

ടെക് ലോകത്ത് ജോലി ചെയ്യുന്ന പതിനായിരകണക്കിന് പേര്‍ ആശങ്കയിലാണ്. ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ കനത്ത തൊഴില്‍ നഷ്ടമാണ് സാങ്കേതിക വിദ്യാ രംഗത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആഗോള തലത്തില്‍ 95 കമ്പനികളില്‍ നിന്നായി മാത്രം ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 95 കമ്പനികളിലെ 73,000 ത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് Layoffs.fyi പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 10 ലക്ഷത്തിലധികം ടെക് തസ്തികകളാണ് ആഗോള തലത്തില്‍ 2021 മുതല്‍ ആവശ്യമില്ലാതായത്.
കമ്പനികളില്‍ നിര്‍മിത ബുദ്ധിയുടെ (AI) ഉപയോഗം വ്യാപകമാക്കുന്നതാണ് ഈ തൊഴില്‍ നഷ്ടങ്ങളുടെ പ്രധാന കാരണം. ക്ലൗഡ് കമ്പ്യൂട്ടിംഗ്, സോഫ്റ്റ്‌വെയർ, സാസ് (SaaS), ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും എ.ഐ മൂലമുളള തോഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പരമ്പരാഗത തൊഴില്‍ തസ്തികളിലെ ജീവനക്കാരെ വലിയ തോതില്‍ കുറച്ചു കൊണ്ട് എ.ഐയില്‍ ഊന്നിയുളള സാങ്കേതിക വിദ്യ നടപ്പാക്കാനാണ് കമ്പനികള്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്.
എ.ഐ കൂടുതല്‍ വികസിച്ചിരിക്കുന്ന യു.എസിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നത്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ മെറ്റാ (Meta) മെയ് 20 മുതല്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യ അടക്കമുളള ഏഷ്യന്‍ രാജ്യങ്ങളില്‍ സെമികണ്ടക്ടർ, ടെലികോം, ഐടി സേവന മേഖലകളിലും തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്.
നിർമിത ബുദ്ധിയുടെ വ്യാപക ഉപയോഗം ഭാവിയില്‍ ഏകദേശം 8.5 കോടി തൊഴിലുകൾ നഷ്ടപ്പെടുത്തിയേക്കുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം വിലയിരുത്തുന്നത്. അടുത്ത 10 വര്‍ഷത്തിനുളളില്‍ നിര്‍മിത ബുദ്ധി 30 കോടി പൂര്‍ണ സമയ ജോലികളെ ബാധിക്കാനിടയുണ്ടെന്ന് ഗോൾഡ്മാൻ സാക്സ് (Goldman Sachs) റിപ്പോർട്ടും സൂചിപ്പിക്കുന്നു.
കമ്പനികളുടെ പ്രവർത്തനത്തിലും നിയമനങ്ങളിലും വലിയ തോതിലുളള ഘടനാപരമായ മാറ്റങ്ങൾക്ക് എഐ കാരണമാകുന്നതാണ് കരുതപ്പെടുന്നത്. അതേസമയം തൊഴിൽ നഷ്ടങ്ങൾ സംഭവിച്ചാലും നിര്‍മിത ബുദ്ധിയുടെ ഉപയോഗം മൂലം വലിയ തോതില്‍ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു. ഇതിനായി പുതിയ ജോലികള്‍ക്കായി നൈപുണ്യ വികസനം (re-skilling) നടത്തുകയാണ് വേണ്ടത്. നിര്‍മിത ബുദ്ധി തൊഴില്‍ മേഖലയില്‍ കൊണ്ടു വരുന്ന മാറ്റങ്ങളെ എതിരേല്‍ക്കാന്‍ പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കുകയും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുളള ശേഷി ആര്‍ജിക്കുകയും ചെയ്യണമെന്നാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine