ഇന്ത്യയില്‍ മാസ് എന്‍ട്രിക്ക് അല്‍ക്കാടെല്‍, നോക്കിയ (എച്ച്.എം.ഡി), ഏസര്‍ ബ്രാന്‍ഡുകള്‍; ഇത്തവണ ലക്ഷ്യം ജെന്‍ സി?

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായിട്ടും 40 ശതമാനം ജനങ്ങളുടെ പക്കലും സ്മാര്‍ട്ട് ഫോണ്‍ ഇല്ലെന്നും പഠനം
indian women with a mobile phone smiling
Canva
Published on

ഒരുകാലത്ത് ഇന്ത്യയില്‍ തരംഗമായിരുന്ന ആഗോള മൊബൈല്‍ ബ്രാന്‍ഡുകള്‍ വീണ്ടും തിരിച്ചെത്തുന്നു. തദ്ദേശീയ പങ്കാളികളുമായി സഹകരിച്ചാണ് ഇവരുടെ വിപണി പ്രവേശനം. ഫ്രഞ്ച് ബ്രാന്‍ഡായ അല്‍ക്കാടെല്‍, വിയറ്റ്‌നാമീസ് ബ്രാന്‍ഡായ ഏസര്‍ എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നത്.

ഫിന്നിഷ് ഫോണ്‍ നിര്‍മാതാക്കളായ എച്ച്.എം.ഡി ഗ്ലോബലും ഇന്ത്യയില്‍ പിടിമുറുക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ മൈക്രോസോഫ്റ്റില്‍ നിന്നും നോക്കിയ ബ്രാന്‍ഡ് സ്വന്തമാക്കിയ കമ്പനിയാണ് എച്ച്.എം.ഡി. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ നോക്കിയ ബ്രാന്‍ഡിംഗ് ഉപേക്ഷിച്ച കമ്പനി സ്വന്തം പേരിലാണ് ഫോണുകള്‍ നിര്‍മിക്കുന്നത്. ട്രംപിന്റെ വ്യാപാര യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ചൈനയിലെ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ പദ്ധതിയിട്ട കമ്പനി കൂടിയാണ് എച്ച്.എം.ഡി.

വലിയ ലക്ഷ്യങ്ങള്‍

ആദ്യഘട്ടത്തില്‍ 15,000 - 20,000 രൂപ വിലയില്‍ ഫോണ്‍ ഇറക്കാനാണ് അല്‍ക്കാടെല്ലിന്റെ പദ്ധതി. പതിയെ എല്ലാ സെഗ്‌മെന്റിലും ഫോണുകള്‍ വിപണിയിലെത്തിക്കും. അടുത്ത 45-60 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ ഫോണ്‍ വിപണിയില്‍ എത്തിക്കുമെന്നും അല്‍കാടെല്‍ ഇന്ത്യ ചീഫ് ബിസിനസ് ഓഫീസര്‍ അതുല്‍ വിവേക് പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോപ് ത്രീ മൊബൈല്‍ ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് നെക്സ്റ്റ്‌സെല്‍ ഇന്ത്യ(NXTCell India) എന്ന കമ്പനിയുമായി ചേര്‍ന്നാണ് അല്‍ക്കാടെല്ലിന്റെ പ്രവര്‍ത്തനം. ആഗോള ബ്രാന്‍ഡായ ടി.സി.എല്‍ കമ്യൂണിക്കേഷന്റെ നിയന്ത്രണത്തിലുള്ള അല്‍കാടെല്ലിനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിക്കാന്‍ 260 കോടി രൂപയാണ് ആദ്യഘട്ടമായി നെക്സ്റ്റ്‌സെല്‍ ഇന്ത്യ മുടക്കുന്നത്. രാജ്യത്ത് റിയല്‍മീ അടക്കമുള്ള ബ്രാന്‍ഡുകളെ പ്രശസ്തമാക്കിയ മാധവ് സേത്താണ് കമ്പനിയുടെ സഹസ്ഥാപകരില്‍ ഒരാളെന്നതും ശ്രദ്ധേയം.

ഏസറും കളത്തിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ പദ്ധതിയിടുന്ന ഏസറും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കഴിഞ്ഞ ആഴ്ച കമ്പനി രണ്ട് ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ വഴിയാണ് വില്‍പ്പന.9,990 രൂപ മുതലാണ് ഫോണുകളുടെ വില. ഇന്ത്യയില്‍ ഏസര്‍ ഫോണുകള്‍ നിര്‍മിക്കാനുള്ള അവകാശം ഇന്‍ഡ്കല്‍ (IndKal) എന്ന കമ്പനിക്കാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണിയില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാക്കാനാണ് കമ്പനിയുടെ പദ്ധതി. ബജറ്റ് ഫോണുകള്‍ മുതല്‍ 60,000 രൂപ വിലയുള്ള പ്രീമിയം ഫോണുകള്‍ വരെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. ഗംഭീര ഫീച്ചറുകളോടെയുള്ള സ്‌റ്റൈലസ് അടങ്ങിയ ഫോണ്‍ ബജറ്റ് വിലയില്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാന്‍. അടുത്തിടെ മോട്ടോറോളയും അവരുടെ എഡ്ജ് 60 ഫോണില്‍ സ്‌റ്റൈലസ് നല്‍കിയിരുന്നു.

40 ശതമാനം ജനതക്ക് സ്മാര്‍ട്ട്‌ഫോണില്ല

ചില പഠനങ്ങള്‍ പറയുന്നത് രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനം ആളുകള്‍ മാത്രമാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉടമകളെന്നാണ്. നിലവിലെ ഉടമകള്‍ തന്നെ രണ്ട് മുതല്‍ മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയില്‍ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വിപണിയില്‍ സാധ്യതകള്‍ ഏറെയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 96 ശതമാനവും 10 കമ്പനികളുടെ പക്കലാണ്. മികച്ച വിലയില്‍ കിടിലം ഫീച്ചറുകളുമായി ഫോണ്‍ ഇറക്കിയാല്‍ പുതിയ കമ്പനികള്‍ക്കും വിപണി പിടിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ കൊല്ലത്തെ വില്‍പ്പന ഇങ്ങനെ

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ വില്‍പ്പന നടന്നത് 15.59 കോടി സ്മാര്‍ട്ട്‌ഫോണുകളാണെന്ന് ടെക്‌നോളജി മാര്‍ക്കറ്റ് അനലിസ്റ്റ് കമ്പനിയായ കനാലിസിന്റെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് വിറ്റ ഫോണുകളില്‍ 44 ശതമാനവും വാങ്ങിയത് ജെന്‍ സിയില്‍ (Gen Z -1997നും 2012നും ഇടയില്‍ പിറന്നവര്‍) പെട്ടവരാണെന്ന് മാനേജിംഗ് കണ്‍സള്‍ട്ടെന്‍സി സ്ഥാപനമായ പ്രാക്‌സിസ് ഗ്ലോബല്‍ അലയന്‍സിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. തിരിച്ചുവരവില്‍ ഇവരെ കൂടുതല്‍ ലക്ഷ്യം വെച്ചാകും കമ്പനികളുടെ നീക്കമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Acer, HMD Global, and Alcatel gear up for a major comeback in India's smartphone market with new launches, local manufacturing, and strategic investments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com