എ.ഐ മുന്നേറ്റവും ആഗോള കടക്കെണിയും: ഇന്ത്യൻ സേവന കയറ്റുമതിക്ക് ഇരട്ട ഭീഷണിയെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

എ.ഐയുടെ വ്യാപനവും വികസിത രാജ്യങ്ങളിലെ കടബാധ്യതയും ഇന്ത്യൻ ഐ.ടി സേവന കയറ്റുമതിക്ക് ഇരട്ട വെല്ലുവിളിയാണെന്ന് അശ്വനി വൈഷ്ണവ്; കയറ്റുമതി വിപണികളുടെ ആശ്രിതത്വവും തൊഴിൽമാറ്റവും പ്രധാന ആശങ്കകളാണ്
Vaishnaw’s blunt warning on AI and Western debt
ഇൻസൈറ്റിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്Image Source: Canva/x.com/AshwiniVaishnaw
Published on: 

അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ആഗോള സമ്പദ്‌‍വ്യവസ്ഥ സമീപകാല ദശാബ്ദങ്ങളിൽ നേരിട്ടിട്ടില്ലാത്ത അത്രയും വലിയ പ്രക്ഷുബ്ധാവസ്ഥ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ്. ന്യൂഡൽഹിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിലാണ് അദ്ദേഹം വിപണിക്ക് ഈ സുപ്രധാന മുന്നറിയിപ്പ് നൽകിയത്.

സമ്പന്ന വികസിത രാജ്യങ്ങളിലെ അതിഭീമമായ പൊതു കടബാധ്യതകളും, ആഗോള തൊഴിൽ വിപണിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ സൃഷ്ടിക്കാൻ പോകുന്ന വിനാശകരമായ മാറ്റങ്ങളുമാണ് അശ്വിനി വൈഷ്ണവ് പങ്കുവെച്ച പ്രധാനപ്പെട്ട രണ്ട് സാമ്പത്തിക ഭീഷണികൾ.

വിപണിയിലെ റിസ്കും യാഥാർത്ഥ്യവും

റിസർവ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സോഫ്റ്റ്‌‍വെയർ സേവന കയറ്റുമതി 221.4 ബില്യൺ ഡോളർ (ഏകദേശം 21 ലക്ഷം കോടി രൂപ) എന്ന റെക്കോഡ് നിലവാരത്തിലെത്തി. എന്നാൽ ഇതിന്റെ പകുതിയിലധികവും (54.1% അഥവാ $119.7 ബില്യൺ) അമേരിക്കയിലേക്ക് മാത്രമാണ് പോകുന്നത്. യൂറോപ്പിലേക്ക് 31.8 ശതമാനം കയറ്റുമതിയുമുണ്ട്. ഇതിലും പ്രധാനം, ഈ വരുമാനത്തിന്റെ 91 ശതമാനത്തിലധികവും ഇന്ത്യയിലിരുന്ന് നേരിട്ട് സേവനം നൽകുന്ന ഓഫ്-സൈറ്റ് രീതിയിലൂടെയാണ് രാജ്യത്തെത്തുന്നത് എന്നതാണ്.

രാജ്യത്ത് പ്രവർത്തിക്കുന്ന 2,100-ലധികം ഗ്ലോബൽ കേപബിലിറ്റി സെന്ററുകളിലായി (GCC) ഏകദേശം 24 ലക്ഷത്തോളം പ്രൊഫഷണലുകൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാനപ്പെട്ട ആറ് നഗരങ്ങളിലാണ് ആപ്ലിക്കേഷൻ മെയിന്റനൻസ്, എൽ1/എൽ2 സപ്പോർട്ട്, ബി.പി.ഒ, കെ.വൈ.സി പ്രോസസ്സിംഗ്, മാന്വൽ ടെസ്റ്റിംഗ് തുടങ്ങിയ മധ്യനിര വൈറ്റ്-കോളർ ജോലികൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

ജനറേറ്റീവ് എ.ഐ ഈ മേഖലകളിലെ മനുഷ്യ പ്രയത്നം വലിയ തോതിൽ വെട്ടിച്ചുരുക്കാൻ തുടങ്ങിയതോടെ എൻട്രി ലെവൽ റിക്രൂട്ട്‌മെന്റുകളിൽ 20 ശതമാനത്തോളം കുറവ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. 3 മുതൽ 8 വർഷം വരെ പ്രവൃത്തിപരിചയമുള്ള സാധാരണ പ്രൊഫഷണലുകളാണ് ഏറ്റവും വലിയ തൊഴിൽ ഭീഷണി നേരിടുന്നത്.

വിദഗ്ദ്ധരെ ഭയപ്പെടുത്തുന്ന ഇരട്ട പ്രതിസന്ധി

പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉയർന്ന പലിശ നിരക്കുകളോ സർക്കാരുകളുടെ ധനക്കമ്മിയോ കാരണം ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ, അമേരിക്കൻ-യൂറോപ്യൻ കമ്പനികൾ ആദ്യം വെട്ടിച്ചുരുക്കുന്നത് തങ്ങളുടെ അപ്രധാനമായ ഐ.ടി ബജറ്റുകളായിരിക്കും (Discretionary spending).

ഇവിടെ രണ്ട് ഘടകങ്ങൾ ഒരേസമയം വിപണിയെ ഞെരുക്കും: നിലവിലുള്ള ജോലികൾക്ക് ആവശ്യമായ പ്രവൃത്തി സമയം (Billing hours) എ.ഐ വെട്ടിച്ചുരുക്കുമ്പോൾ തന്നെ, ശേഷിക്കുന്ന ജോലികൾക്ക് പണം നൽകാനുള്ള വിദേശ കമ്പനികളുടെ ശേഷി സാമ്പത്തിക മാന്ദ്യം മൂലം കുത്തനെ കുറയും.

ഇത് ഉടനടി കൂട്ടപ്പിരിച്ചുവിടലുകൾക്ക് കാരണമായില്ലെങ്കിൽ പോലും, പുതിയ നിയമനങ്ങൾ പൂർണമായി നിലയ്ക്കാനും, ജീവനക്കാർ കൂടുതൽ കാലം ബെഞ്ചിലിരിക്കാനും, പ്യുവർ-പ്ലേ ഐ.ടി കമ്പനികളുടെ പ്രവർത്തന മാർജിനുകൾ കൂപ്പുകുത്താനും ഇടയാക്കും. പരമ്പരാഗത വോളിയം അധിഷ്ഠിത ഐ.ടി കാമ്പസുകൾ നിലനിൽക്കുന്ന ഇന്ത്യൻ നഗരങ്ങളിലെ പ്രാദേശിക റിയൽ എസ്റ്റേറ്റ്, സേവന മേഖലകളെയും ഇത് വലിയ തോതിൽ ബാധിക്കും.

ഇന്ത്യയുടെ പ്രതിരോധവും പരിഹരിക്കപ്പെടാത്ത വിടവുകളും

ഇന്ത്യയുടെ കടം-ജി.ഡി.പി അനുപാതം 61 ശതമാനത്തിൽ നിന്ന് 55 ശതമാനമായി താഴ്ത്തിക്കൊണ്ട് ആഭ്യന്തര സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യ-എ.ഐ (IndiaAI) മിഷനിലൂടെയുള്ള റീ-സ്കില്ലിംഗ് പദ്ധതികളും, ഐ.ടിയിൽ നിന്ന് പുറന്തള്ളപ്പെടുന്ന തൊഴിലാളികളെ ഉൾക്കൊള്ളാൻ പി.എൽ.ഐ (PLI) വഴി മാനുഫാക്ചറിംഗ് മേഖലയെ സജ്ജമാക്കുന്നതും സർക്കാരിന്റെ ദീർഘകാല പ്രതിരോധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും നിർണായകമായ വെല്ലുവിളികൾ ഇപ്പോഴും ബാക്കിയാണ്. സോഫ്റ്റ്‌‍വെയർ കയറ്റുമതിയുടെ പകുതിയിലധികവും യു.എസ് എന്ന ഒരൊറ്റ വിപണിയെ മാത്രം അമിതമായി ആശ്രയിക്കുന്ന വലിയ അപകടസാധ്യത ഇപ്പോഴും കാര്യമായി കുറഞ്ഞിട്ടില്ല. കൂടാതെ, മധ്യനിര ഐ.ടി ജീവനക്കാരെ ഉയർന്ന മൂല്യമുള്ള പ്രൊഡക്ട്, പ്ലാറ്റ്‌ഫോം ഡെവലപ്‌മെന്റ് മേഖലകളിലേക്ക് മാറ്റുന്നതിനുള്ള നികുതി ഇളവുകളോ പ്രോത്സാഹനങ്ങളോ വ്യവസായത്തിൽ വളരെ പരിമിതമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ ചെലവും കാര്യക്ഷമമായ പ്രോസസ്സിംഗ് മികവും മുൻനിർത്തി ഇന്ത്യ പടുത്തുയർത്തിയ സേവന സാമ്രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളാണ് എ.ഐയുടെ കടന്നുവരവോടെ മാറ്റിയെഴുതപ്പെടുന്നത്. അടുത്ത 36 മുതൽ 60 മാസം വരെയുള്ള കാലയളവിനെ വെറുമൊരു ചാക്രിക സാമ്പത്തിക മാന്ദ്യമായി (cyclical downturn) കാണാതെ, പരമ്പരാഗത വോളിയം അടിസ്ഥാനമാക്കിയുള്ള സേവനങ്ങളിൽ നിന്ന് ഉയർന്ന ഉത്പാദന ശേഷിയിലേക്കുള്ള സുപ്രധാന സാങ്കേതിക പരിവർത്തനമായി കാണാൻ ഇന്ത്യൻ ഐ.ടി മേഖല വേഗം തയ്യാറാകണമെന്നും വിദ​ഗ്ധർ ഓർമിപ്പിക്കുന്നു.

India’s IT services export industry could face mounting pressure from AI-driven changes in work and potential spending cuts by debt-burdened advanced economies.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com