുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം, നിയമങ്ങളെ കുറിച്ച് അറിവില്ലായ്മ, കണ്ണടക്കല്‍ തുടങ്ങിയവയും നികുതി വെട്ടിപ്പിന് സഹായിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.