

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി നേരിട്ടുള്ള ഐഫോണ്‍ വില്‍പ്പന എത്രയും വേഗം ആരംഭിക്കാന്‍ ആപ്പിള്‍ തയ്യാറെടുപ്പാരംഭിച്ചു. വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ ഇന്നലെ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെയാണ് ഇതിനു വഴി തെളിഞ്ഞത്.ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം മാള്‍ എന്നിവയുമായുള്ള ഓണ്‍ലൈന്‍ വില്‍പ്പന പങ്കാളിത്തമാണ് ഇപ്പോള്‍ ആപ്പിളിന് ഇന്ത്യയിലുള്ളത്.
ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയത്. വിദേശ സിംഗിള്‍ ബ്രാന്‍ഡ് കമ്പനികള്‍ക്ക് വെബ് സ്റ്റോറുകള്‍ വഴി നേരിട്ടുള്ള വില്‍പ്പനയ്ക്ക് അനുമതി നല്‍കാനും ഇതിന്റെ ഭാഗമായി തീരുമാനമെടുത്തു.
ഇന്ത്യന്‍ വിപണിക്കായുള്ള തങ്ങളുടെ പ്രത്യേക വെബ് സ്റ്റോര്‍ അടുത്ത 3-5 മാസങ്ങളില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. 12-18മാസത്തിനുള്ളില്‍ മുംബൈയില്‍ വിപുലമായ ആപ്പിള്‍ സ്റ്റോര്‍ സ്ഥാപിക്കാനും യു.എസ് കമ്പനിക്ക് പദ്ധതിയുണ്ട്.
ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചത് ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്കു ഗുണകരമാകും. 30 ശതമാനത്തിന്റെ നിര്‍വചനത്തില്‍ ഇനി ഇന്ത്യയില്‍ വില്‍ക്കുന്നതും കയറ്റി അയക്കുന്നതും ഉള്‍പ്പെടും. ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍ വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചു കൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയാകും ഇനി.
പുതിയ തീരുമാനങ്ങള്‍ കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കാനുപകരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കുകയാണെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തം നിലയ്ക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. കല്‍ക്കരി ഖനനം, കല്‍ക്കരി സംസ്‌കരണം, അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. അച്ചടി മാധ്യമരംഗത്തേതുപോലെ ഡിജിറ്റല്‍ മാധ്യമരംഗത്തും 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine