'ബാര്‍ഡ്‌'ന് ഉത്തരം തെറ്റി, ഗൂഗിളിന്റെ ഓഹരികള്‍ ഇടിഞ്ഞു

ഗൂഗിള്‍ പാരീസില്‍ നടത്തിയ പരിപാടിക്ക് പിന്നാലെ ആല്‍ഫബെറ്റിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഗൂഗിളിന്റെ മാതൃസ്ഥാപനമാണ് ആല്‍ഫബെറ്റ്‌. മൈക്രോസോഫ്റ്റിനും ചാറ്റ്ജിപിടിക്കുമുള്ള ഗൂഗിളിന്റെ മറുപടി പ്രതീക്ഷിച്ചവര്‍ക്ക് കാര്യമായൊന്നും നല്‍കാന്‍ ഗൂഗിളിനായില്ല. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്‌ബോട്ട് ബാര്‍ഡ് ഒരുചോദ്യത്തിന് തെറ്റായി മറുപടി നല്‍കിയതും ഗൂഗിളിന് തിരിച്ചടിയായി.

ഒമ്പത് വയസുള്ള കുട്ടിയോട് പറയാനായി ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്‌കോപ്പിനെ പറ്റിയുള്ള വിവരങ്ങള്‍ പറയാന്‍ ആണ് ബാര്‍ഡിനോട് ആവശ്യപ്പെട്ടു. ജെയിംസ് വെബ്ബാണ് സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹത്തിന്റെ ഫോട്ടോ ആദ്യമായി എടുക്കുന്നതെനന്നായിരുന്നു ബാര്‍ഡിന്റെ മറുപടി.


എന്നാല്‍ ഒന്നിലധികം ടെലസ്‌കോപ്പുകള്‍ ചേര്‍ന്നാണ് ചിത്രം എടുത്തതെന്നാണ് നാസ വ്യക്തമാക്കിയത്. വിപണി മൂല്യത്തില്‍ ഏകദേശം 10000 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. നിലവില്‍ 1.27 ലക്ഷം കോടി ഡോളറാണ് ഗൂഗിളിന്റെ വിപണി മൂല്യം.

എല്ലായിടത്തും എഐ

ചാറ്റ്‌ബോട്ടില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ എഐ എങ്ങനെ സെര്‍ച്ചിനെയും 'മാപ്പ്'നെയും മാറ്റുമെന്നതായിരുന്നു ഗൂഗിള്‍ നടത്തിയ പ്രസന്റേഷന്റെ ഉള്ളടക്കം. മൈക്രോസോഫ്ത്തിന്റെ ബിംഗ്, എജ് എന്നിവയുടെ ചാറ്റ്ജിപിടി സേവനത്തിന് സമാനമായാണ് ബാര്‍ഡ് ഗൂഗിള്‍ സെര്‍ച്ചില്‍ എത്തുന്നത്.

ഗൂഗിള്‍ സെര്‍ച്ചിനൊപ്പം ബാര്‍ഡ് നല്‍കുന്ന ഉത്തരങ്ങളും ഉണ്ടാവും. ജെനറേറ്റീവ് എഐ എന്നാണ് ഗൂഗിള്‍ ഇതിനെ വിളിക്കുന്നത്. കൂടാതെ ചാറ്റ്ജിപിടിക്ക് സമാനമായി ബാര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം.


ആദ്യഘട്ടത്തില്‍ നെറ്റ്‌വര്‍ക്ക് കുറഞ്ഞ മേഖലകളില്‍ പോലും ലഭ്യമാവുന്ന ബാര്‍ഡിന്റെ 'ലൈറ്റ്' (Lite) വകഭേദം ആയിരിക്കും എത്തുക. പൊതുജനങ്ങള്‍ക്ക് ബാര്‍ഡ് എന്നത്തേക്ക് ഉപയോഗിച്ച് തുടങ്ങാം എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ സഹായത്തോടെ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ സേവനം വിപുലീകരിക്കുകയാണ് കമ്പനി. ഗൂഗിള്‍ മാപ്പിലൂടെ കെട്ടിടങ്ങള്‍ക്ക് ഉള്ളിലുള്ള കാഴ്ചകള്‍, ഒരു തെരുവ് സ്‌കാന്‍ ചെയ്യുന്നതിലൂടെ അവിടെയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവ ഗൂഗിളില്‍ എത്തും. എഐയുടെ സഹായത്തോടെ ഓപറ സംഗീതം സൃഷ്ടിക്കുന്ന ബ്ലോബ് ഓപറയുടെ വീഡിയോയും ഗൂഗിള്‍ പങ്കുവെച്ചു.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it