ആദായ നികുതി ഇളവിന് കേന്ദ്രസര്‍ക്കാര്‍; ഉപഭോഗം കൂട്ടണം, അമര്‍ഷം മാറ്റണം

15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി കുറക്കുമെന്ന് സൂചന
union budget 2025
Image/Canva
Published on

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പുതുവര്‍ഷത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസമാകുമോ? പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കുറക്കുമെന്നാണ് സൂചനകള്‍. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇടത്തരം വരുമാനക്കാര്‍ക്ക് ഏറെ ആശ്വസം നല്‍കുന്നതാകും ഈ നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉപഭോഗത്തില്‍ വലിയ വര്‍ധനക്കും ഇത് സഹായിക്കും. നിലവിലുള്ള ഉയര്‍ന്ന നികുതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആദായ നികുതിയിളവ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ആര്‍ക്കെല്ലാം ഗുണകരം?

ലക്ഷക്കണക്കിന് നികുതിദായകര്‍ക്ക്, പ്രത്യേകിച്ച് ഉയര്‍ന്ന ജീവിതച്ചെലവ് അനുഭവിക്കുന്ന നഗരവാസികള്‍ക്ക് ഇത്തരമൊരു ഇളവ് ആശ്വാസമാകും. 2020 ലെ നികുതി സമ്പ്രദായത്തിലേക്ക് മാറുന്നവര്‍ക്ക് നികുതിയിനത്തില്‍ വലിയ തുക ലാഭിക്കാനാകും. ഈ രീതിയനുസരിച്ച് മൂന്നു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് ആദായ നികുതി നല്‍കേണ്ടി വരുന്നത്. പഴയ രീതിയെ അപേക്ഷിച്ച് വീട്ടു വാടക, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇളവുകള്‍ പുതിയതില്‍ ലഭിക്കില്ല. നികുതി ഇളവ് നല്‍കുന്നതോടെ കൂടുതല്‍ പേര്‍ പുതിയ രീതിയിലേക്ക് മാറുമെന്നും ധനകാര്യ വകുപ്പ് കണക്കു കൂട്ടുന്നുണ്ട്.

നിലവില്‍ അഞ്ച് നികുതി സ്ലാബുകളാണുള്ളത്. മൂന്നു ലക്ഷം രൂപവരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും നികുതി നല്‍കണം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനമാണ് നികുതി.

വരുമാന നഷ്ടം ബാധിക്കില്ല

15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി കുറക്കുമ്പോള്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവ് വരുമെങ്കിലും ഇത് കാര്യമായി ബാധിക്കില്ലെന്നാണ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 30 ശതമാനം നികുതിയുള്ള സ്ലാബില്‍ നിന്നാണ് സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രധാന പങ്കുമെന്നതാണ് ഇതിന് കാരണം. നികുതി ഒഴിവാകുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളുടെ കയ്യില്‍ പണമുണ്ടാകുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യും. പണപ്പെരുപ്പത്തിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഇത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നാണ് ധനകാര്യ വകുപ്പ് കണക്കു കൂട്ടുന്നത്. ഉയര്‍ന്ന നികുതിക്കെതിരെ ഇടത്തരം വരുമാനക്കാര്‍ക്കിടയില്‍ നിന്ന് സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ ഇത്തരമൊരു നീക്കത്തിന് കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com