

പുതിയ ഹെല്‍ത്ത്, എ.ഐ ഫീച്ചറുകളുമായി ആപ്പിള്‍ എയര്‍പോഡ്‌സും വാച്ചും. 25,900 രൂപ വില വരുന്ന ആപ്പിള്‍ എയര്‍പോഡ്‌സ് പ്രോ3 വെറുമൊരു ലിസണിംഗ് ഡിവൈസ് മാത്രമല്ലെന്നാണ് ആപ്പിളിന്റെ വാദം. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ അടക്കമുള്ള സംവിധാനങ്ങളും പുതിയ തലമുറ ആക്ടീവ് നോയിസ് ക്യാന്‍സലേഷനുമുള്ള എയര്‍പോഡ്‌സ് പ്രോയില്‍ തത്സമയ തര്‍ജമയും ലഭിക്കും. അതായത് എയര്‍പോഡ്‌സ് ധരിച്ച രണ്ട് പേര്‍ക്ക് തമ്മില്‍ ഐഫോണിന്റെ സഹായത്തോടെ വ്യത്യസ്ത ഭാഷകളില്‍ ആശയവിനിമയം നടത്താം. എയര്‍പോഡിലൂടെ തര്‍ജമ ലഭിക്കുകയും അതിനുള്ള മറുപടി ഐഫോണിലൂടെ ടെക്‌സ്റ്റ് രൂപത്തില്‍ നല്‍കുകയും ചെയ്യാം.
ധരിക്കുന്നയാളിന്റെ ഹാര്‍ട്ട് റേറ്റ് ഐഫോണ്‍ സഹായത്തോടെ മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനവും എയര്‍ബഡ്‌സ് പ്രോ3യിലുണ്ട്. ഉപയോക്താവിന്റെ പള്‍സ്, കാലറി എന്നിവയും ട്രാക്ക് ചെയ്യാം. 50ലധികം വര്‍ക്ക് ഔട്ട് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ചെവിയില്‍ നിന്ന് എയര്‍പോഡുകള്‍ ഊരിപ്പോകുമോയെന്ന ആശങ്കയും ഇനി വേണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ചെവിയുടെ സ്വാഭാവിക ആകൃതിക്ക് അനുസരിച്ചാണ് ഇവയുടെ ഡിസൈന്‍. വിവിധ സൈസിലുള്ള അഞ്ച് ഇയര്‍ ടിപ്പുകളും നല്‍കിയിട്ടുണ്ട്. ഐ.പി 57 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സ് ഉള്ളതിനാല്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന സമയങ്ങളിലും എയര്‍പോഡുകള്‍ സുഗമമായി ധരിക്കാമെന്നും ആപ്പിള്‍ പറയുന്നു.
2016ലാണ് ആദ്യമായി വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ ആപ്പിള്‍ പുറത്തിറക്കുന്നത്. 2019ല്‍ എയര്‍പോഡ്‌സ് പ്രോയും എത്തി. സൗണ്ട് ക്വാളിറ്റി മെച്ചപ്പെടുത്തിയതിനൊപ്പം ആക്ടീവ് നോയിസ് ക്യാന്‍സലേഷനും അന്ന് ഉള്‍പ്പെടുത്തിയിരുന്നു. 2022ല്‍ പുറത്തിറക്കിയ എയര്‍പോഡ്‌സ് പ്രോ 2ല്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉണ്ടായിരുന്നു. അതിനേക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകളുമായാണ് പുതിയ താരത്തിന്റെ വരവ്. സിംഗിള്‍ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെയാണ് പ്രോ3യുടെ ബാറ്ററി ലൈഫ്. നേരത്തെ ഇത് 6 മണിക്കൂറായിരുന്നു. പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കാന്‍ വയര്‍ലെസ് സാങ്കേതിക വിദ്യയിലും അപ്‌ഗ്രേഡ് വരുത്തി. നഷ്ടപ്പെട്ട് പോയാല്‍ കണ്ടെത്താന്‍ കൂടുതല്‍ മെച്ചപ്പെട്ട ട്രാക്കിംഗ് ഫീച്ചറുകളും ഏര്‍പ്പെടുത്തി.
ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് എസ്.ഇ 3, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 എന്നിങ്ങനെ മൂന്ന് വാച്ചുകളാണ് ഇക്കുറി ആപ്പിള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഹാര്‍ഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആപ്പിള്‍ വാച്ച് ജീവന്‍ രക്ഷിച്ചവരുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു ഇവ അവതരിപ്പിച്ചത്.
കൂടുതല്‍ മെച്ചപ്പെട്ട ഹെല്‍ത്ത്, ഫിറ്റ്‌നെസ്, കണക്ടിവിറ്റി ഫീച്ചറുകളോടെയാണ് കൂട്ടത്തിലെ ബജറ്റ് പതിപ്പിന്റെ വരവ്. മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കാനായി എസ് 10 ചിപ്പാണ് വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓള്‍വേസ് ഓണ്‍ ഡിസ്‌പ്ലേ, ഫാസ്റ്റ് ചാര്‍ജിംഗ്, 5ജി സപ്പോര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും ഇക്കുറിയുണ്ട്. സ്ലീപ്പ് ട്രാക്കിംഗ്, സ്ലീപ്പ് സ്‌കോര്‍, റിസ്റ്റ് ഹീറ്റ് സെന്‍സിംഗ്, ഓവുലേഷന്‍ എസ്റ്റിമേറ്റ്‌സ് തുടങ്ങിയ ഹെല്‍ത്ത് ഫീച്ചറുകളുമുണ്ട്. 40 എം.എം, 44 എം.എം സൈസുകളിലാണ് ലഭ്യമാവുക. 25,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഇതുവരെയുള്ള ആപ്പിള്‍ വാച്ചുകളിലെ ഏറ്റവും വലിയ സ്‌ക്രീനാണ് അള്‍ട്ര 3യിലുള്ളത്. സാധാരണ ഉപയോഗത്തില്‍ 42 മണിക്കൂറും ലോ പവര്‍ മോഡില്‍ 72 മണിക്കൂറും ബാറ്ററി ലൈഫ് ലഭിക്കും. 5ജി കണക്ഷനൊപ്പം ഉപഗ്രഹ സഹായത്തോടെയുള്ള ആശയ വിനിമയവും ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കാനും ലൊക്കേഷന്‍ പങ്കുവെക്കാനുമുള്ള സംവിധാനവുമുണ്ട്. രക്താദിസമ്മര്‍ദ്ദം (Hypertension) അലര്‍ട്ട്, സ്ലീപ്പ് സ്‌കോര്‍ പോലുള്ള ഹെല്‍ത്ത് ഫീച്ചറുകള്‍ ഈ വാച്ചിനെ വേറിട്ടതാക്കും. 89,990 രൂപ മുതലാണ് വാച്ചിന്റെ വില ആരംഭിക്കുന്നത്.
24 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുന്ന വാച്ചിന് കനം കുറഞ്ഞ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. അലൂമിനിയം മോഡലില്‍ അയണ്‍ എക്‌സ് ഗ്ലാസുകളും ടൈറ്റാനിയം മോഡലില്‍ സഫൈര്‍ ക്രിസ്റ്റലുമാണ് ഉപയോഗിച്ചിരിക്കുന്നത്. അള്‍ട്രാ 3യിലേത് പോലെ ഹെപ്പര്‍ടെന്‍ഷന്‍ നോട്ടിഫിക്കേഷന്‍, സ്ലീപ്പ് സ്‌കോര്‍, ഇ.സി.ജി, ബ്ലഡ് ഓക്‌സിജന്‍, സൈക്കിള്‍ ട്രാക്കിംഗ് തുടങ്ങിയ ഹെല്‍ത്ത് ഫീച്ചറുകളും ലഭിക്കും. ലിക്വിഡ് ഗ്ലാസ് ഇന്റര്‍ഫേസില്‍ പ്രവര്‍ത്തിക്കുന്ന വാച്ച് ഒ.എസ് 26 ആണ് വാച്ചിലുള്ളത്. അലൂമിനിയം ഫിനിഷില്‍ സ്‌പേസ് ഗ്രേ, ജെറ്റ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളില്‍ ടൈറ്റാനിയത്തില്‍ നാച്ചുറല്‍, ഗോള്‍ഡ്, സ്ലേറ്റ് തുടങ്ങിയ നിറങ്ങളിലും വാച്ച് ലഭിക്കും. 46,900 രൂപ മുതലാണ് വാച്ചിന്റെ വില ആരംഭിക്കുന്നത്.
Apple unveils AirPods Pro 3 with pulse monitoring, improved fit, and Apple Watch Ultra 3, SE 3 & Series 11 with sleep score and hypertension alerts.
Read DhanamOnline in English
Subscribe to Dhanam Magazine