Begin typing your search above and press return to search.
ഓപ്പണ്‍ എ.ഐയെയും ഗൂഗിളിനെയും മറികടന്ന് ഇന്ത്യന്‍ എ.ഐ സ്റ്റാര്‍ട്ടപ്പായ ജിവി
മെഡിക്കല്‍ മേഖലയ്ക്ക് മാത്രമായി വികസിപ്പിച്ച ലാര്‍ജ് ലാംഗ്വേജ് മോഡല്‍ (എല്‍.എല്‍.എം) ആയ ജിവി മെഡ്എക്‌സ് ഓപ്പണ്‍ മെഡിക്കല്‍ എല്‍എല്‍എം ലീഡര്‍ബോര്‍ഡ് ലോക റാങ്കിംഗില്‍ ഒന്നാമത്. ഓപ്പണ്‍ എഐയുടെ ജിപിടി-4, ഗൂഗിളിന്റെ മെഡ്-പാം2 എന്നിവയെ പിന്നിലാക്കിയാണ് ഇന്ത്യന്‍ ആരോഗ്യ മേഖലയിലെ സ്റ്റാര്‍ട്ടപ്പായ ജിവിയുടെ മുന്നേറ്റം. സ്‌കോര്‍ബോര്‍ഡിലെ ഒന്‍പത് വിഭാഗങ്ങളിലും ശരാശരി 91.65 സ്‌കോര്‍ നേടിയാണ് ജിവി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഭാരത് പേ ചീഫ് പ്രൊഡക്ട് ഓഫീസര്‍ അങ്കുര്‍ ജെയിന്‍, റെഡ്ഡി വെഞ്ച്വേര്‍സ് ചെയര്‍മാന്‍ ജിവി സഞ്ജയ് റെഡ്ഡി എന്നിവരാണ് ജിവിയുടെ സ്ഥാപകര്‍.
ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം
ഹഗ്ഗിംഗ് ഫെയ്‌സ്, എഡിന്‍ബറോ യൂണിവേഴ്‌സിറ്റി, ഓപ്പണ്‍ ലൈഫ് സയന്‍സ് എ.ഐ എന്നീ മുന്‍നിര എ.ഐ പ്ലാറ്റ്‌ഫോമുകളാണ് മെഡിക്കല്‍ മേഖലയ്ക്ക് വേണ്ടി മാത്രം വികസിപ്പിച്ച എല്‍.എല്‍.എമ്മുകളുടെ പ്രകടനം വിലയിരുത്താനുള്ള റാങ്കിംഗ് പ്രക്രിയ സംഘടിപ്പിച്ചത്. വിവിധ പരീക്ഷകളും ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള എല്‍.എല്‍.എമ്മുകളുടെ ശേഷിയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
എയിംസ്, നീറ്റ് എന്നീ ഇന്‍ഡ്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍, യു.എസ് മെഡിക്കല്‍ ലൈസന്‍സ് പരീക്ഷകള്‍, ക്ലിനിക്കല്‍ നോളജ്, മെഡിക്കല്‍ ജനിറ്റിക്‌സ്, പ്രൊഫഷണല്‍ മെഡിസിന്‍ എന്നിവയിലെ വിശദമായ വിലയിരുത്തലുകള്‍ എന്നിവ നടത്തിയതില്‍ നിന്നാണ് ജിവി മെഡ്എക്‌സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലക്ഷക്കണക്കിനു വരുന്ന മെഡിക്കല്‍ ഗവേഷണ പ്രബന്ധങ്ങള്‍, ജേണലുകള്‍, ക്ലിനിക്കല്‍ നോട്ടുകള്‍ തുടങ്ങി നിരവധി സ്രോതസുകളാണ് ജിവി മെഡ്എക്‌സിന് വേണ്ടി ജിവി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഡാറ്റാ ശേഖരമാണ് ജിവിയുടേതെന്ന് കമ്പനി അവകാശപ്പെടുന്നു.
Next Story
Videos