ഐഫോണ്‍ 15 സീരീസ് എത്തി; വില ഇങ്ങനെ
ആപ്പിള്‍ ഐഫോണ്‍ 15 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചു. ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ആപ്പിള്‍ പാര്‍കിലെ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ ഓണ്‍ലൈനായി നടന്ന വണ്ടര്‍ലസ്റ്റ് എന്നു പേരിട്ട പരിപാടിയിലാണ് ഇവ പുറത്തിറക്കിയത്.
ആപ്പിള്‍ ഐഫോണ്‍ 15 സവിശേഷതകള്‍
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ 15 ഒട്ടേറെ പുതുകളോടെയാണ് എത്തിയിരിക്കുന്നത്. പ്രോ മോഡലുകളില്‍ മാത്രം ലഭ്യമായ ഡൈനാമിക് ഐലന്‍ഡ് ഉള്‍പ്പെടുത്തിയാണ് ഇത്തവണ സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണ്‍ 15ല്‍ 48 എം.പി പ്രധാന ക്യാമറ സംവിധാനവുമുണ്ട്. ഈ ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം യുഎസ്ബി-സി പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനമാണ്. അതായത് വിപണിയിലെ ആന്‍ഡ്രോയിഡ് ഫോണുകളുടെതിന് സമാനമായ ചാര്‍ജര്‍.
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്
പുതിയ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകളില്‍ A16 ബയോണിക് ചിപ്പ് ആണുള്ളത്. ഐഫോണ്‍ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയും, 15 പ്ലസ് ഫോണുകളില്‍ 6.7 ഇഞ്ച് ഡിസ്പ്ലേയുമാണ്. നീല, പിങ്ക്, മഞ്ഞ, പച്ച, കറുപ്പ് എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്.
ആപ്പിള്‍ ഐഫോണ്‍ 15ന്റെ 128 ജി.ബി മോഡലിന് 79,900 രൂപയിലും 256 ജി.ബിക്ക് 89,900 രൂപയിലും 512 ജി.ബിക്ക് 1,09,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്ലസ് 128 ജി.ബി മോഡലിന് 89,900 രൂപയിലും 256 ജി.ബിക്ക് 99,900 രൂപയിലും 512 ജി.ബിക്ക് 1,19,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.
ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്
ആപ്പിള്‍ ഐഫോണ്‍ 15 പ്രോയും പ്രോ മാക്സും എത്തിയിരിക്കുന്നത് പുതിയ ടൈറ്റാനിയം ഫ്രെയിമിലാണ്. അതായത് ടൈറ്റാനിയത്തില്‍ നിര്‍മിതമായ ഫ്രെയിമില്‍ ഭാരം കുറഞ്ഞാണ് ഇവ എത്തിയിരിക്കുന്നത്. പ്രോ മോഡലുകള്‍ ആപ്പിള്‍ ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും ഭാരം കുറഞ്ഞതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ പുതിയ A17 പ്രോ ചിപ്സെറ്റാണുള്ളത്. പ്രോ മോഡലുകള്‍ക്ക് 29 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് സമയം നല്‍കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
മെച്ചപ്പെട്ട പ്രവര്‍ത്തന ക്ഷമതയും മൊബൈല്‍ ഗെയിമിങ് ശേഷിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 48 എംപി പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് പ്രോ മോഡലുകളിലുള്ളത്. ഡിഫോള്‍ട്ട് ആയി 24 എം.പി സൂപ്പര്‍ എച്ച്ഡി ചിത്രങ്ങള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. ഫോക്കസ്, ഡെപ്ത് കണ്‍ട്രോള്‍ സംവിധാനങ്ങളോടു കൂടിയ മെച്ചപ്പെട്ട പോര്‍ട്രെയ്റ്റുകള്‍ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. 5x ടെലിഫോട്ടോ സൗകര്യമാണ് പ്രോ മോഡലുകളില്‍ നല്‍കിയിരിക്കുന്നത്.
ഐഫോണ്‍ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജി.ബിക്ക് 1,44,900 രൂപയിലും 512 ജി.ബിക്ക് 1,64,900 രൂപയിലും 1 ടി.ബിക്ക് 1,84,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോ മാക്സ് 256 ജിബി മോഡലിന് 1,59,900 രൂപയിലും വില ആരംഭിക്കുന്നു. ഇതിന്റെ 512 ജി.ബിക്ക് 1,79,900 രൂപയിലും 1 ടി.ബിക്ക് 1,99,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്.
സെപ്തംബര്‍ 15 മുതല്‍ പ്രീ-ബുക്കിംഗ്
പുതിയ ആപ്പിള്‍ ഉപകരണങ്ങള്‍ സെപ്തംബര്‍ 15 മുതല്‍ പ്രീ-ബുക്കിംഗിനായി ലഭ്യമാക്കും, സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പന ആരംഭിക്കും. ഡല്‍ഹിയിലും മുംബൈയിലും ആപ്പിള്‍ ഔദ്യോഗിക സ്റ്റോറുകള്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആദ്യത്തെ ഐഫോണ്‍ ലോഞ്ചാണിത്.