മാസം ഒരു ലക്ഷം വരെ സമ്പാദിച്ചിരുന്ന ടിക്ടോക് ബോയ്; നിരോധനമെത്തിയതോടെ ജീവിതം മാറി

ടിക്ടോകിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന അഭിജീത്തിന്റെ ജീവിതം മാറിമറിഞ്ഞത് ഒറ്റരാത്രി കൊണ്ടാണ്‌
Pic Courtesy : https://www.instagram.com/abhijeet_adele/
Pic Courtesy : https://www.instagram.com/abhijeet_adele/
Published on

ഏറെ ജനപ്രിയത ഉണ്ടായിരുന്ന വീഡിയോ മേക്കിംഗ് ആപ്പാണ് ടിക്ടോക്. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഈ ആപ്പ് 2020 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് നിരോധിച്ചത്.

എന്നാല്‍ മറുവശം നോക്കുകയാണെങ്കില്‍, നിരവധി ഇന്ത്യക്കാര്‍ ടിക്ടോകിനെ ആശ്രയിച്ച് വരുമാനമുണ്ടാക്കുന്നവരായിരുന്നു. വരുമാനത്തിനു പുറമെ, മുമ്പൊരിക്കലും ലഭിക്കാതിരുന്ന കഴിവുകള്‍ പുറത്തെടുക്കാനുള്ള അവസരം കൂടിയായിരുന്നു പലര്‍ക്കും ടിക്ടോക്. നിരവധി കൗമാരക്കാരും ചെറുപ്പക്കാരും ടിക്ടോക് ജീവിതത്തിന്റെ ഭാഗമാക്കി. അത്തരത്തില്‍ ഒരാളായിരുന്നു തുംക ബോയ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അഭിജീത് സിംഗ്.

മറ്റേതൊരു ടിക്ടോക് സ്റ്റാറിനെയും പോലും ഒറ്റ രാത്രി കൊണ്ട് അഭിജീത്തിന്റെ ജീവിതവും മാറിമറിഞ്ഞു. നിരോധനം ഏര്‍പ്പെടുത്തപ്പെട്ടതോടെ തനിക്ക് ടിക്ടോക് വഴി ലഭിച്ചിരുന്ന മാസവരുമാനം നിലച്ചു. പത്തു ലക്ഷത്തില്‍ അധികം ഫോളോവര്‍മാരുണ്ടായിരുന്ന അഭിജീത്തിന് മാസത്തില്‍ ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമായിരുന്നു.

ടിക്ടോക് നിരോധിച്ചതോടെ, ഇന്‍സ്റ്റഗ്രാമിലേക്ക് കൂടുമാറിയെങ്കിലും അത്രയും വരുമാനം നേടിയെടുക്കാന്‍ അഭിജീത്തിന് ഇതുവരെ ആയിട്ടില്ല. ഫ്രീലാന്‍സ് ഗ്രാഫിക് ഡിസൈനറായി വരുമാനമുണ്ടാക്കാനാണ് അഭിജീത്തിന്റെ പുതിയ പ്ലാന്‍. എങ്കിലും ഒരു ദിവസം ടിക്ടോക് ആപ്പ് ഇന്ത്യയില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അഭിജീത്ത്.

വരുമാന മാര്‍ഗം മാത്രമായിരുന്നില്ല തനിക്ക് ടിക്ടോക്കെന്നും കലാപ്രകടന വേദി കൂടിയായിരുന്നുവെന്നും അഭിജീത്ത് പറയുന്നു. ടിക്ടോകിലൂടെയാണ് തന്റെ ഡാന്‍സ് പുറംലോകത്തെ കാണിക്കാനായത്. ക്ലാസിലും സ്‌കൂളിലും ഡാന്‍സ് അവതരിപ്പിക്കുമ്പോള്‍ പലരും കളിയാക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ ടിക്ടോകില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഓരോ വീഡിയോകള്‍ വൈറലാവുമ്പോഴും വലിയ ആത്മവിശ്വാസമാണ് ലഭിച്ചതെന്നും അഭിജീത്ത് പറയുന്നു.

ടിക്ടോക് നിരോധിച്ചപ്പോള്‍ സ്വപ്‌നം അവസാനിച്ച പോലെയായിരുന്നു. ആദ്യഘട്ടത്തില്‍ വലിയ പ്രയാസം അനുഭവപ്പെട്ടു. ടിക്ടോകില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ, ജര്‍മന്‍ കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി കിട്ടിയപ്പോഴൊന്നും പോയില്ല. ജോലി വേണ്ടെന്നും ടിക്ടോകില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു ആഗ്രഹം. ടിക്ടോക് നിരോധിച്ചതോടെ കമ്പനിയെ സമീപിച്ചെങ്കിലും, തങ്ങള്‍ 200 തൊഴിലാളികളെ പിരിച്ചുവിട്ടുവെന്ന സന്ദേശമാണ് ലഭിച്ചത്. അതോടെ ആ വാതിലും അടഞ്ഞു.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ബന്ധം ഉപയോഗിച്ചും ഗ്രാഫിക് ഡിസൈന്‍ ചെയ്തും മാസത്തില്‍ 30,000 രൂപയാണ് വരുമാനമുണ്ടാക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഇതുവരെ നേരിട്ട് പണം ലഭിച്ചിട്ടില്ലെന്ന് അഭിജീത്ത് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com