വെറുതെ പേരിന് എഐ വേണ്ട! ജീവനക്കാരുടെ മത്സരം മൂത്തപ്പോള്‍ ഇന്റേണല്‍ ലീഡര്‍ബോര്‍ഡ് പൂട്ടി ആമസോണ്‍! എന്താണ് 'ടോക്കണ്‍മാക്‌സിങ്'?

സിലിക്കണ്‍ വാലിയിലെ പുതിയ പ്രവണതയായ 'ടോക്കണ്‍മാക്‌സിംഗിന്' തടയിടാന്‍ ടെക് ഭീമന്റെ അടിയന്തര നടപടി; അനാവശ്യ എ ഐ ഉപയോഗം കമ്പനിക്ക് വരുത്തിവെച്ചത് വന്‍ ബാധ്യത
വെറുതെ പേരിന് എഐ വേണ്ട! ജീവനക്കാരുടെ മത്സരം മൂത്തപ്പോള്‍ ഇന്റേണല്‍ ലീഡര്‍ബോര്‍ഡ് പൂട്ടി ആമസോണ്‍! എന്താണ് 'ടോക്കണ്‍മാക്‌സിങ്'?
Published on

വെറുമൊരു ഫാഷന്റെ പേരില്‍ മാത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിക്കുന്നത് അടിയന്തരമായി നിര്‍ത്താന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആമസോണ്‍. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാം, എന്നാല്‍ ഇതിന് പിന്നില്‍ ടെക് ലോകത്തെ ഞെട്ടിച്ച ഒരു 'രഹസ്യ മത്സരത്തിന്റെ' കഥയുണ്ട്.

ജീവനക്കാര്‍ക്കിടയില്‍ AI ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആമസോണ്‍ 'KiroRank' എന്ന പേരില്‍ ഒരു ആഭ്യന്തര ലീഡര്‍ബോര്‍ഡ് (Leaderboard) തയാറാക്കിയിരുന്നു. ആരാണോ ഏറ്റവും കൂടുതല്‍ AI ടോക്കണുകള്‍ ഉപയോഗിക്കുന്നത്, അവര്‍ക്ക് ലീഡര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനം ലഭിക്കും. എന്നാല്‍ കമ്പനി പ്രതീക്ഷിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്.

ജീവനക്കാര്‍ ഒപ്പിച്ച പണി!

ലീഡര്‍ബോര്‍ഡില്‍ ഒന്നാമതെത്താന്‍ ജീവനക്കാര്‍ തമ്മില്‍ കടുത്ത മത്സരമായി. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും AI ടോക്കണുകള്‍ വാരിവലിച്ച് ഉപയോഗിച്ച് റാങ്ക് കൂട്ടാന്‍ എല്ലാവരും ശ്രമിച്ചു. സിലിക്കണ്‍ വാലിയില്‍ ഇതിനെ 'Tokenmaxxing' (ടോക്കണ്‍മാക്‌സിങ്) എന്നാണ് വിളിക്കുന്നത്.

എ ഐ മോഡലുകള്‍ പ്രോസസ് ചെയ്യുന്ന ഡാറ്റയുടെ അടിസ്ഥാന യൂണിറ്റുകളാണ് ടോക്കണുകള്‍. ആമസോണിന്റെ 'കീരോ' ഡെവലപ്പര്‍ പ്ലാറ്റ്ഫോമിലെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കീരോറാങ്ക് ലീഡര്‍ബോര്‍ഡിലെ റാങ്കിംഗ്.

റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ വേണ്ടി മാത്രം ജീവനക്കാര്‍ ഓട്ടോണമസ് ബോട്ടുകളെ (AI Agents) ഉപയോഗിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ജോലികള്‍ എ ഐ വഴി ചെയ്യിക്കാന്‍ തുടങ്ങി. ലളിതമായ കാര്യങ്ങള്‍ പോലും വലിയ എ ഐ പ്രോംപ്റ്റുകളാക്കി മാറ്റിയും, ആവശ്യമില്ലാത്ത ഡ്രാഫ്റ്റുകളും സമ്മറികളും നിരന്തരം ജനറേറ്റ് ചെയ്തും ടോക്കണ്‍ ഉപഭോഗം കൃത്രിമമായി വര്‍ധിപ്പിച്ചു. എന്നാല്‍ ഇതിന്റെ ഫലമോ പൂജ്യം, ബില്‍ ആകട്ടെ ലക്ഷങ്ങളും. വെറുതെ ടോക്കണുകള്‍ ഉപയോഗിച്ച് കൂട്ടി എന്നതൊഴിച്ചാല്‍, കമ്പനിക്ക് ഉപകാരപ്പെടുന്ന ഒരു പുതിയ കണ്ടുപിടിത്തമോ പ്രൊഡക്റ്റിവിറ്റിയോ ഇതിലൂടെ ഉണ്ടായില്ല.

കാര്യങ്ങള്‍ കൈവിട്ടുപോയെന്ന് മനസിലാക്കിയ ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ട്രെഡ്വെല്‍ ഒടുവില്‍ ആ ലീഡര്‍ബോര്‍ഡ് തന്നെ പൂട്ടി. തുടര്‍ന്ന് ജീവനക്കാര്‍ക്ക് അദ്ദേഹം അയച്ച സന്ദേശം ഇതായിരുന്നു:

'ദയവായി AI ഉപയോഗിക്കാന്‍ വേണ്ടി മാത്രം ആരും AI ഉപയോഗിക്കരുത്. ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും യഥാര്‍ത്ഥ ഇന്നൊവേഷനുകള്‍ക്കും വേണ്ടി മാത്രമായിരിക്കണം ഇനി ഇതിന്റെ ഉപയോഗം.'

എ.ഐ ചെലവ് $20,000 കോടി

AI തരംഗത്തില്‍ ഒഴുക്കിനൊപ്പം നീന്താന്‍ ശ്രമിച്ച് കോടികള്‍ കളയുന്ന കമ്പനികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണിത്. വെറുതെ ടെക്‌നോളജി ഉപയോഗിക്കുന്നത് കൊണ്ടായില്ല, അത് ബിസിനസിന് എന്ത് മൂല്യം ഉണ്ടാക്കുന്നു എന്നതാണ് പ്രധാനം എന്ന് ആമസോണിന്റെ ഈ അനുഭവം തെളിയിക്കുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരമല്ല, കൃത്യമായ പ്ലാനിങ്ങാണ് ബിസിനസ് വിജയത്തിന് ആവശ്യം.

ഒരു വശത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി ആഗോളതലത്തില്‍ വലിയ പിരിച്ചുവിടലുകള്‍ നടത്തുമ്പോഴും, മറുവശത്ത് എ ഐ ഇന്‍ഫ്രാസ്ട്രക്ചറിനായി മാത്രം ഈ വര്‍ഷം 200 ബില്യണ്‍ ഡോളറോളം മൂലധനച്ചെലവ് (Capital Expenditure) പ്രതീക്ഷിക്കുന്ന കമ്പനിയാണ് ആമസോണ്‍.

Amazon deprecated its employee-built 'KiroRank' dashboard after workers inflated AI token consumption to climb the rankings, driving up cloud costs without delivering meaningful outcomes.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com