Begin typing your search above and press return to search.
ടിക് ടോക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇന്ത്യ; കാരണമിതാണ്
ടിക്ക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം, നികുതി വെട്ടിപ്പ് നടത്തിയതായി ചൂണ്ടിക്കാട്ടി ഇന്ത്യ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അതേസമയം
കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ ബൈറ്റ്ഡാന്‍സ് കോടതിയെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ ഹൈക്കോടതിയിലാണ് ബൈറ്റ് ഡാന്‍സ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞയാഴ്ചയോടെയാണ് സിറ്റി ബാങ്കിലും എച്ച്എസ്ബിസി ബാങ്കിലുമുള്ള ബൈറ്റ് ഡാന്‍സിന്റെ രണ്ട് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. ഓണ്‍ലൈന്‍ പരസ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നെന്ന് ആരോപിച്ചായിരുന്നു ഇത്.
ബൈറ്റ് ഡാന്‍സ് ഇന്ത്യയ്ക്കും സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിക്ടോക് പ്രൈവറ്റ് ലിമിറ്റഡിനും എതിരായാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ബൈറ്റ്ഡാന്‍സിന്റെ ഏറ്റവും ജനപ്രിയ ആപ്പായിരുന്ന ടിക്ടോക്കിനും ഹലോയ്ക്കുമായി ഉണ്ടായിരുന്ന രാജ്യത്തെ പകുതിയോളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നെങ്കിലും ഇപ്പോഴും ഇന്ത്യയില്‍ 1300 ഓളം ജീവനക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബൈറ്റ് ഡാന്‍സിനെ പണം പിന്‍വലിക്കാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വെറും പത്ത് ദശലക്ഷം ഡോളര്‍ മാത്രമാണ് തങ്ങളുടെ അക്കൗണ്ടുകളിലായി ഉള്ളതെന്ന് ബൈറ്റ്ഡാന്‍സ് ഹര്‍ജിയില്‍ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും ശമ്പളവും നികുതി അടവും മുടങ്ങിയ നിലയിലാണ് തങ്ങളെന്നും കമ്പനി വാദിക്കുന്നു.
Next Story
Videos