നിര്‍മിത ബുദ്ധിയെ തോല്‍പിക്കാന്‍ വഴിയുണ്ട്! യുവാക്കള്‍ക്ക് ആന്ത്രോപിക് മേധാവി നല്‍കുന്ന ഉപദേശം കേട്ടോ?

എഐയെ എതിരാളിയായി കാണേണ്ടതില്ല, കൂട്ടാളിയായി കാണുക. അതായത് എഐയെ തോല്‍പ്പിക്കേണ്ടതല്ല, ഉപയോഗിക്കാനാണ് പഠിക്കേണ്ടത്
Anthropic, artificial intelligence
Image courtesy: www.anthropic.com, Canva
Published on

നിര്‍മിത ബുദ്ധി (AI) അതിവേഗം തൊഴില്‍ മേഖലകളെ മാറ്റിമറിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക കരിയര്‍ ഉപദേശവുമായി ആന്ത്രോപിക് (Anthropic) സിഇഒ ഡാരിയോ അമോദി. ഇനിയങ്ങോട്ട് സാങ്കേതിക കഴിവുകള്‍ മാത്രം മതിയാകില്ല. മനുഷ്യനോട് ഇടപഴകുന്ന (human-centred) കഴിവുകള്‍ക്കാണ് ഭാവിയില്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രാധാന്യം. സെറോധ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള ഒരു സംഭാഷണത്തിലാണ് ഡാരിയോ അമോദി ഇക്കാര്യം പറയുന്നത്.

മനുഷ്യനും മനുഷ്യനുമായുള്ള ബന്ധം പ്രധാനം

എഐയുടെ പുരോഗതി വിവരിക്കുമ്പോള്‍ അമോദി ഉപയോഗിച്ച ഉപമ ശ്രദ്ധേയം. കരയിലേക്ക് അടിച്ചുകയറാന്‍ പോകുന്ന വലിയൊരു തരംഗം അകലെ ഉയരുന്നത് കാണുകയാണ് നാം. അതായത്, എഐയുടെ സ്വാധീനം പൂര്‍ണമായി അനുഭവപ്പെടാനിരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ലോകം കടക്കുകയാണ്. യുവാക്കള്‍ക്ക് അദ്ദേഹം നല്‍കിയ പ്രധാന നിര്‍ദേശം: മനുഷ്യബന്ധങ്ങളും സഹാനുഭൂതിയും ഉള്‍ക്കൊള്ളുന്ന ജോലികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.

മനുഷ്യരുടെ മനസ്സിലാക്കല്‍, സാമൂഹിക ഇടപെടല്‍, യാഥാര്‍ഥ്യ ലോകവുമായി നേരിട്ടുള്ള ബന്ധം എന്നിവ ആവശ്യമായ ജോലികള്‍ പൂര്‍ണമായി കൈകാര്യം ചെയ്യാന്‍ നിര്‍മിത ബുദ്ധി സമയം എടുക്കും. അതുകൊണ്ട്, ഇത്തരത്തിലുള്ള കഴിവുകള്‍ വളര്‍ത്തുന്നതിന് പ്രാധാന്യം നല്‍കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതോടൊപ്പം, ശക്തമായ വിശകലന ശേഷിയും (analytical foundation) ആവശ്യമാണ്. മനുഷ്യബുദ്ധിയും വിശകലന ശേഷിയും ലോക പരിചയവും കൂട്ടിചേര്‍ത്താല്‍ ഭാവി തൊഴില്‍ വിപണിയില്‍ നിലനില്‍ക്കാന്‍ സാധിക്കും.

കോഡിംഗ് മാത്രം മതി എന്നില്ല

ആദ്യം ഓട്ടോമേറ്റ് ചെയ്യുന്നത് ടെക്‌നിക്കല്‍ ജോലികളാകും. കോഡിംഗ് പഠിക്കേണ്ടതില്ലെന്നല്ല, പക്ഷേ സാധാരണ കോഡിംഗ് ജോലികള്‍ എഐ വഴി വേഗത്തില്‍ ഓട്ടോമേറ്റ് ചെയ്യപ്പെടാനിടയുണ്ട്. എന്നാല്‍ സിസ്റ്റം ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, സമഗ്രമായ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് കഴിവുകള്‍ കുറച്ചുകാലം കൂടി ആവശ്യമായിരിക്കും. എങ്കിലും സാങ്കേതിക മേഖല പൂര്‍ണമായി സുരക്ഷിതമാണെന്ന് കരുതാന്‍ പാടില്ല.

എഐയെ ഭയപ്പെടേണ്ടതില്ല; മറിച്ച്, അതിനെ സ്വന്തം കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ പ്രയോജനപ്പെടുത്തേണ്ട ഒരു ഉപകരണമെന്ന നിലയില്‍ കാണണം. എഐ കാലത്ത് 'comparative advantage' എന്ന ആശയം അമോദി വിശദീകരിച്ചു. ഒരാള്‍ ചെയ്യുന്ന ചെറിയ മനുഷ്യ ഇടപെടല്‍ പോലും എഐയുടെ സഹായത്തോടെ പലമടങ്ങ് ഫലപ്രദമാകാം. നിങ്ങള്‍ ഒരു ജോലിയുടെ അഞ്ചു ശതമാനം സംഭാവന ചെയ്താല്‍, എ.ഐ ഉപയോഗം കൊണ്ട് അതിന്റെ 20 മടങ്ങ് ഇംപാക്ട് നല്‍കാനാവും. അതിനാല്‍, മനുഷ്യന്റെ വിവേചന ബുദ്ധി, സൃഷ്ടിപരത, സാഹചര്യ ബോധം, എമ്പതി, കമ്യൂണിക്കേഷന്‍, ഡിസൈന്‍ തിങ്കിംഗ് എന്നിവയും എഐയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ അവസരങ്ങള്‍ അന്വേഷിക്കണം.

വിദ്യാഭ്യാസവും സ്ഥാപനങ്ങളും തയ്യാറാണോ?

എഐയുടെ വളര്‍ച്ച അതിവേഗത്തിലാണെന്നും, വിദ്യാഭ്യാസ സംവിധാനങ്ങളും നയരൂപീകരണ സംവിധാനങ്ങളും അതിനൊത്ത് സജ്ജമായിട്ടില്ലെന്നും അമോദി അഭിപ്രായപ്പെട്ടു. എങ്കിലും, ഭയം വേണ്ട, മുന്നൊരുക്കമാണ് പ്രധാനം. മനുഷ്യബുദ്ധിയും സാങ്കേതിക ഉപകരണങ്ങളും കൂട്ടിച്ചേര്‍ത്തുള്ള കരിയര്‍ നിര്‍മാണമാണ് ഭാവിയില്‍ വിജയകരമാകുക.

എഐ മനുഷ്യനെ മാറ്റിസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് ആന്ത്രോപിക് സി.ഇ.ഒ നല്‍കിയ ഉപദേശം ഇതാണ്: എഐയെ എതിരാളിയായി കാണേണ്ടതില്ല, കൂട്ടാളിയായി കാണുക. അതായത് എഐയെ തോല്‍പ്പിക്കേണ്ടതല്ല, ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. അതിനാല്‍ കരിയര്‍ പ്ലാന്‍ ചെയ്യുമ്പോള്‍ 'ഹ്യൂമന്‍ + അനലിറ്റിക്കല്‍ + റിയല്‍ വേള്‍ഡ് സ്‌കില്‍സ്' എന്ന കോമ്പിനേഷന്‍ ചിന്തിക്കൂ -അമോദി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com