ഒന്നാമനായി ആപ്പിള്‍; സാംസംഗിന്റെ 12 വര്‍ഷത്തെ അപ്രമാദിത്തം പൊളിച്ചു

ആഗോളതലത്തില്‍ സംസംഗിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായി ആപ്പിള്‍. 2010ന് ശേഷം ആദ്യമായാണ് ആപ്പിള്‍ ആഗോള വിപണിയില്‍ സാംസംഗിനെ മറികടക്കുന്നത്. ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം 2023ല്‍ 23.46 കോടി സ്മാര്‍ട്ട്ഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. 2022ല്‍ ഇത് 22.63 കോടി സ്മാര്‍ട്ഫോണുകളായിരുന്നു. അതായത് 83 ലക്ഷം ഫോണുകളുടെ വര്‍ധനയും 3.7 ശതമാനം വളര്‍ച്ചയും.

മികച്ച വളര്‍ച്ച രേഖപ്പെടുത്തിയതോടെ ആപ്പിളിന്റെ വിപണി വിഹിതം 2022ലെ 18.8 ശതമാനത്തില്‍ നിന്ന് 2023ല്‍ 20.1 ശതമാനമായി ഉയര്‍ന്നു. ചൈനീസ് വിപണിയില്‍ ശക്തമായ വെല്ലുവിളി ആപ്പിളിന് നേരിടേണ്ടി വന്നെങ്കിലും പ്രീമിയം ഫോണുകളോടുള്ള താല്‍പര്യം വര്‍ധിച്ചതാണ് ആപ്പിളിന്റെ നേട്ടത്തിനുള്ള പ്രധാന കാരണം. ഒപ്പം ഓഫറുകളും പലിശരഹിത ഫിനാന്‍സിംഗ് പ്ലാനുകളും നേട്ടമായി.

അടിതെറ്റി സാംസംഗ്

സാംസംഗിന്റെ കയറ്റുമതി 2022ലെ 26.22 കോടിയില്‍ നിന്ന് 2023ല്‍ 13.6 ശതമാനം ഇടിവോടെ 22.66 കോടിയായി കുറഞ്ഞു. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 2022ലെ 21.7 ശതമാനത്തില്‍ നിന്ന് 2023ല്‍ 19.4 ശതമാനമായും കുറഞ്ഞു. ആപ്പിളിനും സംസംഗിനും പിന്നാലെ ഷാവോമി, ഓപ്പോ, ട്രാന്‍ഷന്‍ പോലുള്ള സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡുകളും പിന്നാലെയുണ്ട്.

നിലവില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയും ഓപ്പോയും 2023ല്‍ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഇടിവുണ്ടായതായി ഐ.ഡി.സി റിപ്പോര്‍ട്ട് പറയുന്നു. 2023ല്‍ 3.2 ശതമാനം ഇടിവോടെ ആകെ 117 കോടി സ്മാര്‍ട്ഫോണുകളാണ് ആഗോളതലത്തില്‍ വിറ്റഴിച്ചത്.

Related Articles

Next Story

Videos

Share it