കേന്ദ്ര ബജറ്റ് 2025: ജിഎസ്ടി പ്രശ്‌നങ്ങള്‍ പരിഹരിച്ച് വ്യവസായ മേഖലയ്ക്ക് കരുത്ത് പകരാം

ജിഎസ്ടിയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയാണ് ലേഖകന്‍

നിലവില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവയെങ്കിലും പരിഹരിച്ചാല്‍ തന്നെ സംസ്ഥാനത്തെ വിവിധ മേഖലകളെ കരുത്താര്‍ജിപ്പിക്കാന്‍ കഴിയും. കേരളത്തിന് ആവശ്യമായ ടൂറിസം, ചെറുകിട വ്യാപാരം തുടങ്ങിയ മേഖലകളില്‍ വരുത്തേണ്ട നിര്‍ദേശങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ തരത്തിലുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിനോദസഞ്ചാര മേഖലകളില്‍ ആന സവാരി, ട്രെക്കിംഗ്, കേബിള്‍ കാര്‍ തുടങ്ങിയ വിനോദ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ട്. നിലവില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 18% ജിഎസ്ടി ബാധകമാണ്. ഇത് അഞ്ച് ശതമാനമായി കുറയ്ക്കണം.
ജിഎസ്ടി പ്രകാരം നിലവില്‍ ബില്‍ഡര്‍മാര്‍ക്ക് രണ്ട് തരത്തിലുള്ള നികുതി നിരക്കുകള്‍ പ്രയോഗിക്കാവുന്നതാണ്. അഫോര്‍ഡബിള്‍ റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ക്ക് ഒരു ശതമാനവും മറ്റുള്ളവയ്ക്ക് അഞ്ച് ശതമാനവും.
ഇവിടെ ഉരുത്തിരിയുന്ന പ്രധാന പ്രശ്‌നം നിര്‍മാണത്തിന് ആവശ്യമായി വരുന്ന സാധന സാമഗ്രികള്‍ വാങ്ങുന്നതിന്മേല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല എന്നതാണ്. അതുപോലെ ലാന്‍ഡ്ലോര്‍ഡിന് ഉടമസ്ഥാവകാശമുള്ള ഫ്ളാറ്റുകളുടെ പങ്കിനായുള്ള രജിസ്റ്റര്‍ ചെയ്യാത്ത വാങ്ങലുകള്‍ക്കും റിവേഴ്സ് ചാര്‍ജ് മെക്കാനിസം വഴി ബാധ്യത നല്‍കേണ്ടി വരുന്നു. ഇത് ഫ്ളാറ്റുകളുടെ ചതുരശ്ര അടി നിരക്ക് കൂട്ടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.
ഇതിന് പരിഹാരമായി കോമ്പൗണ്ടിംഗ് മെത്തേഡ്, നോണ്‍ കോമ്പൗണ്ടിംഗ് മെത്തേഡ് എന്നീ രീതിയിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാം. ഈ രണ്ട് രീതിയിലും ടാക്‌സ് അടയ്ക്കാനുള്ള ഓപ്ഷന്‍ 2025 ആപ്രില്‍ മുതല്‍ പരിഗണിക്കാവുന്നതാണ്. ഇനി നോണ്‍ കോമ്പൗണ്ടിംഗ് മെത്തേഡ് സ്വീകരിക്കുന്ന ബില്‍ഡര്‍ക്ക് അയാള്‍ വാങ്ങുന്ന എല്ലാ സാമഗ്രികള്‍ക്കും ഐടിസി ലഭ്യമാക്കുകയും അയാളുടെ എല്ലാ പര്‍ചെയ്സും രജിസ്റ്റേര്‍ഡ് ഡീലര്‍മാരില്‍ ആക്കുകയും വേണം. ഇത്തരത്തില്‍ ഓരോ പ്രോജക്റ്റിനെയും കോമ്പൗണ്ടിംഗ് മെത്തേഡായും നോണ്‍ കോമ്പൗണ്ടിംഗ് മെത്തേഡായും തരംതിരിക്കണം.
നിലവിലുള്ള സംവിധാനമനുസരിച്ച് കോമ്പൗണ്ടിംഗ് നിരക്കില്‍ സാധനങ്ങള്‍ക്കുള്ള വാര്‍ഷിക ടേണോവര്‍ 1.5 കോടിയും സര്‍വീസ് രംഗത്ത് 50 ലക്ഷവുമാണ്. ചെറിയ രീതിയിലുള്ള കരാറുകാര്‍ക്കും മറ്റ് അറ്റകുറ്റ പണികള്‍ ചെയ്യുന്നവര്‍ക്കുമായി സര്‍വീസ് രംഗത്തെ ടേണോവര്‍ 50 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായി ഉയര്‍ത്തണം. ഇത് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രോത്സാഹനമായിരിക്കും.
കയറ്റുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ലഭിക്കേണ്ട റീഫണ്ടുകള്‍ ശരിയായ സമയത്ത് ലഭിക്കാതെ വരുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് 'റീഫണ്ട്' പ്രക്രിയ ലളിതമാക്കി അതിന്റെ സമയബന്ധിതമായ വിതരണം ഉറപ്പാക്കുക. 'റീഫണ്ട്' ചട്ടങ്ങള്‍ സംബന്ധിച്ച് കോടതിയുടെ പുതിയ വിധികള്‍ പിന്തുടരുക. (കേരള ഹൈക്കോടതി വിധി - M/s. Sance Laboratories Private Ltd Vs Union of India and Others in WP (C) 17447 of 2024).

ആംനസ്റ്റി സ്‌കീം

നിലവിലുള്ള ആംനസ്റ്റി സ്‌കീം ലളിതമായ പരിഹാരം മാത്രമേ വന്നിട്ടുള്ളൂ. ഈ പദ്ധതിയുടെ കാലാവധി 2025 മാര്‍ച്ച് 31 വരെ എന്നുള്ളത് 2025 സെപ്റ്റംബര്‍ വരെയാക്കി ദീര്‍ഘിപ്പിക്കുക. സെക്ഷന്‍ 74ന് കീഴിലുള്ള നോട്ടീസുകളും ആവശ്യങ്ങളും സ്‌കീമില്‍ ഉള്‍പ്പെടുത്തുക. സ്‌കീം നിലവില്‍ വന്നത് 2024 നവംബര്‍ ഒന്ന് മുതലാണെങ്കിലും ഇതുവരെയും അതിനു വേണ്ട ഫോമുകള്‍ ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമല്ല. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലുള്ള താമസം, അതിന്റെ പലിശ, പെനാലിറ്റി തുടങ്ങിയവയൊന്നും ഈ പദ്ധതിയില്‍ കണ്ടില്ല.
അതുപോലെ ജിഎസ്ടി നിയമത്തിന് മുമ്പുള്ള സര്‍വീസ് ടാക്‌സ് നിയമത്തില്‍ ഇപ്പോഴും നികുതിയുടെ കുടിശ്ശികയും പലിശയും പെനാല്‍റ്റിയും വഴി ഒട്ടനവധി കേസുകള്‍ നിലനില്‍പ്പുണ്ട്. ഈ കൂട്ടര്‍ക്ക് 'Sabka vishwas' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ കാലങ്ങളില്‍ ആംനസ്റ്റി സ്‌കീം ഉണ്ടായിരുന്നു. ഈ ആനുകൂല്യം ഒരു വര്‍ഷം കൂടി ബജറ്റില്‍ ചേര്‍ത്താല്‍ സേവന മേഖലയിലുള്ള നികുതി കുടിശ്ശിക ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ വഴി സര്‍ക്കാരിനു ലഭിക്കുകയും വ്യാപാരികള്‍ക്ക് അതിന് ഒരു ശാശ്വത പരിഹാരം ആകുകയും ചെയ്യും.
കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്യുന്നവര്‍ കെട്ടിട ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ റിവേഴ്‌സ് ചാര്‍ജ് വഴി നികുതി അടയ്ക്കാന്‍ പുതിയ നോട്ടിഫിക്കേഷന്‍സ് 10.10.2024 മുതല്‍ നിലവില്‍ വന്നു. ഇതുപ്രകാരം ബിസിനസുകാര്‍ക്ക് ഇതിന്റെ ഇന്‍പുട്ട് 18% എടുക്കാമെന്ന് നിര്‍ദേശിക്കുന്നു. കോമ്പൗണ്ട് ചെയ്ത ചെറുകിട ബിസിനസുകാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും ഇന്‍പുട്ട് എടുക്കാനുള്ള യോഗ്യത ഇല്ലാത്ത പ്രകാരം ഇതൊരു അധിക ചിലവായി (ബാധ്യത) ആയി ചീറുകിടക്കാരെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നു. ഇത് പ്രകാരം ഇതിനൊരു പരിഹാരം എന്നത് ഐടിസി യോഗ്യത ഇല്ലാത്തവര്‍ക്ക് പ്രസ്തുത 18% റിവേഴ്സ് ചാര്‍ജില്‍ നിന്നും ഒഴിവാക്കി കൊടുക്കുക എന്നാണ്. ഇത് കോംപൗണ്ടിംഗ് ഡീലര്‍മാര്‍ക്ക് ഒരു ഉത്തേജനമാകും.

(എറണാകുളത്തെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ജിഎസ്ടി കണ്‍സള്‍ട്ടന്റുമായ ലേഖകന്‍ യൂട്യൂബറും (ജി.എസ്.ടി ടോക്ക്) Saju&Coയിലെ മാനേജിംഗ് പാര്‍ട്ണറുമാണ്. Mob: 98471 48622)

Stanley James
Stanley James  

The author is a prominent Chartered Accountant and GST Consultant in Ernakulam. He is the Managing Partner at Saju & Co and he also has a YouTube Channel - GST Talk

Related Articles
Next Story
Videos
Share it