

ഓഹരി, മ്യൂച്വല്‍ ഫണ്ട്, ബോണ്ട്, കടപ്പത്രം, മറ്റ് സെക്യൂരിറ്റികള്‍ എന്നിവ വിറ്റു കിട്ടുന്ന ലാഭത്തിന് നികുതി കൊടുക്കണം.
പാനും ആധാറുമായി ബന്ധിപ്പിച്ച് കെ.വൈ.സി പൂര്‍ത്തിയാക്കി ഡീമാറ്റ് അക്കൗണ്ട് തുറന്നു കഴിഞ്ഞാല്‍, അതിനു ശേഷമുള്ള എല്ലാ ഇടപാടുകളും ഫോറം 26-എ.എസില്‍ കയറും.
ഡീമാറ്റ് അക്കൗണ്ടിലൂടെ കിട്ടിയ വരുമാനം ഡിക്ലയര്‍ ചെയ്യാന്‍ ബാങ്കില്‍ നിന്നോ ബ്രോക്കറുടെ പക്കല്‍ നിന്നോ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് വാങ്ങണം. ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റായ എന്‍.ഡി.എസ്.എലിന്റെയോ സി.ഡി.എസ്.എലിന്റെയോ ട്രാന്‍സാക്ഷന്‍ സ്‌റ്റേറ്റ്‌മെന്റും വാങ്ങണം.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് ഡീമാറ്റ് അക്കൗണ്ട് വാലിഡേറ്റ് ചെയ്യണം. ആദായ നികുതി വിവരങ്ങളിലേക്ക് അത് ആഡ് ചെയ്യണം.
ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇ.ടി.എഫ് എന്നിവ വാങ്ങി ഒരു വര്‍ഷത്തിനകം വിറ്റ വകയില്‍ കിട്ടിയ ലാഭമാണ് എസ്.ടി.ജി.സി അഥവാ, ഹ്രസ്വകാല മൂലധന നേട്ടം. അതിന് 15 ശതമാനം സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് കൊടുക്കണം. നികുതിയൊഴിവു പരിധിക്കു താഴെയാണ് ആകെ വരുമാനമെങ്കിലും കൊടുക്കണം.
12 മാസത്തില്‍ കൂടുതല്‍ സെക്യൂരിറ്റികള്‍ കൈവശം വെച്ചതിന് ശേഷം വിറ്റാല്‍ കിട്ടുന്ന ലാഭമാണ് ദീര്‍ഘകാല മൂലധന നേട്ടമെന്ന എല്‍.ടി.സി.ജി. ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള ഈ ആദായത്തിന് 10 ശതമാനമാണ് നികുതി.
ഡിവിഡന്റ് അഥവാ, ലാഭവിഹിതവും ഓഹരികള്‍ക്ക് കിട്ടുന്നുണ്ട്. ഇതിന് പ്രത്യേക നികുതി ഇല്ല. ഒരാള്‍ക്ക് ബാധകമായ നികുതി സ്ലാബിന് അനുസൃതമായാണ് ഇതിന് നികുതി ഈടാക്കി വരുന്നത്. പ്രതിവര്‍ഷം 5,000 രൂപയില്‍ കൂടുതലാണ് ലാഭവിഹിതമെങ്കില്‍ 10 ശതമാനം പിടിച്ചിട്ടാണ് കമ്പനികള്‍ തരുക.
ഡീമാറ്റിലുള്ള ഡബ്റ്റ് സെക്യൂരിറ്റി, ബോണ്ട് എന്നിവയില്‍ നിന്നുള്ള പലിശയും വരുമാനമാണ് എന്നോര്‍ക്കണം.
ഡീമാറ്റ് അക്കൗണ്ടിലെ വരുമാനം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഡിക്ലയര്‍ ചെയ്യണം. മൂലധന നേട്ടമില്ലെങ്കില്‍ ഐ.ടി.ആര്‍-വണ്‍ ഫോറം, ബിസിനസില്‍ നിന്ന് വരുമാനമില്ലെങ്കില്‍ ഐ.ടി.ആര്‍-2, ട്രേഡിംഗ് ആണ് നിങ്ങളുടെ ബിസിനസെങ്കില്‍ ഐ.ടി.ആര്‍ -3 ഫോറം.
മറ്റൊരു കാര്യം കൂടി പറയാം. ഡീമാറ്റ് അക്കൗണ്ടില്‍ വില്‍ക്കാതെ നില്‍പുള്ള ഓഹരിക്കും മറ്റും നികുതി കൊടുക്കേണ്ട.
Read DhanamOnline in English
Subscribe to Dhanam Magazine