

ആഗോള പ്രീമിയം ടെക് ബ്രാന്‍ഡായ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി. മാക്ബുക്ക് (MacBook), ഐപാഡ് (iPad) എന്നിവയുടെ അടിസ്ഥാന വിലയില്‍ 20 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് കമ്പനി വര്‍ധന വരുത്തിയത്. ഇന്ത്യയില്‍ വിവിധ മോഡലുകള്‍ക്ക് 70,000 രൂപ വരെയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. അതേസമയം ഉയര്‍ന്ന കോണ്‍ഫിഗറേഷനുകളുള്ള ചില പ്രീമിയം മോഡലുകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ ഏകദേശം 1 ലക്ഷം രൂപയോളം ഇപ്പോള്‍ അധികം നല്‍കേണ്ടി വരുന്നു.
ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഡാറ്റാ സെന്ററുകളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധനയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. എ.ഐ രംഗത്തെ കുതിച്ചുചാട്ടം കാരണം മെമ്മറി ചിപ്പുകള്‍ക്കും (DRAM, NAND) സ്റ്റോറേജുകള്‍ക്കുമുള്ള ഡിമാന്‍ഡ് വിപണിയില്‍ കുത്തനെ ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഘടകത്തിന്റെ വില ഇത്രയും പെട്ടെന്ന്, ഇത്രയധികം വര്‍ധിക്കുന്നതെന്നാണ് ഇന്‍ഡസ്ട്രിയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതുവരെ ഈ അധികച്ചെലവ് ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതെ കമ്പനി തന്നെയായിരുന്നു വഹിച്ചിരുന്നത്. എന്നാല്‍ ഇനി അത് സാധ്യമാകാത്ത സാഹചര്യത്തിലാണ് വില പുതുക്കാന്‍ നിര്‍ബന്ധിതരായതെന്ന് ആപ്പിള്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ വിരമിക്കാനൊരുങ്ങുന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ഈ വിലവര്‍ധന അനിവാര്യമാണെന്ന് സൂചിപ്പിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. വന്‍തോതിലുള്ള വിലക്കയറ്റ വാര്‍ത്ത പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരി മൂല്യം 6 ശതമാനത്തോളം ഇടിഞ്ഞു.
പുതിയ നിരക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജനപ്രിയ മോഡലുകളുടെ വിലയില്‍ വന്‍ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. മാക്ബുക്ക് പ്രോയുടെ പ്രാരംഭ വില 2,49,900 രൂപയില്‍ നിന്ന് 2,99,900 രൂപയായി വര്‍ധിച്ചു. 50,000 രൂപയാണ് ഒറ്റയകടിക്ക് വര്‍ധിച്ചത്.
1,69,900 രൂപയ്ക്ക് പുറത്തിറക്കിയ മാക്ബുക്ക് പ്രോ ലാപ്‌ടോപ്പിന് ഇപ്പോള്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ 2,39,900 രൂപയാണ് വില. ഒറ്റയടിക്ക് 70,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വര്‍ധന നേരിട്ടത് ഐപാഡ് എയര്‍ സീരീസിനാണ്. 84,900 രൂപയുണ്ടായിരുന്ന പ്രാരംഭ മോഡലിന് 41.22 ശതമാനം വര്‍ധനയോടെ 1,19,900 രൂപയായി ഉയര്‍ന്നു.
അതേസമയം, ഐഫോണ്‍, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് എന്നിവയുടെ വിലയില്‍ നിലവില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ പ്രോ മോഡലുകളുടെയും വില വര്‍ധിച്ചേക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
Tech giant Apple raises prices of MacBooks and iPads globally and in India due to surging costs of semiconductor components driven by the AI boom.
Read DhanamOnline in English
Subscribe to Dhanam Magazine