

29 ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350 ടെലിവിഷന്‍ ചാനലുകളും ലഭിക്കുന്ന ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) സേവനം ആരംഭിച്ച് എയര്‍ടെല്‍. നെറ്റ്ഫ്ലിക്സ്, ആപ്പിള്‍ ടിവി+, ആമസോണ്‍ പ്രൈം, സോണിലിവ്, സീ5 തുടങ്ങിയ ഒ.ടി.ടി പ്ലാറ്റുഫോമുകളാണ് ലഭ്യമാകുക. കേരളത്തിലടക്കം ഇന്ത്യയിലെ 2,000 നഗരങ്ങളിൽ ഈ സേവനം ആദ്യ ഘട്ടത്തില്‍ ലഭ്യമാകും.
എയർടെൽ ഐ.പി.ടി.വി പ്ലാൻ 699 രൂപ മുതലാണ് ആരംഭിക്കുന്നത്. 40 Mbps വൈ-ഫൈ വേഗത, 26 സ്ട്രീമിംഗ് ആപ്പുകൾ, 350 ടിവി ചാനലുകൾ എന്നിവ പ്ലാനിന്റെ ഭാഗമായി ലഭിക്കും. 899 രൂപ പാക്കിൽ 100 Mbps വേഗത, 26 സ്ട്രീമിംഗ് ആപ്പുകൾ, 350 ടിവി ചാനലുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
എയര്‍ടെല്ലിന്റെ വൈ-ഫൈ പ്ലാനുകൾ പുതിയതായി എടുക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഐപിടിവി ലഭിക്കും. നിലവിലുള്ള എയർടെൽ വൈ-ഫൈ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പ് വഴിയോ, എയർടെൽ സ്റ്റോറിൽ നിന്നോ അവരുടെ പ്ലാൻ ഐപിടിവി പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുളള സൗകര്യവുമുണ്ട്.
സേവനം ആദ്യമായി ആരംഭിക്കുന്നതിന്റെ ഭാഗമായുളള ഓഫർ എന്ന നിലയിൽ, എല്ലാ എയർടെൽ ഉപയോക്താക്കൾക്കും 30 ദിവസം വരെ IPTV സേവനം സൗജന്യമായി നല്‍കും. എയർടെൽ താങ്ക്സ് ആപ്പ് വഴിയാണ് ഇത് ലഭിക്കുക.
ഡൽഹി, രാജസ്ഥാൻ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിലവില്‍ എയർടെല്ലിന്റെ ഐപിടിവി സേവനം ലഭ്യമല്ല. ഇവിടങ്ങളില്‍ ഏതാനും ആഴ്ചകൾക്കുള്ളിൽ സേവനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
1,099 രൂപയുടെ പ്ലാനിൽ 200 Mbps വേഗതയും, ആപ്പിൾ ടിവി+, ആമസോൺ പ്രൈം ഉൾപ്പെടെ 28 സ്ട്രീമിംഗ് ആപ്പുകളും, 350 ചാനലുകളും ലഭിക്കും. 1,599 രൂപയുടെ പായ്ക്കില്‍ 300 Mbps വേഗത, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം ഉൾപ്പെടെ 29 സ്ട്രീമിംഗ് ആപ്പുകളും, 350 ചാനലുകളും ലഭിക്കും. 3,999 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിൽ ഉപയോക്താക്കൾക്ക് 1 Gbps വേഗത, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം എന്നിവയുൾപ്പെടെ 29 സ്ട്രീമിംഗ് ആപ്പുകൾ, 350 ചാനലുകൾ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine