Begin typing your search above and press return to search.
എയര്‍ടെല്ലില്‍ ഇനി എല്ലാ സ്പാം കോളുകളും തിരിച്ചറിയാം, സൗജന്യമായി ഈ സംവിധാനം ഒരുക്കുന്ന ലോകത്തെ ആദ്യ ടെലികോം കമ്പനി
സ്പാം കോളുകളും മെസേജുകളും കൊണ്ട് എല്ലാ മൊബൈല്‍ ഉപയോക്താക്കളും വളരെയധികം ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. വളരെ തിരക്കേറിയ മീറ്റിംഗുകളിലോ പരിപാടികളിലോ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ സ്പാം കോളുകള്‍ വരുന്നത് വലിയ അസ്വസ്ഥതയാണ് സൃഷ്ടിക്കുക. മാത്രവുമല്ല സ്പാം കോളുകള്‍ മൂലം മിക്ക സന്ദര്‍ഭങ്ങളിലും ഉപയോക്താക്കള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഇരയാകാറുണ്ട്. കേരളത്തില്‍ ഇത്തരത്തിലുളള ഒട്ടേറെ കേസുകളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദിവസവും ഒരു ഉപയോക്താവിന് ശരാശരി 3 സ്പാം കോളുകള്‍ വീതം ലഭിക്കുന്നുണ്ട്. ഉപയോക്താക്കളെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുന്ന 300 കോടി കേസുകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പാം കോളുകളുടെ ദൂഷ്യ വശങ്ങള്‍ എത്രമാത്രം ഭീകരമാണെന്ന് ഈ കണക്കുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല
എ.ഐ കരുത്തോടെ തയ്യാറാക്കിയ പുതിയ സ്പാം ഡിറ്റക്ഷന്‍ സംവിധാനം കേരളത്തില്‍ എയര്‍ടെല്‍ ലോഞ്ച് ചെയ്തു. 19 ദിവസങ്ങള്‍ കൊണ്ട് 55 മില്യണ്‍ സ്പാം കോളുകളും 1 മില്യണ്‍ എസ്.എം.എസുകളും ഈ സംവിധാനം വിജയകരമായി കണ്ടെത്തി. പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ, പ്രത്യേകം സര്‍വീസ് റിക്വസ്റ്റ് ഇല്ലാതെ സംസ്ഥാനത്തെ എല്ലാ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഈ സൗജന്യ സേവനത്തിന്റെ ഓട്ടോമാറ്റിക് ആക്‌സസ് ലഭ്യമാകുമെന്നതാണ് പ്രധാന സവിശേഷത.
ഏറെ ആശങ്കകള്‍ ഉയര്‍ത്തിക്കൊണ്ട് പലതരത്തിലുള്ള സ്‌കാമുകള്‍, തട്ടിപ്പുകള്‍, മറ്റ് അനാവശ്യ കമ്യൂണിക്കേഷനുകള്‍ തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് നിരന്തരം ലഭിക്കുന്ന സാഹചര്യമാണ് ഉളളത്. സംശയിക്കപ്പെടുന്ന സ്പാം കോളുകളും മെസ്സേജുകളും കണ്ടെത്തി അവഗണിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും നൂതന സാങ്കേതികവിദ്യയിലൂടെ തന്നെ ഇത്തരം ഡിജിറ്റല്‍ ഭീഷണികളോട് പൊരുതുവാന്‍ തങ്ങളുടെ 8.8 മില്യണ്‍ ഉപയോക്താക്കള്‍ക്ക് ശക്തമായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുനല്‍കുകയാണ് കമ്പനിയെന്ന് ഭാരതി എയര്‍ടെല്‍ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമിത് ഗുപ്ത പറഞ്ഞു.
ശക്തമായ എ.ഐ സുരക്ഷാ സംവിധാനം
രണ്ട് തലങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന ഫീച്ചറാണിത്. ഒന്ന് നെറ്റ്‌വർക്ക് തലത്തിലും, രണ്ടാമത് ഐ.ടി സിസ്റ്റംസ് തലത്തിലും. രണ്ട് മില്ലി സെക്കന്റില്‍ 250 കോടി കോളുകളും 150 കോടി മെസേജുകളും ഈ എ.ഐ സുരക്ഷാ പ്രതിരോധ സംവിധാനത്തിലൂടെ കടന്നുപോകുന്നു.
കൂടാതെ, എസ്.എം.സുകളിലൂടെ എത്തുന്ന അപകടകാരികളായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലര്‍ത്താനുളള സംവിധാനവും എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നു. തട്ടിപ്പുകളുടെ പ്രധാന സൂചനകളിലൊന്നായ അടിക്കടി വരുന്ന ഇ.എം.ഐ മെസ്സേജുകള്‍ പോലുള്ള അസ്വഭാവിക കാര്യങ്ങള്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുവാനാകും. സ്പാം തട്ടിപ്പുകളുടെ ഭീഷണിയില്‍ നിന്നും രക്ഷനേടാന്‍ ഈ സുരക്ഷാ സംവിധാനങ്ങളിലൂടെ ഉപയോക്താക്കളെ എയര്‍ടെല്‍ പ്രാപ്തമാക്കുന്നു.
Next Story
Videos