നികുതി വെട്ടിപ്പ്; വിവോ ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ
നികുതി വെട്ടിക്കാന്‍ മൊബൈല്‍ ഫോണ്‍ കമ്പനി വിവോ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയില്‍ നികുതി അടയ്ക്കുന്നത് ഒഴിവാക്കാന്‍ വരുമാനത്തിന്റെ 50 ശതമാനവും ചൈനയിലേക്ക് വിവോ കടത്തിയത്. 2017 മുതല്‍ 2021 വരെയുള്ള കണക്കാണിത്.
ഇക്കാലയളവില്‍ ഏകദേശം 1.25 ട്രില്യണ്‍ രൂപയുടെ ഇടപാടുകളാണ് വീവോ രാജ്യത്ത് നടത്തിയത്. നിലവില്‍ വിവോയുടെ 119 ബാങ്ക് അക്കൗണ്ടുകള്‍ (465 കോടി രൂപ), 66 കോടിയുടെ സ്ഥിര നിക്ഷേപം, 2 കിലോ സ്വര്‍ണം തുടങ്ങിയവ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ പ്രകാരം പിടിച്ചെടുത്തിട്ടുണ്ട്.
പതിനെട്ടോളം കമ്പനികള്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടന്നും ഇഡി അറിയിച്ചു. അനുബന്ധ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് കാട്ടി പണം കടത്തുകയായിരുന്നു വിവോ.
2014ല്‍ ഹോങ്കോംഗ് ആസ്ഥാനമായ മള്‍ട്ടി അക്കോര്‍ഡ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായാണ് വിവോ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത്. ചൈനീസ് കമ്പനി ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള ബ്രാന്‍ഡ് ആണ് വിവോ.
റിയല്‍മി, വണ്‍പ്ലസ്, ഓപ്പോ, ഐക്യൂ തുടങ്ങിയവയും ബിബികെ ഇലക്ട്രോണിക്‌സിന് കീഴിലുള്ള കമ്പനികളാണ്.