

ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ തങ്ങളുടെ സെല്ലിംഗ് പാർട്ണർ സർവീസസ് (Selling Partner Services) വിഭാഗത്തിൽ പുതിയ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു. തേര്‍ഡ് പാര്‍ട്ടി ട്രേഡേഴ്സിനെ സഹായിക്കുന്ന ഈ വിഭാഗത്തിൽ എത്ര പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല. 2025 ഒക്ടോബർ മുതൽ ആമസോൺ ഏകദേശം 30,000 തസ്തികകൾ വെട്ടിക്കുറച്ചിരുന്നു.
ഇതിൽ 16,000 പിരിച്ചുവിടലുകൾ നടന്നത് ജനുവരിയിലാണ്. സിഇഒ ആൻഡി ജാസിയുടെ നേതൃത്വത്തിൽ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടിയും. കോവിഡ് കാലത്തെ അമിത വിപുലീകരണത്തിനുള്ള മറുപടിയായാണ് മുൻപത്തെ വലിയ പിരിച്ചുവിടലുകളെ കമ്പനി വിശേഷിപ്പിച്ചിരുന്നത്.
അതേസമയം, ആമസോൺ തങ്ങളുടെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, പരസ്യം എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നിക്ഷേപം കുത്തനെ വർദ്ധിപ്പിക്കുകയാണ്. ദൈനംദിന ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിക്കുന്നത് ഭാവിയിൽ കൂടുതൽ തൊഴിൽ നഷ്ടമുണ്ടാക്കിയേക്കുമെന്ന് ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.
ടെക് മേഖലയിലെ പൊതുവായ പ്രവണതയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകളെ കാണുന്നത്, മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ്ഇൻ, സിസ്കോ തുടങ്ങിയ കമ്പനികളും എഐ അധിഷ്ഠിത പുനർനിർമ്മാണത്തിന്റെ ഭാഗമായി ജീവനക്കാരെ കുറയ്ക്കുന്നുണ്ട്. ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഹെൽത്ത് കെയർ ആനുകൂല്യങ്ങളും സെപ്പറേഷൻ പേയ്‌മെന്റും നൽകുമെന്നാണ് ആമസോൺ അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine