തുടക്കക്കാർക്ക് ഇനി ഐടിയിൽ ഇടമില്ലേ? ടെക് മേഖലയിലെ തൊഴിലവസരങ്ങളെ എഐ എങ്ങനെ മാറ്റിമറിക്കുന്നു?

ആന്ത്രോപിക്കിന്റെ 'How Employment Is Changing at Anthropic' എന്ന റിപ്പോർട്ട് പ്രകാരം, 2025-ന്റെ തുടക്കം മുതൽ ടെക്നിക്കൽ വർക്ക്‌ഫോഴ്‌സിലെ ജൂനിയർ പ്രൊഷണലുകളുടെ പങ്ക് 21 ശതമാനത്തിൽ നിന്ന് 14 ശതമാനനമായി കുറഞ്ഞു
AI And Tech Jobs Impact Anthropic Report
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗ മുന്നേറ്റം ടെക്നോളജി മേഖലയിലേക്കുള്ള പുതിയ ബിരുദധാരികളുടെയും ഫ്രഷേഴ്സിന്റെയും (Freshers) പരമ്പരാഗത പ്രവേശന വഴികൾ കൊട്ടിയടയ്ക്കുകയാണോ എന്ന വലിയ ആശങ്കയ്ക്ക് ആക്കം കൂട്ടി പ്രമുഖ എഐ സ്ഥാപനമായ ആന്തോപിക്കിന്റെ (Anthropic) ഏറ്റവും പുതിയ ആഭ്യന്തര പഠന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. ദൈനംദിന സാങ്കേതിക ജോലികൾ എഐ ഏജന്റുകൾ വലിയ തോതിൽ ഏറ്റെടുക്കാൻ തുടങ്ങിയതോടെ കമ്പനിയിലെ ജൂനിയർ തല റിക്രൂട്ട്‌മെന്റുകളിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കണക്കുകൾ വ്യക്തമാക്കുന്ന പുതിയ യാഥാർത്ഥ്യം

'ഹൗ എംപ്ലോയ്‌മെന്റ് ഈസ് ചേഞ്ചിംഗ് അറ്റ് ആന്തോപിക്' (How Employment Is Changing at Anthropic) എന്ന കമ്പനിയുടെ ആഭ്യന്തര റിപ്പോർട്ടിലെ വിവരങ്ങൾ ടെക് ലോകത്തെ ഞെട്ടിക്കുന്നതാണ്.

  • കമ്പനിയുടെ ആകെ സാങ്കേതിക തൊഴിൽശേഷിയിൽ ജൂനിയർ പ്രൊഫഷണലുകളുടെ വിഹിതം 2025-ന്റെ തുടക്കത്തെ അപേക്ഷിച്ച് 21-ൽനിന്ന് 14 ശതമാനമായി കുറഞ്ഞു.

  • പുതിയ സാങ്കേതിക നിയമനങ്ങളിൽ ഈ ഇടിവ് അതിലും രൂക്ഷമാണ്; പുതിയ റിക്രൂട്ട്‌മെന്റിൽ ജൂനിയർ തസ്തികകളുടെ പങ്ക് 27 ശതമാനത്തിൽ നിന്ന് വെറും 9 ശതമാനമായാണ് ചുരുങ്ങിയത്.

  • 2026 മാർച്ചോടെ കമ്പനിയിലെ മനുഷ്യ ജീവനക്കാരേക്കാൾ കൂടുതൽ പ്രവൃത്തി സമയം എഐ ഏജന്റുകൾ പൂർത്തിയാക്കിത്തുടങ്ങി. ഓഗസ്റ്റ് ആയപ്പോഴേക്കും ഒരു ജീവനക്കാരന്റെ മേൽനോട്ടത്തിലുള്ള എഐ ഏജന്റുകൾ ആ ജീവനക്കാരന്റെ ഔട്ട്പുട്ടിനേക്കാൾ ആറ് മടങ്ങ് ജോലി സമയം രേഖപ്പെടുത്തുന്ന വലിയ മാറ്റമുണ്ടായി.

ഫ്രഷേഴ്സ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് എന്തുകൊണ്ട്?

മുതിർന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. മറിച്ച്, ഒരു ടെക് കരിയറിന്റെ ആദ്യപടിയായി തുടക്കക്കാർ നിർവ്വഹിച്ചിരുന്ന സാധാരണ കോഡിംഗ്, ഡോക്യുമെന്റേഷൻ, അടിസ്ഥാന വിവര വിശകലനം തുടങ്ങിയ ജോലികൾ എഐ പൂർണമായി ഏറ്റെടുക്കുന്നു എന്നതാണ്. ഇത്തരം ലളിതമായ ജോലികളിലൂടെയായിരുന്നു പുതിയ ഉദ്യോഗാർത്ഥികൾ പ്രായോഗിക തൊഴിൽപരിചയവും സാങ്കേതിക കാര്യക്ഷമതയും തെളിയിച്ച് കരിയറിൽ മുന്നേറിയിരുന്നത്.

റിക്രൂട്ട്‌മെന്റിൽ കമ്പനികൾ മുൻഗണന നൽകുന്ന കാര്യങ്ങളിലും വലിയ അഴിച്ചുപണി നടക്കുന്നുണ്ട്. പരമ്പരാഗത കോഡിംഗ് വൈദഗ്ധ്യത്തേക്കാൾ ഉപരിയായി സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള ചിന്താശേഷി, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, എഐ ടൂളുകൾ കൃത്യമായി നിയന്ത്രിക്കാനുള്ള പ്രാവീണ്യം എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഉദ്യോഗാർത്ഥികളിൽ എഐ ടൂളുകൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം പരിശോധിക്കുന്ന രീതി 2024 മുതൽ 2026 വരെയുള്ള കാലയളവിൽ മൂന്നിരട്ടിയായി വർധിച്ചു.

എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്ന പാഠങ്ങൾ

ഒരു പ്രത്യേക കമ്പനിയിലെ ആഭ്യന്തര കണക്കുകളായതിനാൽ ഇത് ഇന്ത്യൻ ഐടി വ്യവസായത്തിലോ ആഗോള വിപണിയിലോ പൂർണമായി ബാധകമാണെന്ന് ഉടനടി കരുതാനാവില്ലെങ്കിലും, ഇത് വ്യക്തമായൊരു ദിശാസൂചനയാണ്. കേവലം കോഡിംഗ് പഠിച്ച് സാധാരണ എക്സിക്യൂഷൻ ജോലികൾ നിർവ്വഹിക്കാൻ ഇനി ഫ്രഷേഴ്സിനെ ആവശ്യമില്ലെന്ന യാഥാർത്ഥ്യം ഇന്ത്യൻ വിദ്യാർത്ഥികളും ഐടി കമ്പനികളും തിരിച്ചറിയണം.

എഐ തയ്യാറാക്കുന്ന പ്രോഗ്രാമുകൾ പരിശോധിക്കാനും (Review), പിഴവുകൾ വേഗത്തിൽ തിരുത്താനും (Debug), സിസ്റ്റങ്ങളെ സമന്വയിപ്പിക്കാനും ശേഷിയുള്ളവരെയാകും ഇനി വിപണിക്ക് ആവശ്യം. എൻജിനീയറിംഗ് കോളേജുകളിലെ പരമ്പരാഗത പാഠ്യപദ്ധതികളിൽ മാറ്റം അനിവാര്യമാണ്. എഐയെ ഒരു ഭീഷണിയായി കാണാതെ, അതിനെ നിയന്ത്രിക്കാനുള്ള ശക്തമായൊരു ഉപകരണമായി കണ്ട് പഠിക്കുന്ന ഫ്രഷേഴ്സിന് മാത്രമേ വരുംകാല ടെക് വിപണിയിൽ മികച്ച തൊഴിൽ സാധ്യതകൾ സ്വന്തമാക്കാനാകൂ.

Anthropic’s internal research shows a sharp decline in the share of junior technical hires as AI adoption expands, highlighting a shift toward judgment, autonomy and effective use of AI tools.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com