

ലോകത്തെ ഏറ്റവും മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ വികസിപ്പിക്കുകയോ സെമികണ്ടക്ടർ നിർമാണത്തിൽ അമേരിക്കയോടും ചൈനയോടും മത്സരിക്കുകയോ ചെയ്യാതെ തന്നെ, ആഗോള എഐ വിപ്ലവത്തിന്റെ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഡോയ്ചെ ബാങ്ക് (Deutsche Bank).
സമ്പദ്‌വ്യവസ്ഥയുടെ വിവിധ വ്യവസായ-സേവന മേഖലകളിലേക്ക് നിലവിലുള്ള എഐ സാങ്കേതികവിദ്യകൾ, അതിവേഗം പ്രയോജനപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ അവസരമെന്ന് ബാങ്കിന്റെ ‘ആസ്ക് ഇന്ത്യ: കാൻ ഇന്ത്യ വിൻ ബാറ്റിങ് സെക്കൻഡ്?’ (Ask India: Can India win batting second?) എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എഐയിലെ പുതിയ കണ്ടുപിടിത്തങ്ങൾക്കായി കാത്തുനിൽക്കുന്നതിനേക്കാൾ, സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള പ്രയോഗവത്കരണത്തിനാണ് ഇന്ത്യ മുൻഗണന നൽകേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മുൻകാല സാങ്കേതിക വിപ്ലവങ്ങളേക്കാൾ അതിവേഗത്തിലാണ് എഐയുടെ വ്യാപനം. നീരാവി ശക്തിയിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ (steam engine) വികസ്വര-താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെത്താൻ 80 വർഷവും വൈദ്യുതിക്ക് 40 വർഷവും ഇന്റർനെറ്റിന് 20 വർഷവുമാണ് വേണ്ടിവന്നത്. എന്നാൽ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടി (ChatGPT) വ്യാപകമായ ഉപയോഗത്തിലെത്തിയത് കേവലം ആറു മാസത്തിനുള്ളിലാണ്. സാങ്കേതികവിദ്യയുടെ ഈ അസാധാരണമായ വേഗം ഉചിതമായി പ്രയോജനപ്പെടുത്തിക്കൊണ്ട്, എഐ അധിഷ്ഠിത സേവനങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ സമസ്ത മേഖലകളിലേക്കും വ്യാപിക്കാനായാൽ ഇന്ത്യയ്ക്ക് വലിയ തോതിലുള്ള ഉൽപാദനക്ഷമതാ വളർച്ച കൈവരിക്കാൻ സാധിക്കുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
താഴ്ന്ന നിരക്കിലുള്ള ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ വ്യാപനം, ആധാർ കാർഡ്, ജൻധൻ അക്കൗണ്ടുകൾ, യുപിഐ എന്നിവ ഉൾപ്പെടുന്ന ശക്തമായ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തെ ഇന്റർനെറ്റ് ലഭ്യത 15 ശതമാനത്തിൽനിന്ന് 70 ശതമാനമായി ഉയർന്നു. ബാങ്ക് അക്കൗണ്ടുള്ളവരുടെ അനുപാതം 2014-ലെ 50 ശതമാനത്തിൽ നിന്ന് ഇപ്പോൾ 90 ശതമാനത്തോടടുത്തു.
ഈ ഡിജിറ്റൽ സംവിധാനങ്ങൾ ഇതിനകം നിലവിലുള്ളതിനാൽ പുതിയ അടിസ്ഥാനസൗകര്യങ്ങൾ ആദ്യം മുതൽ നിർമിക്കാതെ തന്നെ, എഐ സേവനങ്ങൾ ജനങ്ങളിലേക്ക് അതിവേഗത്തിൽ വ്യാപിപ്പിക്കാൻ കഴിയും. നിലവിലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് വിപണിയിൽ ലഭ്യമായ എഐ സോഫ്റ്റ്‌വെയറുകൾ കൂട്ടിച്ചേർത്ത് വളർച്ച കൈവരിക്കുന്ന ഈ സമീപനത്തെ ഡോയ്ചെ ബാങ്ക് വിശേഷിപ്പിക്കുന്നത് ‘ഇൻഫ്രാസ്ട്രക്ചർ-ലൈറ്റ്’ (Infrastructure-light) തന്ത്രമെന്നാണ്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് തുടങ്ങിയ സുപ്രധാന മേഖലകളിലാണ് എഐയ്ക്ക് ഏറ്റവുമധികം വളർച്ചാ സാധ്യതയുള്ളത്. കൃഷിയിൽ വിളവിന്റെ തോത് പ്രവചിക്കുന്നതും, കീടരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും, കൃഷിരീതികൾ മെച്ചപ്പെടുത്താനും ഒക്കെ എഐ സഹായകമാകും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളിലേക്ക് ഗുണമേന്മയുള്ള സേവനങ്ങൾ എത്തിക്കാനും ഇതിലൂടെ കഴിയും.
പ്രതിവർഷം ഏകദേശം 1.1 കോടി ബിരുദധാരികളെ സൃഷ്ടിക്കുന്ന ഇന്ത്യയ്ക്ക്, എഐ വികസനത്തിനും വിനിയോഗത്തിനും ആവശ്യമായ വലിയ മനുഷ്യവിഭവശേഷി സ്വന്തമായുണ്ട്. ആഗോളതലത്തിൽ എഐ നൈപുണ്യത്തിന്റെ വ്യാപനത്തിൽ (AI Talent) ഇന്ത്യ മുന്നിലാണുള്ളത്. രാജ്യത്തെ സാങ്കേതികവിദ്യാ മേഖലകളിലെ സജീവ തൊഴിലവസരങ്ങൾ ഈ മാസം റെക്കോർഡ് നിലവാരമായ 1.3 ലക്ഷത്തിലെത്തി. വാർഷികമായി 27 ശതമാനം വളർച്ചയാണിത്.
2028-ഓടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയിലെത്തുമെന്ന കണക്കുകൾ എഐ സേവനങ്ങൾക്ക് വലിയ ആഭ്യന്തര വിപണിയാണ് തുറന്നുനൽകുന്നത്. ആഭ്യന്തര-വിദേശ കമ്പനികളുടെ വൻ നിക്ഷേപത്തോടെ ആഗോള ഡാറ്റ സെന്റർ കേന്ദ്രമായി വളരാനുള്ള സാധ്യതയും ഇന്ത്യയ്ക്കുണ്ട്. ചുരുക്കത്തിൽ, എഐ സാങ്കേതികവിദ്യയുടെ ഉടമസ്ഥതയേക്കാൾ അതിന്റെ വ്യാപകമായ പ്രയോഗവത്കരണത്തിലൂടെ ഉൽപാദനക്ഷമതയും സേവനലഭ്യതയും മെച്ചപ്പെടുത്തുന്നതിലാണ് ഇന്ത്യയുടെ വിജയ സാധ്യതയെന്നാണ് ഡോയ്ചെ ബാങ്കിന്റെ വിലയിരുത്തൽ.
Deutsche Bank says India could become a major beneficiary of the AI revolution by rapidly deploying existing AI technologies across sectors, leveraging its digital infrastructure, workforce and large domestic market.
Read DhanamOnline in English
Subscribe to Dhanam Magazine