ഷിപ്പിംഗ് ചാർജുകള്‍ കുറച്ച് ആമസോണ്‍, റഫറൽ ഫീസും ഒഴിവാക്കി; സ്വിഗ്ഗി ഇൻസ്റ്റാമാർട്ടില്‍ ഇനി 10 മിനിറ്റിനുളളില്‍ സ്മാർട്ട്‌ഫോണുകള്‍ വീട്ടിലെത്തും

1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് മാറ്റം ബാധകമാകും.
Amazon India, Swiggy Instamart
Image courtesy: Canva
Published on

300 രൂപയിൽ താഴെ വിലയുള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും റഫറൽ ഫീസ് നിർത്തലാക്കാന്‍ ആമസോണ്‍ ഇന്ത്യ തീരുമാനിച്ചു. ചെറുകിട വിൽപ്പനക്കാർക്ക് ആശ്വാസം നൽകുന്ന നീക്കമാണിത്. വിൽപ്പനക്കാരിൽ നിന്ന് ഉല്‍പ്പന്നത്തിന് 2 ശതമാനം മുതൽ 4 ശതമാനം വരെയാണ് റഫറൽ ഫീസ് ഈടാക്കിയിരുന്നത്. 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് ഈ മാറ്റം ബാധകമാകും.

വസ്ത്രങ്ങള്‍, ഷൂസുകള്‍, ഫാഷന്‍ ജ്വല്ലറി, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, അടുക്കള, വാഹന ഉത്പന്നങ്ങള്‍, വളര്‍ത്തുമൃഗങ്ങളുടെ ഉത്പന്നങ്ങള്‍ തുടങ്ങി 135 ഉത്പന്ന വിഭാഗങ്ങളില്‍ ഇത് ബാധകമാണ്.

ഷിപ്പിംഗ് ചാർജുകൾ

പുറത്തുനിന്നുള്ള ഫുള്‍ഫില്‍മെന്‍റ് (ഈസി ഷിപ്പ്, സെല്ലര്‍ ഫ്ലെക്സ്) ഉപയോഗിക്കുന്ന വില്‍പ്പനക്കാര്‍ക്ക് ലളിതമായ ഫ്ലാറ്റ് ഷിപ്പിങ് നിരക്ക് അവതരിപ്പിച്ചു. പുതിയ ഷിപ്പിംഗ് ഫീസ് ഓർഡറിന് 77 രൂപയില്‍ നിന്ന് 65 രൂപയായി കുറച്ചു. ആമസോൺ വിൽപ്പനക്കാരിൽ നിന്ന് നേരിട്ട് ഓർഡറുകൾ എടുത്ത് വിതരണം ചെയ്യുന്ന സേവനമാണ് ഈസി ഷിപ്പ്. വിൽപ്പനക്കാരന്റെ വെയർഹൗസിന്റെ ഒരു ഭാഗം ആമസോണ്‍ കൈകാര്യം ചെയ്യുന്നതിനെയാണ് സെല്ലർ ഫ്ലെക്സ് എന്നു പറയുന്നത്.

കൂടാതെ, ഒരു കിലോയിൽ താഴെ ഭാരമുളള ഇനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് 17 രൂപ വരെയും കുറച്ചിട്ടുണ്ട്. ഒരേസമയം ഒന്നിലധികം യൂണിറ്റുകള്‍ അയയ്ക്കുന്ന വില്‍പ്പനക്കാര്‍ക്ക് രണ്ടാമത്തെ യൂണിറ്റില്‍ വില്‍പ്പന ഫീസില്‍ 90 ശതമാനം വരെ ലാഭിക്കാന്‍ സാധിക്കും. പുതിയ ഫീസ് ഏപ്രില്‍ 7 മുതല്‍ പ്രാബല്യത്തില്‍ വരും.

കോടിക്കണക്കിന് ഉത്പന്നങ്ങളുടെ റഫറല്‍ ഫീസ് ഒഴിവാക്കുകയും ഷിപ്പിങ് ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ അമസോണിലൂടെ വില്‍ക്കുന്നത് വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ ലാഭകരമാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അമസോണ്‍ ഇന്ത്യ സെല്ലിങ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു.

സ്വിഗ്ഗി ഇൻസ്റ്റാമാർട്ടില്‍ സ്മാർട്ട്‌ഫോണുകളും

അതേസമയം, സ്മാർട്ട്‌ഫോണുകള്‍ 10 മിനിറ്റിനുളളില്‍ ഡെലിവറി ലഭിക്കുന്ന സൗകര്യം അവതരിപ്പിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്. 10 നഗരങ്ങളില്‍ നിലവില്‍ ഈ സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ നഗരങ്ങളിലേക്ക് ഈ സൗകര്യം ഉടൻ തന്നെ വ്യാപിപ്പിക്കുമെന്നും സ്വിഗ്ഗി അറിയിച്ചു.

ആപ്പിൾ, സാംസങ്, വൺപ്ലസ്, റെഡ്മി, മോട്ടറോള, ഓപ്പോ, വിവോ, റിയൽമി തുടങ്ങിയവയുടെ സ്മാർട്ട്‌ഫോണുകൾ ഇത്തരത്തില്‍ ലഭ്യമാണ്. ബാംഗ്ലൂർ, ഡൽഹി, മുംബൈ, ചെന്നൈ, ഫരീദാബാദ്, നോയിഡ, ഗുഡ്ഗാവ്, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് നിലവിൽ ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

ഐഫോൺ 16e, സാംസങ് എം35, വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് തുടങ്ങിയവയടക്കം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ ബജറ്റ്, പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com