
ഗൂഗിള്‍ അടക്കമുള്ള പ്രമുഖ അമേരിക്കന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ 2 ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്‌സിന് (ഡി എസ് ടി) ബദലായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ചെമ്മീന്‍ അടക്കമുള്ള 40 ഉല്‍പന്നങ്ങള്‍ക്ക് യു എസ് ഭരണകൂടം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്ന 25 ശതമാനം അധിക നികുതി സമുദ്രോല്‍പന്ന കയറ്റുമതി മേഖലയില്‍ പുതിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
ഒറ്റയടിക്ക് 25 ശതമാനം അധിക നികുതി വന്നാല്‍ അമേരിക്കയിലേക്കുള്ള സമുദ്രോല്‍പന്ന കയറ്റുമതി നിര്‍ത്തിവെക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്ന് സമുദ്രോല്‍പന്ന കയറ്റുമതിക്കാര്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സമുദ്രോല്‍പന്നങ്ങളില്‍ അധികവും ശീതീകരിച്ച ചെമ്മീനാണ്.
ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം യു എസ് ആണ്. പോയവര്‍ഷം 2,85,904 മെട്രിക് ടണ്‍ ചെമ്മീനാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള ആകെ ചെമ്മീന്‍ കയറ്റുമതി 6,52,253 മെട്രിക് ടണ്ണാണ്, അതായത് ആകെ ചെമ്മീന്‍ കയറ്റുമതിയുടെ മൂന്നിലൊന്നും നടക്കുന്നത് അമേരിക്കയിലേക്കാണ്. വനാമി, ബ്ലാക്ക് ടൈഗര്‍ എന്നീ ഇനം ചെമ്മീനുകള്‍ക്കാണ് അമേരിക്കയില്‍ വലിയ ഡിമന്‍ഡ് ഉള്ളത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയുടെ ഘട്ടം പിന്നിട്ട് ഇപ്പോള്‍ സാധാരണ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് അധികനികുതി ഭാരത്തിന്റെ ബാധ്യത തലയില്‍ വന്നു വീണിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറയുന്നു.
അമേരിക്ക തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് ഇന്ത്യന്‍ കയറ്റുമതി മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ചെമ്മീന്‍ കയറ്റുമതിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വലിയ മത്സരം നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ഇത്തരമൊരു ഭാരിച്ച നികുതി ഒരു തരത്തിലും ഈ മേഖലക്ക് താങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധിക നികുതി 2-3 ശതമാനത്തില്‍ ഒതുങ്ങി നിന്നാല്‍ അത് താങ്ങാന്‍ കയറ്റുമതിക്കാര്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന വ്യാപാര മത്സരത്തിന്റെ തുടര്‍ച്ചയാണ് യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് റെപ്രസന്റേറ്റീവ് (യു എസ് ടി ആര്‍) നിര്‍ദേശിച്ചിരിക്കുന്ന അധിക നികുതി. ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ 2 ശതമാനം ഡി എസ് ടി ചുമത്തിയതിന് തിരിച്ചടിയായാണ് ഈ നടപടി.
ഡി എസ് ടി ചുമത്തിയതിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരം നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് യു എസ് ടി ആര്‍ ഈ പ്രതികാര നികുതി ചുമത്തിയത്. ഇന്ത്യ ചുമത്തിയ ടി എസ് ടിക്ക് ആനുപാതികമായ തുകയാണ് 40 ഉല്‍പന്നങ്ങള്‍ക്കുള്ള 25 ശമതാനം അധിക നികുതിയിലൂടെ അമേരിക്ക ഈടാക്കുന്നത്. പ്രതിവര്‍ഷം 55 ദശലക്ഷം ഡോളര്‍ ഇതിലൂടെ യു എസിന് അധികമായി ലഭിക്കും.
ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, ഇറ്റലി, സ്‌പെയ്ന്‍, ടര്‍ക്കി, യു കെ എന്നീ രാജ്യങ്ങള്‍ക്കും യു എസ് ടി ആര്‍ ഇത്തരത്തില്‍ പ്രതികാര നികുതി ചുമത്താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അമേരിക്കന്‍ കമ്പനികള്‍ക്ക് എതിരായ വിവേചനപരമായ നടപടിയാണ് ഡിജിറ്റല്‍ സര്‍വീസ് ടാക്‌സേഷനെന്നാണ് യു എസ് ടി ആര്‍ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ ഫലമായി 55 ദശലക്ഷം ഡോളറിന്റെ അധികബാധ്യത അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ യു എസ് ടി ആര്‍ ആയി കാതറിന്‍ ടാര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കാതറിന്‍ അടുത്തിടെ വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തമായിരിക്കുമ്പോള്‍ തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2018ല്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍ അലൂമിനിയം ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയിരുന്നു.
പ്രതിവര്‍ഷം 24 കോടി ഡോളറിന്റെ അധിക നികുതിയാണ് ഇതിലൂടെ അമേരിക്കക്ക് ലഭിക്കുന്നത്. ഇതിന് തിരിച്ചടിയായി യു എസില്‍ നിന്നുള്ള കടല, പയര്‍, ബദാം, തുവര, വാല്‍നട്ട്, അര്‍ട്ടീമിയ ചെമ്മീന്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയടക്കം 29 ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി കുത്തനെ വര്‍ധിപ്പിച്ചു. 50 ശതമാനം വരെയായിരുന്നു നികുതി വര്‍ധന. രണ്ടു രാജ്യങ്ങളിലെയും കയറ്റുമതി കമ്പനികള്‍ക്കാണ് ഈ വ്യാപാര മത്സരത്തിന്റെ ഭാരം താങ്ങേണ്ടിവരുന്നത്.
അതേ സമയം യു എസ് ടി ആര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിടുക്കപ്പെട്ട് പ്രതികാര നികുതി ചുമത്താന്‍ യു എസ് ഭരണകൂടം തയ്യാറാകില്ലെന്ന പ്രതീക്ഷയിലാണ് വാണിജ്യ വൃത്തങ്ങള്‍. ഇന്ത്യയുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇപ്പോഴത്തേത് യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് റെപ്രസന്റേറ്റീവിന്റെ നിര്‍ദേശം മാത്രമാണെന്നും ഇത് അതേപടി നടപ്പിലാക്കാന്‍ യു എസ് ഭരണകൂടം തയ്യാറാകില്ലെന്നും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ഏലിയാസ് സേട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 25 ശതമാനം വരെ നികുതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അത് രണ്ടോ മൂന്നോ ശതമാനമായി പരിമിതപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine