Begin typing your search above and press return to search.
ജിയോയെ അട്ടിമറിക്കുമോ എയര്‍ടെല്‍? വിപണിയില്‍ മേധാവിത്തം നേടാന്‍ കടുത്ത മത്‌സരം, വ്യത്യാസം വെറും മൂന്നു ശതമാനം
2025 ല്‍ 5 ജി യില്‍ സംഭവിക്കുക വലിയ വളര്‍ച്ച
ഇന്ത്യന്‍ ടെലികോം മേഖലയിലെ മുന്‍ നിരക്കാരായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും തമ്മിലുളള മത്സരം കൊഴുക്കുന്നു. വിപണി വിഹിതത്തില്‍ നിന്നുളള വരുമാനത്തില്‍ (ആര്‍.എം.എസ്) ഇരു കമ്പനികളും തമ്മിലുളള മത്സരം കടുക്കുകയാണ്.
സുനിൽ മിത്തലിന്റെ നേതൃത്വത്തിലുള്ള എയർടെല്‍ വിപണി വിഹിതം 38.6 ശതമാനം ആയി ഉയർത്തിയപ്പോള്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള ജിയോയുടെ വിപണി വിഹിതം 41.6 ശതമാനമാണെന്ന് ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എ വ്യക്തമാക്കുന്നു. മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർധനയും നഗര, ഗ്രാമപ്രദേശങ്ങളില്‍ ശക്തമായി വിപണി വര്‍ധിപ്പിക്കാന്‍ സാധിച്ചതുമാണ് ഇരു കമ്പനികള്‍ക്കും നേട്ടമായത്.
2024-ൽ ജിയോയുടെ 4ജി/5ജി വരിക്കാരുടെ എണ്ണം 1.9 കോടിയാണ്. അതേസമയം കഴിഞ്ഞ കൊല്ലം 2.6 കോടി 4ജി/5ജി വരിക്കാരെയാണ് എയര്‍ടെല്‍ ചേര്‍ത്തത്. ടോപ്പ്-എൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതിനാലും പോസ്റ്റ്‌പെയ്ഡ് മേഖലയില്‍ മുൻനിരയിലായതിനാലുമാണ് എയർടെല്ലിന് കൂടുതല്‍ നേട്ടം ലഭിക്കുന്നത്.
2025 ല്‍ വലിയ വളര്‍ച്ചയാണ് 5 ജി യില്‍ സംഭവിക്കുകയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടുതല്‍ ഉപയോക്താക്കളെ 5 ജി ആകർഷിക്കുന്നത് തുടരുമെന്നും ഇരു കമ്പനികളുടെയും സംയുക്ത വിപണി വിഹിതം 2027 സാമ്പത്തിക വർഷത്തോടെ 84 ശതമാനം ആയി വർദ്ധിക്കുകയും ചെയ്യുമെന്ന് സി.എല്‍.എസ്.എ കണക്കാക്കുന്നു.
വോഡാഫോണിന് പ്രതിസന്ധികള്‍
സാമ്പത്തിക ബുദ്ധിമുട്ടിലുളള വോഡാഫോൺ ഐഡിയയുടെ ആർഎംഎസ് 2024 ൽ 168 ബേസിസ് പോയിൻറ് കുറഞ്ഞ് 14.4 ശതമാനമായി. 4 ജി നെറ്റ്‌വർക്ക് വിപുലീകരണത്തിനും 5 ജി വിന്യാസങ്ങൾക്കുമുള്ള നിക്ഷേപങ്ങൾ കമ്പനി തീർപ്പാക്കാനുണ്ട്. കമ്പനിക്ക് കനത്ത ഉപഭോക്തൃ നഷ്ടം തുടരുകയാണ്.
അതേസമയം, വോഡാഫോണിന് 2025 നിർണായക വർഷമാകുമെന്നാണ് കരുതുന്നത്. കടബാധ്യത, 5 ജി വിപുലീകരണം, എജിആർ കുടിശിക തുടങ്ങിയ പ്രതിസന്ധികളെ യു.കെ യിലെ വോഡഫോണും ഇന്ത്യയിലെ ആദിത്യ ബിർള ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിന് മറികടക്കേണ്ടതുണ്ട്.
Next Story
Videos