എ.ഐ വൈകാതെ കോള്‍ സെന്ററുകളെ ഇല്ലാതാക്കും: ടി.സി.എസ് സി.ഇ.ഒ കെ. കൃതിവാസന്‍
ഏഷ്യയിലുടനീളമുള്ള കോള്‍ സെന്ററുകളെ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധി ഇല്ലാതാക്കുമെന്ന് ടി.സി.എസ് സി.ഇ.ഒ കെ. കൃതിവാസന്‍. ഇതുവരെയും എ.ഐയുടെ പേരില്‍ കോള്‍ സെന്റര്‍ ജോലികള്‍ വെട്ടിക്കുറച്ചിട്ടില്ലെങ്കിലും, മള്‍ട്ടിനാഷണല്‍ ക്ലയന്റുകള്‍ക്കിടയില്‍ ജനറേറ്റീവ് എ.ഐയുടെ സ്വീകാര്യത വ്യാപകമാകുന്നതോടെ പരമ്പരാഗത കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചേക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇനി ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുന്ന വളരെ കുറച്ച് കോള്‍ സെന്ററുകളേ ഉണ്ടാകൂ എന്നും കോളുകള്‍ മുന്‍കൂട്ടി അറിയാനും തുടര്‍ന്ന് ഉപഭോക്താവിന്റെ പരാതിയെ മുന്‍കൂട്ടി അഭിസംബോധന ചെയ്യാനും സാങ്കേതികവിദ്യയ്ക്ക് കഴിയണമെന്നും ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ന് നാം നില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഉപഭോക്തൃ ഇടപാടുകള്‍ വിശകലനം ചെയ്യുന്നതിനും കോള്‍ സെന്റര്‍ ഏജന്റുമാര്‍ കൈകാര്യം ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കുന്നതിനുമായി ജനറേറ്റീവ് എ.ഐ സജ്ജീകരിച്ച ചാറ്റ്‌ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുന്നറിയിപ്പും നല്‍കി
നാസ്‌കോമിന്റെ കണക്കുകള്‍ പ്രകാരം 48.9 ബില്യണ്‍ ഡോളര്‍ (4.1 ലക്ഷം കോടി രൂപ) മൂല്യം വരുന്ന ഐ.ടി, ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് വ്യവസായത്തില്‍ 50 ലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ടി.സി.എസിന് 6 ലക്ഷത്തിലധികം തൊഴിലാളികളും 30 ബില്യണ്‍ ഡോളറിന്റെ (2.5 ലക്ഷം കോടി രൂപ) വാര്‍ഷിക വരുമാനവും ഉണ്ട്. 90 കോടി ഡോളറിന്റെ ജനറേറ്റീവ് എ.ഐ പ്രോജക്ടുകളുടെ പ്ലാന്‍ ടി.സി.എസിന് ഉണ്ടെന്നും കൃതിവാസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലവില്‍ സാങ്കേതിക മേഖലയില്‍ എ.ഐയുടെ സ്വാധീനത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉടനടി നേട്ടങ്ങള്‍ നല്‍കുന്നതിനാല്‍ ജനറേറ്റീവ് എ.ഐയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ കെ. കൃതിവാസന്‍ മുന്നറിയിപ്പും നല്‍കി. ജനറേറ്റീവ് എ.ഐയെ അമിതമായി ആശ്രിക്കുന്നതിന്റെ ആഘാതം ദീര്‍ഘകാലം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.