50 എം.പി ക്യാമറയുമായി മോട്ടോറോള എഡ്ജ് 40 5ജി

നിരവധി ആകര്‍ഷക മികവുകളുമായി മോട്ടോറോളയുടെ പുതിയ 5ജി സ്മാര്‍ട്ട്‌ഫോണായ മോട്ടോറോള എഡ്ജ് 40 5ജി (Motorola Edge 40 5G) വിപണിയിലെത്തി. പ്രീമിയം ഫീച്ചറുകളുമായി എത്തിയ ഫോണിന് 6.55 ഇഞ്ച് ഫുള്‍ എച്ച്.ഡി, പി.ഒ.എല്‍.ഇ.ഡി സ്‌ക്രീനാണുള്ളത് 144 ഹെട്‌സ് റീഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ മികച്ച ദൃശ്യാനുഭവം നല്‍കുമെന്ന് കമ്പനി പറയുന്നു. 2400x1080 പിക്‌സല്‍ റൊസോല്യൂഷനും എച്ച്.ഡി.ആര്‍ 10പ്ലസ് പിന്തുണയുമുള്ളതാണ് സ്‌ക്രീന്‍. 360 ഹെട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് മികച്ച ടച്ച് അനുഭവവും നല്‍കും.

സെല്‍ഫിയെടുക്കാന്‍ 32 എം.പി ക്യാമറ
ക്വാഡ് പിക്‌സല്‍ ടെക്‌നോളജി, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒ.ഐ.എസ്) എന്നീ സാങ്കേതികവിദ്യകളുടെ പിന്തുണയുള്ളതാണ് പിന്നിലെ ഇരട്ട-ക്യാമറ സംവിധാനം. എഫ്/1.4 അപെര്‍ച്ചര്‍ റേറ്റോട് കൂടിയതാണ് 50 എം.പി പ്രധാന ക്യാമറ. ഒപ്പമുള്ളത് 13 എം.പി അള്‍ട്രാ-വൈഡ് ആംഗിള്‍ ക്യാമറയും. ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തുന്ന നിരവധി ഫീച്ചറുകളും പിന്‍കാമറയ്‌ക്കൊപ്പമുണ്ട്.
ക്വാഡ് പിക്‌സല്‍ ടെക്‌നോളജിയുടെ പിന്തുണയുള്ളതാണ്, സെല്‍ഫി പ്രിയര്‍ക്കായുള്ള 32 എം.പി ഫ്രണ്ട് ക്യാമറ. എഫ്/2.4 അപ്പെര്‍ച്ചര്‍ റേറ്റോട് കൂടിയ ഈ സെല്‍ഫി ക്യാമറ ഉപയോഗിച്ച് 4കെ യു.എച്ച്.ഡി., എഫ്.എച്ച്.ഡി വീഡിയോകളും റെക്കോഡ് ചെയ്യാം.
പെര്‍ഫോമന്‍സ്
മീഡിയടെക് ഡൈമെന്‍സിറ്റി 8020 എസ്.ഒ.സി പ്രൊസസറുള്ള ഫോണിന്റെ റാം 8 ജിബിയാണ്. ഇന്റേണല്‍ സ്‌റ്റോറേജ് ശേഷി 256 ജിബി. ആന്‍ഡ്രോയിഡ് 13 ആണ് ഒ.എസ്. 15 ഡബ്ല്യു വയല്‍ലെസ് ചാര്‍ജിംഗ് സൗകര്യമുള്ളതാണ് 4400 എം.എ.എച്ച് ബാറ്ററി. 68 ഡബ്ല്യു ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിംഗ് സൗകര്യവുമുണ്ട്. 10 മിനിട്ട് കൊണ്ട് ദിവസം മുഴുവന്‍ നീളുന്ന ചാര്‍ജ് ഉറപ്പാക്കാമെന്ന് കമ്പനി പറയുന്നു.
വാട്ടര്‍ പ്രൊട്ടക്ഷനോട് കൂടിയ ഫോണിന് ഒതുക്കുമുള്ള രൂപകല്‍പനയാണുള്ളത്. ടൈപ്പ് സിയാണ് ചാര്‍ജിംഗ് സ്ലോട്ട്. മൂന്ന് മൈക്രോഫോണുകളുണ്ട്. ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകളും ഡോള്‍ബി അറ്റ്‌മോസ് ഓഡിയോ സംവിധാനവും മികച്ച ശബ്ദാനുഭവവും ഉറപ്പാക്കുന്നു.
വിലയും നിറവും
ഫോണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. മെയ് 30 മുതലാണ് വില്‍പന. ഫ്‌ളിപ്കാര്‍ട്ടിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും വാങ്ങാം. എക്ലിപ്‌സ് ബ്ലാക്ക്, ലൂണാര്‍ ബ്ലൂ, നെബുല ഗ്രീന്‍ നിറഭേദങ്ങളുണ്ട്. വില 29,999 രൂപ.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it