ലൊക്കേഷന്‍ ട്രാക്കിംഗ്, വൈഫൈ ഹോട്ട് സ്‌പോട്ട്; റിലയന്‍സ് നിങ്ങളുടെ പഴയ കാറിനെ 'സ്മാര്‍ട്ട്' ആക്കും
'ജിയോ മോട്ടീവ്' എന്ന പുത്തൻ ജിയോ ഡിവൈസുമായി അംബാനി, ഇനി ഏത് സാധാരണ കാറിനെയും സ്മാര്‍ട്ട് കാര്‍ ആക്കാം. സംഭവം സിംപിള്‍ ആണ്, കാറിലെ ചാര്‍ജർ പ്ലഗ് കണക്റ്റ് ചെയ്യുന്നത്ര സിംപിള്‍ ആയി ഉപയോഗിക്കാവുന്ന പ്ലഗ്-ആന്‍ഡ്-പ്ലേ ഡിസൈവാണ് ഇത്. കിടിലന്‍ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ ഡിവൈസ് ഏത് പഴയ കാറിനും സ്മാര്‍ട്ട് ഫീച്ചറുകള്‍ പ്രദാനം ചെയ്യും.
ജിയോ മോട്ടീവ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. 4,999 രൂപ വിലയുള്ള ഈ ഡിവൈസ് ഘടിപ്പിച്ചാല്‍ ഏത് കാറിനെയും പല അത്യാധുനിക ഫീച്ചറുകളുമുള്ള കാര്‍ ആക്കാം.
പ്ലഗ്-ആന്‍ഡ്-പ്ലേ ഡിവൈസായത് കൊണ്ട് തന്നെ കാറിന്റെ ഒ.ബി.ഡി (On Board Diagnostics) പോർട്ടിൽ കണക്ട് ചെയ്തു പ്രവർത്തിപ്പിക്കാം. തത്സമയ ലൊക്കേഷന്‍ ട്രാക്കിംഗ്, വൈഫൈ ഹോട്ട്സ്പോട്ട്, ജിയോ ടൈം ഫെന്‍സിംഗ് എന്നിവയുള്‍പ്പെടെ എല്ലാ സവിശേഷതകളും നിങ്ങളുടെ പഴയ കാറില്‍ നിങ്ങള്‍ക്ക് ലഭിക്കും.
ഈ ഉപകരണം നിലവില്‍ ജിയോ സിം ഉപയോഗിക്കുന്നവര്‍ക്കോ പുതുതായി ജിയോ സിം എടുക്കുന്നവര്‍ക്കോ മാത്രമേ ഉപയോഗിക്കാനാകൂ. നിലവില്‍ സിം ഉള്ളവര്‍ക്ക് പ്രാഥമിക ജിയോ പ്ലാന്‍ ജിയോമോട്ടീവ് പ്ലാനിലേക്ക് വിപുലീകരിക്കാനാവും.
ആദ്യ വര്‍ഷത്തേക്ക് ജിയോ ഈ ഉപകരണത്തിന് സൗജന്യ സബ്സ്‌ക്രിപ്ഷന്‍ നല്‍കുന്നു. ഇതിനുശേഷം ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കേണ്ടി വരും. ഒരു വർഷത്തേക്ക് 599 രൂപയാണ് സബ്‌സ്‌ക്രിപ്ഷന്‍ ചെലവ്.
പ്രത്യേകതകള്‍ ചുരുക്കത്തില്‍
- ആന്റി-തെഫ്റ്റ് അലേര്‍ട്ട്: ഈ ഡിവൈസ് കാറില്‍ നിന്നും മാറ്റം ചെയ്യപ്പെപ്പെട്ടാലോ കാര്‍ നിര്‍ത്തിയിട്ടിടത്തു നിന്ന് അനങ്ങിയാലോ അപ്പോള്‍ അലേര്‍ട്ട് നല്‍കും
- ലൈവ് വാഹന ട്രാക്കിംഗ്: നിങ്ങളുടെ വാഹനം നിങ്ങളുടെ കൂടെ അല്ലെങ്കിലും മറ്റാര്‍ക്കെങ്കിലും ഉപയോഗിക്കാന്‍ കൊടുക്കുമ്പോഴും അതിന്റെ സ്ഥാനവും ചലനവും നിങ്ങള്‍ക്ക് തല്‍ക്ഷണം നിരീക്ഷിക്കാനാകും.
- ടൈം ഫെന്‍സ്: നിങ്ങള്‍ ടൈം ഫെന്‍സിംഗ് ഓണ്‍ ചെയ്ത് കഴിഞ്ഞ് ആരെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ആക്കിയാല്‍ നിങ്ങള്‍ക്ക് അലേര്‍ട്ട് ലഭിക്കും
- ഇ-സിം: ഇത് നിങ്ങളുടെ നിലവിലുള്ള ജിയോ മൊബൈല്‍ ഡാറ്റ പ്ലാനുമായി കണക്റ്റ് ആണ്. ഒരു അധിക സിം കാര്‍ഡിന്റെയോ ഡാറ്റാ പ്ലാനിന്റെയോ ആവശ്യകത ഇല്ലെങ്കിലും ഡാറ്റാ ലിമിറ്റ് ഉയർത്തേണ്ടി വന്നേക്കാം.
- ജിയോ ഫെന്‍സിംഗ്: ഇതുപയോഗിച്ച് മാപ്പില്‍ വെര്‍ച്വല്‍ അതിരുകളോ ഏരിയകളോ ലിമിറ്റ് ചെയ്യാം. ഇത് ഘടിപ്പിച്ച വാഹനം ഈ അതിരുകള്‍ കടന്നുപോകുമ്പോള്‍ ഉടമസ്ഥര്‍ക്ക് അലേര്‍ട്ടുകള്‍ ലഭിക്കും, ഇത് അതിന്റെ ചലനത്തെക്കുറിച്ച് ഒരു ടാബ് സൂക്ഷിക്കാന്‍ അവരെ അനുവദിക്കുന്നു.
- വൈഫൈ ഹോട്ട്‌സ്‌പോട്ട്: ഇതിലെ ഹോട്ട്‌സ്‌പോട്ട് സൗകര്യം വാഴ്ത്തി നിങ്ങൾക്ക് ഒരേസമയം 8 ഉപകരണങ്ങൾ വരെ കണക്‌റ്റുചെയ്യാനാകും. യാത്രയിലുടനീളം ഇന്റർനെറ്റ് ആസ്വദിക്കാനാകും.
- വെഹിക്കിൾ ഹെൽത്ത് ഡയഗ്നോസ്റ്റിക്സ്: ഇത് നിങ്ങളുടെ കാറിന്റെ ബാറ്ററിയുടെ ആരോഗ്യം, എഞ്ചിൻ ലോഡ്, കൂളന്റ് താപനില എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു.
- ഡ്രൈവിംഗ് പെർഫോമൻസ് അനാലിസിസ് : നിങ്ങളുടെ ഡ്രൈവിംഗ് മോശമാണെങ്കിലോ ഓവർ സ്പീഡ് ആണെങ്കിലോ ഒക്കെ ഇത് മുന്നറിയിപ്പ് നൽകും. അതിവേഗ ആക്സിലറേഷൻ, പെട്ടെന്നുള്ള തിരിവുകൾ എന്നിവ കണ്ടെത്തുകയും നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു.