മാര്‍ച്ച് 31 എത്തി, ഇക്കാര്യങ്ങള്‍ മറക്കരുത്‌

ഈ മാര്‍ച്ച് 31 ഓടെ ഒരു സാമ്പത്തിക വര്‍ഷം കൂടി അവസാനിക്കുകയാണ്. കലണ്ടര്‍ വര്‍ഷം അവസാനിക്കുന്ന പുതുവര്‍ഷം പോലെ എല്ലാവരും ആഘോഷിക്കുന്ന ഒന്നല്ല ഇതെങ്കിലും നികുതി ദായകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് മാര്‍ച്ച് 31. മാര്‍ച്ച് അവസാനിക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങളൊക്കെ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പുവരുത്തിക്കൊള്ളൂ.

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്യൂ
2022 മാര്‍ച്ച് 31ന് മുമ്പ് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്തിരിക്കണം. അതല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാക്കപ്പെടുകയോ 10000 രൂപ പിഴ ഒടുക്കേണ്ടി വരികയോ ചെയ്‌തേക്കാം. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി വളരെ എളുപ്പത്തില്‍ ഓണ്‍ലൈനായി ഇത് ചെയ്യാനാകും.
കെവൈസി പുതുക്കുക
ധനകാര്യ സ്ഥാപനങ്ങളിലുള്ള എക്കൗണ്ടുകളും ഡീമാറ്റ് എക്കൗണ്ടും സജീവമായി നിലനില്‍ക്കണമെങ്കില്‍ ഓരോ രണ്ടു വര്‍ഷത്തിലും കെവൈസി പുതുക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഈ വര്‍ഷം കെവൈസി പുതുക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 ലേക്ക് നീട്ടിയിരുന്നു.
അഡ്വാന്‍സ് ടാക്‌സ് അടയ്ക്കാം
ശമ്പളേതര വരുമാനത്തില്‍ നിന്നുള്ള 10000 രൂപയ്ക്ക് മുകളിലുള്ള നികുതി ബാധ്യതയുള്ളവര്‍ക്ക് മാര്‍ച്ച് 31 ന് മുമ്പ് അഡ്വാസ് ടാക്‌സ് അടയ്‌ക്കേണ്ട സമയാണിത്. ആദായ നികുതി നിയമപ്രകാരം ശമ്പളം വാങ്ങുന്ന വ്യക്തികളുടെ ശമ്പളത്തില്‍ നിന്ന് തൊഴില്‍ദായകര്‍ തന്നെ ആദായ നികുതി സ്ലാബിന് അനുസരിച്ചുള്ള നികുതി പിടിച്ച് അടയ്‌ക്കേണ്ടതാണ്. എന്നാല്‍ സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകളും മറ്റും തങ്ങളുടെ വരുമാനത്തില്‍ നിന്ന് കിഴിവുകള്‍ കഴിച്ച് 10000 രൂപയിലേറെ നികുതി ബാധ്യത വരുന്നുണ്ടെങ്കില്‍ മാര്‍ച്ച് 31 ന് മുമ്പ് തന്നെ അഡ്വാന്‍സ് ടാക്‌സ് അടയ്‌ക്കേണ്ടതാണ്.
നികുതി ലാഭിക്കാന്‍ നിക്ഷേപം
വിവിധ നിക്ഷേപങ്ങള്‍ ആദായ നികുതിയിലെ വിവിധ സെക്ഷനുകള്‍ പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. സെക്ഷന്‍ 80 സി പ്രകാരം 46800 രൂപ വരെ നികുതി ലാഭിക്കാനാകും. മാര്‍ച്ച് 31 ന് മുമ്പ് തന്നെ അത്തരത്തിലുള്ള എല്ലാ നിക്ഷേപങ്ങളും നടത്തേണ്ടതായിട്ടുണ്ട്. എങ്കില്‍ മാത്രമേ നികുതിയിളവിന് അപേക്ഷിക്കാനാകൂ. എന്നാല്‍ ഏതൊരു നിക്ഷേപവും നികുതിയിളവ് നേടാനായി മാത്രം ചെയ്യരുതെന്ന് ഓര്‍ക്കുക, നിങ്ങളുടെ ആവശ്യവും കഴിവും അനുസരിച്ചുള്ള നിക്ഷേപം നടത്തുക.
ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയോ, ഇപ്പോള്‍ ചെയ്യാം
2020-21 സാമ്പത്തിക വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ നല്‍കാനുള്ള അവസാന തിയതി 2021 ഡിസംബര്‍ 31 ആയിരുന്നു. എന്നാല്‍ അപ്പോഴും ചെയ്യാനായിട്ടില്ലെങ്കില്‍ 2022 മാര്‍ച്ച് 31 ന് മുമ്പ് ചെയ്യാം. ആദായ നികുതി നിയമത്തിലെ 234എഫ് സെക്ഷന്‍ അനുസരിച്ച് 2.5 ലക്ഷം രൂപയ്ക്കും അഞ്ചു ലക്ഷം രൂപയ്ക്കും ഇടയിലുള്ള വരുമാനക്കാര്‍ക്ക് ആയിരം രൂപ പിഴയൊടുക്കി ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനാകും. അതേസമയം 5 ലക്ഷം രൂപയിലേറെയാണ് വരുമാനമെങ്കില്‍ 10,000 രൂപയാണ് പിഴ. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഴ തുക 5000 രൂപയായി കുറച്ചിട്ടുണ്ട്.


Related Articles

Next Story

Videos

Share it