

പൊതുമേഖല സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ കടം 16,327 കോടി രൂപയാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിൽ ചോദ്യത്തിന് മറുപടിയായി കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി പെമ്മാസാനി ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വരുമാനം 2020-21 സാമ്പത്തിക വർഷത്തിലെ 17,467 കോടി രൂപയിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 23,424 കോടി രൂപയായി വർദ്ധിച്ചതായും മന്ത്രി അറിയിച്ചു.
സേവന നിലവാരം മെച്ചപ്പെടുത്തി ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചുകൊണ്ട് വരുമാനം വർദ്ധിപ്പിക്കാനുളള ശ്രമങ്ങളിലാണ് ബിഎസ്‌എൻഎൽ. ഒരു ലക്ഷം ടവറുകളിൽ 4ജി സേവനങ്ങൾ ബിഎസ്‌എൻഎല്‍ നിലവില്‍ സജീവമായി നല്‍കുന്നു. നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും സേവന നിലവാരവും വർദ്ധിപ്പിക്കുന്നതിനായി ടവർ സൈറ്റുകൾ ക്രമേണ വികസിപ്പിക്കാനുളള പദ്ധതികളിലാണ് സ്ഥാപനം.
ബി.എസ്.എന്‍.എല്‍ താരിഫ് ഉയർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ താരിഫ് വർദ്ധനവ് വർദ്ധിപ്പിച്ചതിന് ശേഷം സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ വീണ്ടും താരിഫ് വർദ്ധനവ് നടത്താൻ പദ്ധതിയിടുന്ന സമയത്താണ് മന്ത്രിയുടെ പ്രസ്താവന.
എംടിഎൻഎല്ലിന് ഏകദേശം 34,576 കോടി രൂപയുടെ കടമാണ് ഉളളത്, 8,584 കോടി രൂപയുടെ ബാങ്ക് വായ്പയും ഉണ്ട്. എംടിഎൻഎല്ലിനെ ബിഎസ്‌എൻഎല്ലുമായി ലയിപ്പിക്കാൻ നിലവിൽ പദ്ധതിയില്ലെന്നും പെമ്മാസാനി ചന്ദ്രശേഖര്‍ പറഞ്ഞു.
മെയ് അവസാനത്തോടെ ബിഎസ്‌എൻഎല്ലിന് 9.07 കോടി വരിക്കാരാണ് ഉണ്ടായിരുന്നത്. 7.8 ശതമാനം ആയിരുന്നു വിപണി വിഹിതം. ജൂൺ അവസാനത്തോടെ ജിയോയ്ക്ക് 49 കോടി ഉപയോക്താക്കളും മാർച്ച് അവസാനത്തോടെ എയർടെല്ലിന് 36.2 കോടി ഉപയോക്താക്കളുമാണ് ഉണ്ടായിരുന്നത്.
അതേസമയം, ടെലികോം മേഖലയുടെ വരുമാനം 2020-21 സാമ്പത്തിക വർഷത്തിലെ 2.73 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 3.79 ലക്ഷം കോടി രൂപയായി വളർന്നു. ഏകദേശം 8.5 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് (CAGR) ടെലികോം വ്യവസായം പ്രകടിപ്പിക്കുന്നത്.
Despite ₹16,327 crore debt, BSNL boosts revenue by expanding 4G services and network connectivity.
Read DhanamOnline in English
Subscribe to Dhanam Magazine