

കൃത്രിമബുദ്ധിയുടെ (എഐ) അതിവേഗ വളർച്ച കംപ്യൂട്ടര്‍ അധിഷ്ഠിത തൊഴിൽമേഖലയിൽ വൻ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന് സോഹോ (Zoho) സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മിടുക്കനായ വ്യക്തിക്ക് 10 പേർ ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്തുതീർക്കാൻ സാധിക്കും. ഇത് സാമ്പത്തിക രംഗത്ത് വലിയതും പ്രയാസകരവുമായ പുനഃക്രമീകരണങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം എക്സിലൂടെ (X) മുന്നറിയിപ്പ് നൽകി.
എന്നാൽ, ഇതിന്റെ അർത്ഥം കംപ്യൂട്ടര്‍ മേഖലയിൽ ജോലി ചെയ്യുന്ന 90 ശതമാനം ആളുകൾക്കും തൊഴിൽ നഷ്ടപ്പെടുമെന്നല്ലെന്ന് ശ്രീധർ വെമ്പു വ്യക്തമാക്കി. സേവനച്ചെലവ് കുറയുന്നത് വഴി ഇതുവരെ സോഫ്റ്റ്‌വെയർ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന മേഖലകൾക്ക് അത് ലഭ്യമാകാൻ എഐ സഹായിക്കും.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉൽപ്പാദനക്ഷമത വർധിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും. സോഫ്റ്റ്‌വെയർ എൻജിനീയറിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് വഴി ഇവ ഇതുവരെ ഉപയോഗിക്കാതിരുന്ന വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. ഇത് വിപണിയിൽ പുതിയ ഡിമാൻഡ് സൃഷ്ടിക്കുമെങ്കിലും, തൊഴിൽ വിപണിയിലെ ഈ മാറ്റങ്ങൾ സാമ്പത്തികമായി കഠിനമായ ഘട്ടത്തിലൂടെയാകും കടന്നുപോകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനൊപ്പം പ്ര പ്രവർത്തനച്ചെലവിലുണ്ടായ വലിയ വർധന സോഹോയെയും ബാധിച്ചിട്ടുണ്ട്. ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ സെർവറുകളുടെ വില നാലുമടങ്ങ് വർധിച്ചതും എഐ ഉപയോഗം കൂടിയതുമാണ് കമ്പനിയുടെ ചെലവുകൾ കുത്തനെ കൂട്ടിയത്.
ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്പനി മാർക്കറ്റിംഗ് ബജറ്റിൽ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഈ വർഷം ജീവനക്കാർക്ക് പതിവുള്ള ശമ്പളവർധന നൽകാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ 18 മാസമായി കമ്പനി പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധികൾക്കിടയിലും കൂട്ടത്തോടെയുള്ള പിരിച്ചുവിടലുകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. എന്നാൽ മൊത്തത്തിൽ സോഫ്റ്റ്‌വെയർ തൊഴിൽ മേഖലയുടെ ഭാവി അത്ര ശുഭകരമല്ലെന്ന മുന്നറിയിപ്പും ശ്രീധർ വെമ്പു നൽകുന്നുണ്ട്.
Zoho co-founder Sridhar Vembu highlights the severe employment impact of AI in desk jobs while ruling out mass layoffs at Zoho despite rising cost pressures.
Read DhanamOnline in English
Subscribe to Dhanam Magazine