ആപ്പിളിന്റെ വിപണിമൂല്യം വീണ്ടും $3 ലക്ഷം കോടി കടന്നു

246 ലക്ഷം കോടി രൂപ! ഒരു കമ്പനിയുടെ വിപണിമൂല്യമാണിത്. ഫ്രാന്‍സ്, റഷ്യ, ഇറ്റലി, ബ്രസീല്‍, ദക്ഷിണ കൊറിയ തുടങ്ങിയ മുന്‍നിര രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ വലിയ മൂല്യം! കമ്പനി വേറെ ഏതുമല്ല, ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ തന്നെ.

ഇന്നലെയാണ് (ജൂണ്‍ 30, വെള്ളി) ആപ്പിളിന്റെ മൂല്യം മൂന്ന് ലക്ഷം കോടി ഡോളര്‍ (246 ലക്ഷം കോടി രൂപ) കടന്നത്. ഇതിന് മുമ്പ് 2022 ജനുവരി മൂന്നിനും വ്യാപാരത്തിനിടെ ആപ്പിള്‍ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നെങ്കിലും ഏതാനും മണിക്കൂറുകള്‍ മാത്രമേ ആ നേട്ടം നിലനിറുത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഓഹരിവില താഴ്ന്നതോടെ, വിപണിമൂല്യവും (Market Capitalization) അന്ന് താഴുകയായിരുന്നു.
ഓഹരിക്കുതിപ്പ്
വെള്ളിയാഴ്ച രാവിലത്തെ വ്യാപാര സെഷനില്‍ ഓഹരിവില 1.3 ശതമാനം ഉയര്‍ന്ന് 191.99 ഡോളറില്‍ എത്തിയതോടെയാണ് ആപ്പിളിന്റെ വിപണിമൂല്യം രണ്ടാംതവണയും മൂന്ന് ലക്ഷം കോടി ഡോളര്‍ കടന്നത്. ലോകത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി കൂടിയാണ് ആപ്പിള്‍. 2023ല്‍ ഇതുവരെ ആപ്പിളിന്റെ ഓഹരിവില കൂടിയത് 46 ശതമാനമാണ്.
ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച്, ഐക്ലൗഡ്, ആപ്പിള്‍ മ്യൂസിക്, വിഷന്‍ പ്രൊ, ആപ്പിള്‍ ടിവി പ്ലസ്, ഐട്യൂണ്‍സ് എന്നിവയുടെ വില്‍പനയിലൂടെയാണ് ആപ്പിള്‍ വരുമാനം നേടുന്നത്.
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഐഫോണ്‍ വില്‍പന പ്രതീക്ഷിച്ചിതലും മുകളിലാണെന്നാണ് വിലയിരുത്തല്‍. പുതുതായി വിപണിയിലവതരിപ്പിച്ച ഓഗ്മെന്റഡ്-റിയാലിറ്റി ഹെഡ്‌സെറ്റായ വിഷന്‍ പ്രൊയും (Vision Pro) മികച്ച സ്വീകാര്യത നേടുന്നുണ്ട്. 47 വര്‍ഷം മുമ്പ് അമേരിക്കയിലെ സിലിക്കണ്‍ വാലിയില്‍ പിറന്ന കമ്പനിയാണ് ആപ്പിള്‍.
2021 ആഗസ്റ്റിലാണ് ആപ്പിളിന്റെ മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടി ഡോളര്‍ കടന്നത്. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കം തന്നെ മൂന്ന് ലക്ഷം കോടി ഡോളറിലേക്ക് മൂല്യമെത്തി. അത് നിലനിറുത്താനായില്ലെങ്കിലും വെറും ഒന്നരവര്‍ഷം കൊണ്ടുതന്നെ നേട്ടം തിരിച്ച് പിടിക്കാന്‍ ആപ്പിളിന് കഴിഞ്ഞു. 2019ലായിരുന്നു ആപ്പിള്‍ ലക്ഷം കോടി കമ്പനിയായത്.
2007ലാണ് ആദ്യ ഐഫോണ്‍ വിപണിയിലെത്തിയത്. നിലവില്‍ ആപ്പിളിന്റെ മൊത്തം വരുമാനത്തില്‍ പാതിയും ഐഫോണില്‍ നിന്നാണ്.
അമേരിക്കന്‍ പെരുമ
ലോകത്തെ മൂല്യമേറിയ കമ്പനികളില്‍ മിക്കതും അമേരിക്കയിലാണ്. ഗൂഗ്‌ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്, സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്, ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണ്‍, ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ എന്നീ അമേരിക്കന്‍ കമ്പനികളുടെ വിപണിമൂല്യം ഒരുലക്ഷം കോടി ഡോളറിന് മേലെയാണ്. അതായത്, 82 ലക്ഷം കോടി രൂപയിലധികം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it