ചാറ്റ്ജിപിടിയില്‍ മിന്നുന്ന ബ്രാന്‍ഡെല്ലാം പൊന്നല്ല! എ.ഐ ഉത്തരങ്ങളില്‍ ബ്രാന്‍ഡുകളുടെ തള്ളിക്കയറ്റം; മികച്ചവ പിന്‍നിരയില്‍

ബ്രാൻഡുകളുടെ പേര് നേരിട്ട് ചോദിക്കുമ്പോൾ എ.ഐ പ്ലാറ്റ്‌ഫോമുകളിൽ അവയ്ക്ക് കൂടുതൽ സാന്നിധ്യമുണ്ട്; എന്നാൽ പേരുകൾ നൽകാതെ മികച്ച ഉൽപ്പന്നങ്ങളോ സേവനങ്ങളോ ചോദിക്കുമ്പോൾ സാന്നിധ്യം ഗണ്യമായി കുറയുന്നു; ഇത് ഡിജിറ്റൽ മാർക്കറ്റിംഗിൽ എ.ഐ ശുപാർശകളുടെ പ്രാധാന്യം വ്യക്തമാക്കുന്നു
Brands in AI recommendations and SEO Outlook
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ചാറ്റ്ജിപിടിയോടോ ഗൂഗിൾ ജെമിനിയോടോ വിപണിയിലെ ഒരു പ്രമുഖ ബ്രാൻഡിന്റെ പേരെടുത്ത് ചോദിച്ചാൽ അവയെക്കുറിച്ചുള്ള വിശദവും അനുകൂലവുമായ വിവരണം എളുപ്പത്തിൽ ലഭിക്കും. എന്നാൽ അതേ കാറ്റഗറിയിലെ ഏറ്റവും മികച്ച ചോയ്‌സുകൾ ഏതെന്ന് പൊതുവായി ചോദിച്ചാൽ പ്രമുഖ കമ്പനികൾ പോലും ശുപാർശ പട്ടികയിൽ നിന്ന് അപ്രത്യക്ഷമാകും. പേര് പറഞ്ഞാലുള്ള കേവല തിരിച്ചറിയലും (Brand Recognition), വിപണിയിൽ സ്വമേധയാ തിരഞ്ഞെടുക്കപ്പെടുന്ന കണ്ടെത്തലും (Discovery) തമ്മിലുള്ള ഈ വലിയ അന്തരത്തിലാണ് പുതിയ കാലത്ത് ബിസിനസുകൾ ജയിക്കുന്നതും തോൽക്കുന്നതുമെന്ന് എ.ഐ വിസിബിലിറ്റി പ്ലാറ്റ്‌ഫോമായ 'ന്യൂറോറാങ്ക്' (NeuroRank) നടത്തിയ ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. പല മാർക്കറ്റിംഗ് വിദഗ്ദ്ധരും തിരിച്ചറിയലിനെ കണ്ടെത്തലായി തെറ്റിദ്ധരിക്കുകയാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തിരിച്ചറിയൽ മാത്രമല്ല കണ്ടെത്തൽ

2026 മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ ചാറ്റ്ജിപിടി, ജെമിനി, ക്ലോഡ്, പെർപ്ലെക്സിറ്റി തുടങ്ങിയ മുൻനിര എ.ഐ പ്ലാറ്റ്‌ഫോമുകളിലായി ഒൻപത് പ്രധാന വ്യവസായ മേഖലകളിലെ 122 ബ്രാൻഡുകളെ ഉൾപ്പെടുത്തി നടത്തിയ 7,580 പ്രോംപ്റ്റുകൾ അടിസ്ഥാനമാക്കിയാണ് 'ന്യൂറോറാങ്ക് എ.ഐ വിസിബിലിറ്റി ഇൻഡക്സ് 2026' തയ്യാറാക്കിയത്.

  • ഒരു ബ്രാൻഡിന്റെ പേര് നേരിട്ട് പരാമർശിച്ചുള്ള ചോദ്യങ്ങളിൽ 56.2% തവണയും കൃത്യമായ വിവരങ്ങളോടെയുള്ള ശക്തമായ സാന്നിധ്യം (High Inclusion) നിലനിർത്താൻ ബ്രാൻഡുകൾക്ക് സാധിച്ചു.

  • എന്നാൽ പ്രത്യേക പേരുകൾ നൽകാതെ അതത് മേഖലകളിലെ ഏറ്റവും മികച്ച ഓപ്ഷനുകൾ ആവശ്യപ്പെട്ടപ്പോൾ ബ്രാൻഡുകളുടെ സാന്നിധ്യം വെറും 17.8% ആയി കുത്തനെ ഇടിഞ്ഞു.

  • രണ്ട് രീതിയിലും ഒരേപോലെ പരീക്ഷിച്ച 82 ബ്രാൻഡുകളിൽ 51 എണ്ണവും പേര് നൽകിയപ്പോൾ 50 ശതമാനത്തിലധികം സാന്നിധ്യം ഉറപ്പാക്കിയെങ്കിലും, എ.ഐ സ്വയം മികച്ചവയെ തിരഞ്ഞെടുത്തപ്പോൾ മൂന്ന് ബ്രാൻഡുകൾക്ക് മാത്രമാണ് ഈ നിർണായക നേട്ടം കൈവരിക്കാനായത്.

ബ്രാൻഡിന്റെ പേര് നൽകിയ ശേഷം മാത്രം വിവരങ്ങൾ ലഭിക്കുന്നത് ഉപഭോക്താക്കൾ ഇതിനകം ആ കമ്പനിയെ അറിയാം എന്നതുകൊണ്ട് മാത്രമാണെന്നും, ഒരു ബ്രാൻഡും പരാമർശിക്കാതെ ചോദിക്കുമ്പോൾ എ.ഐ ശുപാർശ ചെയ്യുന്നതിലാണ് യഥാർത്ഥ വിപണി വിജയമെന്നും ബിസിനസ് സ്ട്രാറ്റജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. എ.ഐ വിസിബിലിറ്റി അല്ല, മറിച്ച് എ.ഐയുടെ 'റെക്കമൻഡേഷൻ' ആണ് നേരിട്ട് പുതിയ ബിസിനസ് കൊണ്ടുവരുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ.

ശുപാർശകളാണ് പുതിയ പോർക്കളം

ഒരു ഉപഭോക്താവ് വിപണിയിലെ മികച്ച സോഫ്റ്റ്‌‍വെയറുകൾ ഏതൊക്കെയാണെന്ന് ചോദിക്കുമ്പോഴല്ല, മറിച്ച് തന്റെ പ്രത്യേക ബിസിനസ് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്ന് തിരയുമ്പോഴാണ് യഥാർത്ഥ വാങ്ങൽ തീരുമാനം ഉണ്ടാകുന്നത്. പരമ്പരാഗത സെർച്ച് എൻജിനുകളെ ഉപേക്ഷിച്ച് ഉപഭോക്താക്കൾ ഇപ്പോൾ 16 മുതൽ 20 മിനിറ്റ് വരെയാണ് എ.ഐ ചാറ്റുകളിൽ ഉൽപ്പന്നങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ചെലവഴിക്കുന്നത്. ചാറ്റ് ഉത്തരങ്ങളിൽ വരുന്ന പുറത്തുനിന്നുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരുടെ നിരക്ക് വെറും ഒരു ശതമാനത്തോളമായി ചുരുങ്ങിയിരിക്കുന്നു.

ചാറ്റ്ബോക്സിലെ വിശകലനങ്ങൾക്ക് ശേഷം ഉപഭോക്താക്കൾ നേരിട്ട് കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ എത്തി വാങ്ങലുകൾ നടത്തുന്നുണ്ടെങ്കിലും, ഈ ബിസിനസിന്റെ കൃത്യമായ സ്രോതസ്സ് കണ്ടെത്തുന്നത് മാർക്കറ്റിംഗ് രംഗത്ത് വലിയ വെല്ലുവിളിയാണ്.

പരമ്പരാഗത എസ്.ഇ.ഒയ്ക്ക് അപ്പുറമുള്ള സമഗ്ര മാറ്റം

വെബ്‌സൈറ്റുകളെ മാത്രം ഒപ്റ്റിമൈസ് ചെയ്യുന്ന പരമ്പരാഗത എസ്.ഇ.ഒ (SEO) രീതികൾ കൊണ്ട് ഇനി ഡിജിറ്റൽ വിപണിയിൽ പിടിച്ചുനിൽക്കാനാവില്ല. ഉപഭോക്താക്കൾ പൂർണമായി വിശ്വസിക്കുന്നതിനാൽ എ.ഐ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ വലിയ നിയമപരമായ പ്രശ്നങ്ങൾക്കും ബിസിനസ് നഷ്ടങ്ങൾക്കും വഴിവെച്ചേക്കാം. അതിനാൽ തെറ്റായ ധാരണകൾ തിരുത്താനും ബ്രാൻഡ് വിവരണം കൃത്യമായി നിലനിർത്താനും ഉള്ളടക്കം, സോഷ്യൽ മീഡിയ, പി.ആർ, കമ്മ്യൂണിറ്റി മാനേജ്‌മെന്റ് എന്നിവയെ സമന്വയിപ്പിച്ചുള്ള വലിയ മൂലധന നിക്ഷേപമാണ് കമ്പനികൾ ഇപ്പോൾ നടത്തുന്നത്.

എ.ഐ ടൂളുകൾക്ക് ഒരു ബ്രാൻഡിന്റെ പേര് അറിയാം എന്നത് ഒരു പ്രാഥമിക ഘട്ടം മാത്രമാണ്. ഒരു ഉപഭോക്താവ് പേര് പറയാതെ മികച്ച ചോയ്‌സുകൾ തിരയുമ്പോൾ എ.ഐയുടെ ആദ്യ പരിഗണനാ പട്ടികയിൽ (Shortlist) ഇടംപിടിക്കുക എന്നതാണ് ആധുനിക ഡിജിറ്റൽ മാർക്കറ്റിംഗിന്റെ യഥാർത്ഥ വിജയ മാനദണ്ഡമെന്ന് വിദ​ഗ്ധർ അടിവരയിടുന്നു.

A NeuroRank study finds a significant gap between brand recognition and recommendation across leading AI platforms, highlighting the growing importance of AI discovery for businesses.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com