5ജിക്കായുള്ള കാത്തിരിപ്പ്; 6G ടെക്‌നോളജിയെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി
5ജി ടെക്‌നോളജി പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെ ആയി. പക്ഷെ 5ജി മാത്രം ഇതുവരെ എത്തിയിട്ടില്ല. 5ജി ഫോണുകളുമായി ഒരു വിഭാഗം കാത്തിരിപ്പ് തുടരുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 6ജി പരാമര്‍ശം എത്തുന്നത്.
ഈ ദശകത്തിന്റെ അവസാനത്തോടെ രാജ്യത്ത് 6ജി അവതരിപ്പിക്കുമെന്നാണ് മോദി പറഞ്ഞത്. അതിനായി ഒരു ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പുരോഗതി തീരുമാനിക്കുന്നത് കണക്ടിവിറ്റിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ടെലികോം അതോറിറ്റിയുടെ (ട്രായി) ഇരുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഐഐടി മദ്രാസിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ 5ജി ടെസ്റ്റ് ബെഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കമ്പനികള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ 5ജി നെറ്റ്‌വര്‍ക്കില്‍ പരീക്ഷിക്കാനുള്ള അവസരമാണ് 5ജി ടെസ്റ്റ് ബെഡ് ഒരുക്കുന്നത്.
2Gയില്‍ നിന്ന് 6Gയിലേക്ക്
രാജ്യത്ത് ആദ്യമായി 2ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നത് 1991ല്‍ ആണ്. 2ജി എത്തി 17 വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ആണ് 3ജി നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ എത്തുന്നത്. ഇതിനിടയില്‍ 2ജി സ്‌പെക്ട്രം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അഴിമതികളും പുറത്തുവന്നു. ഡല്‍ഹിയിലും മുംബൈയിലുമൊക്കെ എത്തിയ 3ജി സേവനം ബിഎസ്എന്‍എല്‍ കേരളത്തില്‍ കൊണ്ടുവന്നത് പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞാണ്.
3ജിയില്‍ നിന്ന് 4ജിയിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരുന്നു. 3ജി എത്തി വെറും നാല് വര്‍ഷത്തിനുള്ളില്‍ 4ജി നെറ്റ്‌വര്‍ക്ക് ഇന്ത്യക്കാര്‍ ഉപയോഗിച്ചു. കഴിഞ്ഞ ഏപ്രില്‍ 10ന് രാജ്യത്ത് 4ജി എത്തിയിട്ട് പത്തു വര്‍ഷം തികഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റ് 15ന് 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍-ജൂലൈയില്‍ 5ജി സ്‌പെക്ട്രം വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ പദ്ധതി.
5ജി സേവനത്തിന് ഉപയോഗിക്കുന്ന ഇറക്കുമതി ചെയ്ത ഉപകരണങ്ങളൊക്കെ ഇന്ത്യയിലെ തെരഞ്ഞെടുത്ത ലാബുകളില്‍ ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. ജൂലൈ ഒന്ന് വരെയാണ് ഈ പരിശോധനകള്‍ക്ക് അനുവതിച്ചിരിക്കുന്ന സമയം. എന്നാല്‍ ലാബുകളുടെ മെല്ലപ്പോക്ക് മൂലം സമയപരിധി 2023 ജനുവരി ഒന്ന് വരെ നീട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. ഇത്തരം പരിശോധനകളിലെ കാലതാമസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭിക്കുന്നത് താമസിപ്പിച്ചേക്കാം.
ദക്ഷിണ കൊറിയ ലോകത്തെ ആദ്യ 5ജി നെറ്റ്‌വര്‍ക്ക് എത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ സേവനം ലഭ്യമാവാന്‍ പോവുന്നത്. 2025ഓടെ ലോകത്തെ 65 ശതമാനം ആളുകളിലേക്കും 5ജി നെറ്റ്‌വര്‍ക്ക് എത്തുമെന്നാണ് സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി പറഞ്ഞതുപോലെ ആണെങ്കില്‍ 5ജി എത്തി എട്ടുവര്‍ഷത്തിനുള്ളില്‍ രാജ്യം 6ജിയിലേക്ക് ചുവടുവയ്ക്കും.