ആദ്യമായി ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും, തെറ്റുകള്‍ വരാതിരിക്കാനും നിശ്ചിത തീയതിക്ക് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതാണ് ഉചിതം. വേഗത്തിലും എളുപ്പത്തിലും ഐ.ടി.ആര്‍ ഫയലിംഗ് പ്രക്രിയ തീര്‍ക്കുന്നതിന് ഇ-ഫയലിംഗ് തെരഞ്ഞെടുക്കാവുന്നതാണ്. വീട്ടിലിരുന്ന് തന്നെ ഇത് ചെയ്യാവുന്നതുമാണ്.

എന്നാല്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയ പലര്‍ക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരിക്കും. പ്രത്യേകിച്ച് ആദ്യമായി നികുതി ഫയല്‍ ചെയ്യുന്നവര്‍ക്ക്. ആദ്യമായി ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇവയാണ് :

വരുമാനം കണക്കു കൂട്ടാം:

നികുതി അടയ്ക്കേണ്ട വരുമാനം നിര്‍ണയിക്കാന്‍ മൊത്ത വരുമാനത്തില്‍ നിന്ന് (ശമ്പളത്തില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നുമുള്ള വരുമാനം) നികുതി ലാഭിക്കുന്നതിനുള്ള കിഴിവുകള്‍ കുറയ്ക്കണം. വാടക, വായ്പകള്‍, ചാരിറ്റി ഫണ്ട് തുടങ്ങിയവയെല്ലാം ഇളവുകള്‍ക്കായി പരിഗണിക്കണം.

നികുതി വ്യവസ്ത തെരഞ്ഞെടുക്കാം :

പരമാവധി നികുതി ലാഭിക്കുന്നതിന് ഏത് നികുതി വ്യവസ്ഥയാണ് കൂടുതല്‍ അനുയോജ്യമെന്ന് നികുതിദായകര്‍ ആദ്യം തീരുമാനിക്കേണ്ടതുണ്ട്. കാരണം, പിപിഎഫ്, ഇന്‍ഷുറന്‍സ് പോളിസി, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്‌കീമുകള്‍ അല്ലെങ്കില്‍ ഹോം ലോണിന്റെയോ ആരോഗ്യ ഇന്‍ഷുറന്‍സിന്റെയോ പലിശ പോലെയുള്ള യോഗ്യതയുള്ള നികുതി കിഴിവുകളോ നിക്ഷേപങ്ങളോ ഇല്ലെങ്കില്‍, പുതിയ നികുതി വ്യവസ്ഥ നിങ്ങള്‍ക്ക് മികച്ചതായിരിക്കാം. നികുതി കിഴിവുകള്‍ക്കും ഇളവുകള്‍ക്കും പകരം കുറഞ്ഞ നികുതി നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ പുതിയ നികുതി നിരക്കുകള്‍ നല്ലാതണ്. മാത്രമല്ല, പുതിയ നികുതി വ്യവസ്ഥ ഇനി ഡിഫോള്‍ട്ട് ടാക്സ് സമ്പ്രദായമായിരിക്കും. അതിനാല്‍, നികുതിദായകര്‍ പഴയ നികുതിവ്യവസ്ഥയും പുതിയതും തമ്മില്‍ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ടി.ഡി.എസ് സര്‍ട്ടിഫിക്കറ്റ് :

ശമ്പളം വാങ്ങുന്ന വ്യക്തികള്‍ക്ക് തൊഴിലുടമകള്‍ നല്‍കുന്ന ടി.ഡി.എസ് (Tax Deducted at Source)സര്‍ട്ടിഫിക്കറ്റാണ് ഫോം 6. ഈ സുപ്രധാന രേഖയില്‍ വ്യക്തിയുടെ ശമ്പളത്തിന്റെ സമഗ്രമായ വിശദാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ അത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. കൂടാതെ, ക്ലെയിം ചെയ്ത കിഴിവുകള്‍, സമ്പാദിച്ച ശമ്പളം, ജീവനക്കാരന് ലഭിക്കുന്ന ഇളവുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ഫോമില്‍ ഉള്‍പ്പെടുന്നു.

ഫോം 26 എ.എസിലെ വിശദാംശങ്ങള്‍ പരിശോധിക്കാം:

നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന രേഖയാണ് ഫോം 26 എഎസ്. ടിഡിഎസില്‍ കിഴിവ് ചെയ്ത എല്ലാ വരുമാനത്തിന്റെയും സമഗ്രമായ രേഖാണിത്. ഫോം 1-ലോ ഫോം 16 എയിലോ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍, ഫോം 26 എഎസില്‍ പ്രതിഫലിക്കുന്ന വിശദാംശങ്ങളുമായി താരതമ്യം ചെയ്യേണ്ടത് നിര്‍ണായകമാണ്.

ഈ ഫോം ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ഓണ്‍ലൈനായി പരിശോധിക്കുന്നത് നല്ലതാണ്. കാരണം നികുതി വകുപ്പിലേക്ക് ഡിഡക്ടര്‍ അപ്ലോഡ് ചെയ്യുന്ന ടിഡിഎസ് റിട്ടേണ്‍ സ്റ്റേറ്റ്മെന്റുകള്‍ക്കൊപ്പം ഈ ഫോം പതിവായി അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

എ.ഐ.എസിലെ വിശദാംശങ്ങള്‍ വിലയിരുത്താം:

പലിശ വരുമാനം, ഡിവിഡന്റ് വരുമാനം, സെക്യൂരിറ്റീസ് ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, വിദേശ പണമയയ്ക്കല്‍ വിവരങ്ങള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്ന ഒരു രേഖയാണ് വാര്‍ഷിക വിവര പ്രസ്താവന (എ.ഐ.എസ്). ഒരു നികുതിദായകന്‍ പ്രിഫില്‍ (prefill) ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, എഐഎസില്‍ നിന്നുള്ള വിവരങ്ങള്‍ സ്വയമേവ ആദായനികുതി റിട്ടേണ്‍ ഫോമില്‍ പൂരിപ്പിക്കപ്പെടുകയും സമയം ലാഭിക്കുകയും വരുമാനത്തിന്റെ കൃത്യമായ റിപ്പോര്‍ട്ടിംഗ് ഉറപ്പാക്കുകയും ചെയ്യാവുന്നതാണ്.

രണ്ടു ഫോമുകളും പുന:പരിശോധിക്കുക

മറ്റു പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍, ഫോം 26 എഎസിലും, എഐഎസിലും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ യഥാര്‍ത്ഥ വരുമാനവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ബാങ്ക് അക്കൗണ്ട് പരിശോധിക്കുക

ഐ.ടി.ആറില്‍ നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് ശരിയാണോ എന്ന് ഉറപ്പാക്കുക. ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വാലിഡേറ്റ് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാണ് ആദായനികുതി വകുപ്പ് നികുതി റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യുന്നത്.

ആവശ്യമായ രേഖകള്‍:

ആദായനികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുന്നതിനുമുമ്പ്, ഇനിപ്പറയുന്ന രേഖകള്‍ അരികില്‍ സൂക്ഷിക്കുന്നത് ഉറപ്പാക്കുക.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍

പാന്‍ കാര്‍ഡ്

ആധാര്‍ വിശദാംശങ്ങള്‍

ശമ്പളമുള്ള നികുതിദായകര്‍ക്കുള്ള ഫോം 16

നിക്ഷേപങ്ങളുടെ വിശദവിവരങ്ങള്‍

വാടകയുണ്ടെങ്കില്‍ അവയുടെ എഗ്രിമെന്റുകള്‍

ഭവന വായ്പ പലിശ സര്‍ട്ടിഫിക്കറ്റ്

ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ് രസീതുകള്‍

ഐ.ടി.ആര്‍ വിശദാംശങ്ങള്‍ കൃത്യമായി പരിശോധിക്കുക :

ഐ.ടി.ആര്‍ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, അത് സ്ഥിരീകരിക്കുക എന്നതാണ് അവസാന ഘട്ടം. വെരിഫിക്കേഷന്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ ചെയ്യാം. ഓണ്‍ലൈന്‍ ഓപ്ഷനില്‍, റിട്ടേണ്‍ ആക്‌സസ് ചെയ്യാനും പരിശോധിക്കാനും ആധാര്‍ ഒ.ടി.പി സംവിധാനം ഉപയോഗിക്കാം.

വെരിഫിക്കേഷന്‍ പ്രക്രിയ ഇലക്ട്രോണിക് വഴി സ്ഥിരീകരിക്കുന്നതിന് ആദായ നികുതി വകുപ്പ് ഒരു ഇ-വെരിഫിക്കേഷന്‍ മെയില്‍ അയയ്ക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it