ടവറുകള്‍ വേണ്ടാതാവുമോ, ആന്‍ഡ്രോയിഡ് 14 എത്തുക സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റിയുമായി
ആന്‍ഡ്രോയിഡ് 14ല്‍, ഗൂഗിള്‍ സാറ്റ്‌ലൈറ്റ് (ഉപഗ്രഹ) കണക്ടിവിറ്റി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിളിലെ സിനീയര്‍ വൈസ് പ്രസിഡന്റ് (Platforms and Ecosystems) ഹിരോഷി ലോക്ക്‌ഹൈമര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പില്‍ സാറ്റ്‌ലൈറ്റ് കണക്ടിവിറ്റി എത്തുമെന്നാണ് ട്വീറ്റില്‍ പറയുന്നത്.
Wild to think about user experiences for phones that can connect to satellites. When we launched G1 in '08 it was a stretch to get 3G + Wifi working. Now we're designing for satellites. Cool! Excited to support our partners in enabling all of this in the next version of Android!
— Hiroshi Lockheimer (@lockheimer) September 1, 2022
സെപ്റ്റംബര്‍ 7ന് പുറത്തിറങ്ങുന്ന ഐഫോണ്‍ 14ല്‍ സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി ഉണ്ടാകുമോ എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് ലോക്ക്‌ഹൈമറിന്റെ ട്വീറ്റ് എത്തുന്നത്. നേരത്തെ ആപ്പിള്‍ ഐഫോണ്‍ 13 പ്രഖ്യാപിച്ചപ്പോഴും സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ടെക് ലോകത്തുണ്ടായിരുന്നു. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇടനിലക്കാരില്ലാതെ ഉപഗ്രഹങ്ങള്‍ വഴി നേരിട്ടുള്ള ആശയവിനിമയം സാധ്യമാവും എന്നതാണ് സാറ്റ്‌ലൈറ്റ് കണക്ടിവിറ്റിയുടെ പ്രത്യേകത.
ഇതിലൂടെ നെറ്റ്‌വര്‍ക്കില്ലാത്ത വിദൂര പ്രദേശങ്ങളില്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സാധ്യമാവും. സ്മാര്‍ട്ട്ഫോണുകളില്‍ സാറ്റ്‌ലൈറ്റ് കണക്റ്റിവിറ്റി നല്‍കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സും ടി-മൊബൈലും സഹകരിക്കുന്നുണ്ട്. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ സേവനം എത്തിക്കുന്നത്. ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലൂടെ തന്നെ സാറ്റ്‌ലൈറ്റ് സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് മസ്‌ക് വ്യക്തമാക്കിയത്.