

മെലിഞ്ഞുണങ്ങിയ ഐഫോണ്‍ 17 എയര്‍ അടക്കം പുതിയ തലമുറ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍. ആരാധകരുടെ പരാതി അവസാനിപ്പിക്കാന്‍ ഐഫോണ്‍ സീരിസിലെ ഡിസൈനുകളില്‍ മാറ്റം കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്. ഐഫോണ്‍ 17 സീരീസിന്റെ വില മുന്‍ മോഡലുകളുടേതിന് സമാനമായി നിലനിറുത്തിയെങ്കിലും 128 ജി.ബി സ്‌റ്റോറേജ് പതിപ്പ് ഒഴിവാക്കി. തത്സമയ തര്‍ജമ സാധ്യമാകുന്ന എയര്‍പോഡ്‌സ് പ്രോ 3, ആപ്പിള്‍ വാച്ച് സീരിസ് 11, ആപ്പിള്‍ വാച്ച് എസ്.ഇ 3, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണ് കഴിഞ്ഞ ദിവസത്തെ ആപ്പിള്‍ ഇവന്റില്‍ അവതരിപ്പിക്കപ്പെട്ടത്. മിക്ക ഐഫോണുകളിലും ഇ-സിം മാത്രമായിരിക്കും ഉണ്ടാവുക.
പുതിയ 6.3 ഇഞ്ചിന്റെ പ്രോ മോഷന്‍ ഡിസ്‌പ്ലേയിലാണ് ഐഫോണ്‍ 17ന്റെ വരവ്. ഓള്‍വേസ് ഓണ്‍ ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നിവ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കുന്നതാണ്. പ്രോ പതിപ്പ് അല്ലാത്ത മോഡലില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് നല്‍കിയത് ഇതാദ്യമാണ്. കൂടുതല്‍ ഈടുനില്‍ക്കുന്നതിനായി സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയാണ് ഡിസ്‌പ്ലേയില്‍ നല്‍കിയിരിക്കുന്നത്. മുന്‍ മോഡലുകളേക്കാള്‍ മൂന്ന് മടങ്ങ് സ്‌ക്രാച്ച് റെസിസ്റ്റന്റാണ് പുതിയ ഐഫോണിലെ ഡിസ്‌പ്ലേ.
3നാനോ മീറ്റര്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പുതിയ എ19 പ്രോസസറാണ് പുതിയ ഐഫോണിന്റെ തലച്ചോര്‍. കൂടുതല്‍ ജോലികള്‍ ഒരേ സമയം വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവന്‍ സഹായിക്കും. കൂടുതല്‍ ബാറ്ററി ലൈഫ് ഉറപ്പാക്കാനും കരുത്തനാകും. 30 മണിക്കൂറിന്റെ വീഡിയോ പ്ലേബാക്കാണ് ആപ്പിള്‍ പറയുന്നത്. ഐഫോണ്‍ 16നേക്കാള്‍ എട്ട് മണിക്കൂര്‍ കൂടുതലാണിത്. ഐഫോണുകളുടെ ചാര്‍ജിംഗ് സമയം കൂടുതലാണെന്ന പരാതി മാറ്റാനും ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ ഹൈവോള്‍ട്ടേജ് യു.എസ്.ബി ടൈപ്പ് സി ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം. പതിവ് പോലെ ചാര്‍ജര്‍ പ്രത്യേകം പണം കൊടുത്ത് വാങ്ങണമെന്ന് മാത്രം.
ഐഫോണ്‍ 17ലെ പ്രധാന മാറ്റങ്ങളിലൊന്ന് ക്യാമറയിലാണ്. 18 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയില്‍ ഇതാദ്യമായി സെന്റര്‍ സ്റ്റേജ് ക്യാമറ സാങ്കേതിക വിദ്യ ആപ്പിള്‍ അവതരിപ്പിച്ചു. ഇതുവരെയുള്ളതില്‍ വെച്ചേറ്റവും മികച്ച ഫ്രണ്ട് ക്യാമറയെന്നാണ് ആപ്പിള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഫോണ്‍ വെര്‍ട്ടിക്കലായി പിടിച്ചുകൊണ്ട് പോര്‍ട്രെയിറ്റ്, ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോകള്‍ എടുക്കാമെന്നതാണ് പ്രത്യേകത. പ്രതിവര്‍ഷം ആഗോളതലത്തില്‍ 50,000 കോടി സെല്‍ഫികള്‍ ഐഫോണുകളില്‍ എടുക്കാറുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ഐഫോണ്‍ 17ല്‍ ഒറ്റക്കും കൂട്ടത്തോടെയും എടുക്കുന്ന സെല്‍ഫികള്‍ക്ക് വേണ്ടി എ.ഐ സഹായത്തോടെ ഫോണ്‍ തന്നെ ഫ്രെയിം സെറ്റ് ചെയ്യും. മുന്‍,പിന്‍ ക്യാമറകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഡ്യൂവല്‍ റെക്കോഡിംഗും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്.
പിന്നില്‍ ഇരട്ട ക്യാമറ കോണ്‍ഫിഗറേഷനാണ്. 48 എം.പിയുടെ രണ്ട് ഫ്യൂഷന്‍ ക്യാമറകളാണിത്. പിന്‍ ക്യാമറയില്‍ ഇതാദ്യമായി 48 എം.പി സെന്‍സര്‍ നല്‍കി. 2x ടെലിഫോട്ടോ ലെന്‍സ് അടങ്ങിയതാണ് ഫോണിലെ പ്രധാന ക്യാമറ. 48 എം.പിയുടെ വൈഡ് ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമാറ്റിക്ക് മോഡ്, ആക്ഷന്‍ മോഡ് എന്നിവക്കൊപ്പം 4കെ 60 എഫ്.പി.എസ് വീഡിയോ റെക്കോഡിംഗും ഇതില്‍ സാധ്യമാണ്. 256 ജി.ബി സ്റ്റോറേജ് മുതലാണ് ഫോണ്‍ ആരംഭിക്കുന്നത്. 512 ജി.ബി സ്‌റ്റോറേജും ലഭ്യമാണ്. ബ്ലാക്ക്, ലാവന്‍ഡര്‍, മിസ്റ്റ് ബ്ലൂ, സീജ്, വൈറ്റ് എന്നീ നിറങ്ങളാണുള്ളത്. 82,900 രൂപ മുതലാണ് ഫോണിന്റെ വില.
ഏറ്റവും കനം കുറഞ്ഞതും ഈടുനില്‍ക്കുന്നതുമായ മോഡലെന്ന വിശേഷണത്തോടെയാണ് ഐഫോണ്‍ 17 എയറിന്റെ വരവ്. 5.6 എം.എം കനമാണ് ഫോണിന്. ഇതുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും മെലിഞ്ഞ ഫോണ്‍ ആണിതെന്നും ആപ്പിള്‍ പറയുന്നു. മുന്നിലും പിന്നിലും ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയുണ്ട്. 6.5 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്.ഡി.ആര്‍ പ്രോമോഷന്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്.
2x സൂം മോഡുള്ള 48 മെഗാപിക്‌സലിന്റെ ഒറ്റ ഫ്യൂഷന്‍ ക്യാമറയാണ് പിന്നിലുള്ളത്. മുന്നില്‍ 18 മെഗാപിക്‌സലിന്റെ സെന്റര്‍ സ്റ്റേജ് ക്യാമറയും ഒരുക്കിയിരിക്കുന്നത്. 6 കോര്‍ സി.പി.യു, 5 കോര്‍ ജി.പി.യുവുമുള്ള എ19 പ്രോ ചിപ്പാണ് ഫോണിനെ നിയന്ത്രിക്കുന്നത്. ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫും ഫോണിലുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. നേരത്തെയുണ്ടായിരുന്ന ഐഫോണ്‍ പ്ലസ് കാറ്റഗറിയിലാണ് എയറിന്റെ സ്ഥാനം. സ്‌പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോള്‍ഡ്, സ്‌കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 1,19,900 രൂപ മുതലാണ് ഫോണിന്റെ വില.
ഇക്കുറി ആപ്പിള്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയ മോഡലുകളാണിത്. അലൂമിനിയത്തിലാണ് ഫോണിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും സെറാമിക് ഷീല്‍ഡ് 2ന്റെ സുരക്ഷയുണ്ട്. പിന്‍ഗാമികളേക്കാള്‍ നാല് മടങ്ങ് സ്‌ക്രാച്ച് റെസിസ്റ്റന്റാണ് പിന്‍ഭാഗം. ഐഫോണ്‍ 17 പ്രോയില്‍ 6.3 ഇഞ്ച് വലിപ്പത്തിലും പ്രോ മാക്‌സില്‍ 6.9 ഇഞ്ച് വലിപ്പത്തിലുമുള്ള ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. 3,000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നെസ് ഏത് സാഹചര്യത്തിലും മികച്ച ദൃശ്യാനുഭവം ഒരുക്കുമെന്നും ആപ്പിള്‍ പറയുന്നു.
48 മെഗാപിക്‌സലിന്റെ മൂന്ന് ഫ്യൂഷന്‍ ക്യാമറകള്‍ പ്രത്യേകം തയ്യാറാക്കിയ പ്ലേറ്റുവിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ ആന്റിന സംവിധാനവും ഇതിനുള്ളിലാണ്. 8x ഒപ്റ്റിക്കല്‍ സൂം സാധ്യമാകുന്ന ടെലിഫോട്ടോ ലെന്‍സും ക്യാമറ സംവിധാനത്തിലുണ്ട്. മുന്നില്‍ 18 മെഗാപിക്‌സലിന്റെ സെന്റര്‍ സ്റ്റേജ് ക്യാമറയാണ് നല്‍കിയിരിക്കുന്നത്. മള്‍ട്ടി ക്യാമറ വീഡിയോ സിംങ്കിങ്ങിനായി പ്രോറെസ് റോ, ആപ്പിള്‍ ലോഗ് 2, ജെന്‍ലോക്ക് എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഇവന്റ് ഷൂട്ട് ചെയ്തത് പ്രോ പതിപ്പുകളിലാണെന്നും കമ്പനി പറയുന്നു.
ഐഫോണ്‍ 16 പ്രോ മോഡലുകളേക്കാള്‍ 40 ശതമാനം പെര്‍ഫോമന്‍സ് ഉറപ്പാക്കുന്ന എ19 പ്രോ ചിപ്പ്‌സെറ്റാണ് ഫോണിനെ നിയന്ത്രിക്കുന്നത്. മാക്ബുക്ക് പ്രോയുടെ പെര്‍ഫോമന്‍സ് ഇതില്‍ ലഭിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. കൂടുതല്‍ ശേഷിയുള്ള ബാറ്ററി, ഫോണിന്റെ താപനില നിയന്ത്രിക്കുന്നതിന് വേപ്പര്‍ ചേംബര്‍, വൈഫൈ 7, ബ്ലൂടൂത്ത് 6, ത്രെഡ് എന്നീ സാങ്കേതിക വിദ്യകള്‍ക്കായി ആപ്പിളിന്റെ എന്‍1 ചിപ്പ് സെറ്റ് എന്നിവയും ഫോണിലുണ്ട്. സില്‍വര്‍, ഡീപ്പ് ബ്ലൂ, കോസ്മിക്ക് ഓറഞ്ച് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 256 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 17 പ്രോക്ക് 1,34,900 രൂപയും പ്രോ മാക്‌സിന് 1,69,900 രൂപയുമാണ് പ്രാരംഭ വില. ഇക്കുറി രണ്ട് ടി.ബി സ്‌റ്റോറേജ് പതിപ്പും ആപ്പിള്‍ പുറത്തിറക്കുന്നുണ്ട്.
ക്രോസ്‌ബോഡറി സ്ട്രാപ്പ്, കിടിലന്‍ കെയ്‌സുകള്‍, കൂടുതല്‍ മെലിഞ്ഞ മാഗ്‌സേഫ് തുടങ്ങിയ അക്‌സസറികളും ആപ്പിള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ഐ.ഒ.എസ് 26 പതിപ്പ് സെപ്റ്റംബര്‍ 15ന് പുറത്തിറക്കും. എല്ലാ ഡിവൈസുകളുടെയും പ്രീഓര്‍ഡര്‍ തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ 19 മുതലാണ് ഫോണ്‍ ലഭ്യമാവുക.
Apple unveils the iPhone 17 Air, AirPods Pro 3, Apple Watch Series 11, and more at its latest event. Check out all the key announcements, features, and updates.
Read DhanamOnline in English
Subscribe to Dhanam Magazine