എയര്‍ടെല്‍ സിമ്മുണ്ടോ? 17,000 രൂപയുടെ എ.ഐ സെര്‍ച്ച് എഞ്ചിന്‍ പെര്‍പ്ലെക്‌സിറ്റി പ്രോ ഫ്രീയായി കിട്ടും, ക്ലെയിം ചെയ്യേണ്ടതെങ്ങനെ?

36 കോടി ഉപയോക്താക്കള്‍ക്ക് ഓഫറിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്
Airtel Perplexity pro offer poster
Airtel Thanks App
Published on

എ.ഐ അധിഷ്ഠിത സെര്‍ച്ച് എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുടെ പ്രീമിയം പതിപ്പ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാന്‍ ഭാരതി എയര്‍ടെല്‍. 36 കോടി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഉപയോഗം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിമാസം 20 ഡോളറും (ഏകദേശം 1,700 രൂപ) പ്രതിവര്‍ഷം 200 ഡോളറുമാണ് (ഏകദേശം 17,000 രൂപ) പെര്‍പ്ലെക്‌സിറ്റിയുടെ പ്രീമിയം സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. ഇതാദ്യമായാണ് പെര്‍പ്ലെക്‌സിറ്റി ഒരു ഇന്ത്യന്‍ കമ്പനിയുമായി സഹകരിക്കുന്നത്.

എന്താണ് പെര്‍പ്ലെക്‌സിറ്റി

എ.ഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിനാണിത്. പക്ഷേ സാധാരണ വെബ് ബ്രൗസറുകളെ പോലെയല്ല പ്രവര്‍ത്തനം. യൂസറിന്റെ സംശയങ്ങള്‍ക്ക് വെബ്‌പേജുകളുടെ ഒരു കൂട്ടം ലിങ്കുകള്‍ നല്‍കുകയാണ് ഗൂഗ്ള്‍ ക്രോം പോലുള്ള സാധാരണ സെര്‍ച്ച് എഞ്ചിനുകള്‍ ചെയ്യുന്നത്. എന്നാല്‍ വിവിധ സോഴ്‌സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ റിപ്പോര്‍ട്ടായി അവതരിപ്പിക്കുകയാണ് പെര്‍പ്ലെക്‌സിറ്റിയുടെ ചെയ്യുന്നത്. ലേറ്റസ്റ്റ് ഓണ്‍ലൈന്‍ സോഴ്‌സുകളില്‍ നിന്നും വിവരം ശേഖരിക്കുന്നതിനാല്‍ തത്സമയ വിവരശേഖരണത്തിന് ഉപയോഗിക്കാം. ലഭിച്ച വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും കഴിയും. സാധാരണ ഭാഷയില്‍ തന്നെ സംശയങ്ങള്‍ ചോദിക്കാനും ആഴത്തിലുള്ള ഗവേഷണങ്ങള്‍ക്കും ഉപകരിക്കുന്ന എ.ഐ ടൂളാണിത്.

എങ്ങനെ ഫ്രീ കിട്ടും

പെര്‍പ്ലെക്‌സിറ്റിയുടെ പ്രോ പ്ലാന്‍ ലഭിക്കാന്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്യുകയാണ് ആദ്യ ഘട്ടം. ആപ്പിലെ റിവാര്‍ഡ് സെക്ഷനില്‍ ചെന്നാല്‍ ഒരു വര്‍ഷത്തേക്കുള്ള 17,000 രൂപയുടെ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ക്ലെയിം ചെയ്യാവുന്നതാണ്. 12 മാസം കഴിഞ്ഞാല്‍ പ്ലാന്‍ ഓട്ടോ റിന്യൂ ആകില്ലെന്നും എയര്‍ടെല്‍ പറയുന്നു. ഈ കാലയളവ് കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ തന്നെ പ്രോ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം. ഇല്ലെങ്കില്‍ തനിയെ ഫ്രീ പ്ലാനിലേക്ക് മാറും. പെര്‍പ്ലെക്‌സിറ്റി പ്രോ സേവനങ്ങള്‍ ലഭിക്കുന്ന കാലയളവില്‍ എയര്‍ടെല്‍ സിം ആക്ടീവായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

എന്തിന് ഫ്രീ കൊടുക്കണം?

കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് തത്സമയ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് ഭാരതി എയര്‍ടെല്‍ വൈസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഗോപാല്‍ വിത്തല്‍ പറഞ്ഞു. ഡിജിറ്റല്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ മനസിലാക്കാന്‍ രാജ്യത്ത് നടപ്പിലാക്കുന്ന ആദ്യ ജെന്‍ എ.ഐ ഉദ്യമം ആണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൊഫഷണല്‍ ഗ്രേഡിലുള്ള എ.ഐ ടൂളുകള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനാണ് എയര്‍ടെല്ലുമായി കൈകോര്‍ത്തതെന്ന് പെര്‍പ്ലെക്‌സിറ്റി സഹസ്ഥാപകന്‍ അരവിന്ദ് ശ്രീനിവാസനും പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗ്ള്‍ എ.ഐ പ്രോ പ്ലാനും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Airtel partners with Perplexity to provide a free 12-month Pro subscription (₹17,000 value) to all users. Claim via the Airtel Thanks app by Jan 17, 2026.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com