അബദ്ധത്തില്‍ വിഴുങ്ങി, എയര്‍പോഡിന് എന്തുസംഭവിച്ചു?

എയര്‍പോഡും ചെവിയില്‍ വെച്ച് ഒന്ന് മയങ്ങിയതായിരുന്നു ബെന്‍ സു. എന്നാല്‍ എഴുന്നേറ്റപ്പോള്‍ ആപ്പിളിന്റെ വയര്‍ലസ് ഇയര്‍ബഡ് ആയ എയര്‍പോഡ് കാണുന്നില്ല. വീട് മുഴുവന്‍ തെരഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ 'ഫൈന്‍ഡ് മൈ ഐഫോണ്‍' ആപ്പ് ഉപയോഗിച്ച് ലൊക്കേഷന്‍ കണ്ടെത്തി. ഇതുവഴി എയര്‍പോഡ് മുറിക്കുള്ളില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. പക്ഷെ കൃത്യമായ സ്ഥലം കിട്ടാത്തതിനാല്‍ അത് കണ്ടെത്താനായില്ല. അപ്പോഴാണ് ഒരു ബുദ്ധി തോന്നുന്നത്. ബ്ലൂടൂത്തുമായി കണക്റ്റ് ചെയ്യുമ്പോള്‍ എയര്‍പോഡില്‍ നിന്ന് ശബ്ദം വരുമല്ലോ. കണക്റ്റ് ചെയ്തപ്പോള്‍ ബീപ്പ് ശബ്ദം വന്നത് സ്വന്തം വയറ്റില്‍ നിന്ന്!

ഉറങ്ങിയപ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങിയതാണ്. ബെന്‍ സൂ പേടിച്ച് ആശുപത്രിയിലേക്ക് ഓടി. എയര്‍പോഡ് വയറ്റിനുള്ളിലുണ്ടല്ലോ, സ്വാഭാവികമായിത്തന്നെ പുറത്തുവരട്ടെ എന്നായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. വയറ് ശുദ്ധിയാകാനുള്ള ഒരു മരുന്ന് മാത്രം ഡോക്ടര്‍ കൊടുത്തു. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയെ അനുസ്മരിപ്പിക്കുന്ന കാത്തിരുപ്പിലായി ബെന്‍ സു. ഒടുവില്‍ എയര്‍പോഡ് പുറത്തെത്തി. പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായ എയര്‍പോഡ്. വീണ്ടെടുത്തപ്പോള്‍ 41 ശതമാനം ബാറ്ററി ലൈഫുമുണ്ടായിരുന്നു.

എന്തായാലും ഈ സംഭവത്തോടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it