നിര്‍മിത ബുദ്ധിയിലേക്ക് ചുവടുവച്ച് ആലിബാബയും
നിർമിത ബുദ്ധി സാങ്കേതികവിദ്യയിലേക്ക് (Artificial intelligence-AI) ചുവടുവച്ച് ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ്. തങ്ങളുടെ പുതിയ എഐ ഭാഷാ മോഡലായ ടോംഗി ക്വിയാന്‍വെന്‍ (Tongyi Qianwen) ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ചൈനീസ്, ഇംഗ്ലീഷ് ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവ് ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
വിവിധ ആപ്ലിക്കേഷനുകളിലേക്ക്
ടോംഗി ക്വിയാന്‍വെന്‍ ആലിബാബയുടെ ജോലിസ്ഥലത്തെ സന്ദേശമയയ്ക്കല്‍ ആപ്പായ ഡിംഗ് ടോക്കിലേക്ക് (DingTalk) ആദ്യം ചേര്‍ക്കും. ഇമെയിലുകള്‍ എഴുതുന്നതിനും ബിസിനസ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. സമീപഭാവിയില്‍ ആലിബാബയുടെ എല്ലാ ബിസിനസ് ആപ്ലിക്കേഷനുകളിലേക്കും ഇത് സംയോജിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇത് കൂടാതെ ആലിബാബയുടെ വോയ്സ് അസിസ്റ്റന്റായ ടിമോള്‍ ജീനിയിലേക്കും (Tmall Genie) ഈ എഐ ഭാഷാ മോഡല്‍ ചേര്‍ക്കും.
വര്‍ധിച്ചുവരുന്ന പ്രാധാന്യം
വിവിധ എഐ മോഡലുകളെ ഏകീകരിക്കുന്ന ആലിബാബയുടെ പ്രൊപ്രൈറ്ററി പ്രീ-ട്രെയിന്‍ഡ് മോഡല്‍ ചട്ടക്കൂടായ ടോംഗി അടിസ്ഥാനമാക്കിയുള്ളതാണ് ടോംഗി ക്വിയാന്‍വെന്‍. ഒരു എഐ ഭാഷാ മോഡല്‍ അതിന്റെ ബിസിനസ് ആപ്ലിക്കേഷനുകളിലേക്ക് സമന്വയിപ്പിക്കാനുള്ള ആലിബാബയുടെ നീക്കം, ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിര്‍മിത ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. ആലിബാബ ചാറ്റ്ജിപിടിയ്ക്ക് ഒരു എതിരാളിയെ വികസിപ്പിക്കുന്നതായി ഈ വര്‍ഷം ഫെബ്രുവരിയിലാണ് റിപ്പോര്‍ട്ട് വന്നത്.
മറ്റുള്ളവര്‍ക്ക് ഭീഷണി
കഴിഞ്ഞ വര്‍ഷം നവംബറിലാണ് മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍എഐ ചാറ്റ്ജിപിടി പുറത്തിറക്കിയത്. പിന്നീട് ഫെബ്രുവരിയില്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിനായ ബിംഗില്‍ ഇതിനെ ചേര്‍ത്തു. ആല്‍ഫബെറ്റിന്റെ ഗൂഗ്‌ളും ചൈനീസ് ടെക്നോളജി ഗ്രൂപ്പായ ബെയ്ദുവും സ്വന്തം എഐ മോഡലുകള്‍ പ്രഖ്യാപിക്കുകയും സമാനമായ ചാറ്റ്‌ബോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഈ നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ക്ക് ആലിബാബ ഗ്രൂപ്പിന്റെ പുതിയ ചുവട്‌വെയ്പ്പ് ഭീഷണിയായേക്കാം.
ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയാണ് ആലിബാബ. ഇതിന്റെ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനാണ്. ചൈനയിലേക്ക് അദ്ദേഹം ഈയടുത്ത് മടങ്ങി എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആലിബാബയുടെ പ്രവര്‍ത്തനങ്ങളെ ചൈനയിലെ ഭരണകൂടം അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായത്.