ആപ്പിൾ പോലും കരുതാത്ത ഡിമാന്‍ഡ്! ഇത്തവണ താരം ഐഫോണ്‍ 17, ഉത്പാദനം കൂട്ടാന്‍ നിര്‍ദ്ദേശം, ലാഭത്തില്‍ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്

82,900 രൂപ മുതലാണ് ഇന്ത്യയില്‍ ഐഫോണ്‍ 17 മോഡലുകള്‍ക്ക് വില ആരംഭിക്കുന്നത്
Apple iPhone 17 in green with floral-themed display on screen, shown alongside a lineup of iPhone 17 models in multiple colours highlighting the dual and triple camera modules
https://www.apple.com/
Published on

ഐഫോണ്‍ 17 അടിസ്ഥാന മോഡലിന്റെ ഉത്പാദനം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ആപ്പിള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പ്രീ ഓര്‍ഡറുകളും വില്‍പ്പനയും ലഭിച്ചതോടെയാണ് ഉത്പാദന കരാറുകാര്‍ക്ക് കമ്പനി നിര്‍ദ്ദേശം നല്‍കിയത്. 82,900 രൂപ മുതല്‍ ആരംഭിക്കുന്ന ആപ്പിള്‍ 17 മോഡലുകളുടെ പ്രതിദിന ഉത്പാദനം 40 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം മുതൽ ഇന്ത്യയിൽ വിൽപന ആരംഭിച്ച ആപ്പിള്‍ ഐഫോണ്‍ 17 സീരീസുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ പണം മുടക്കേണ്ട പ്രീമിയം മോഡലുകളായ ഐഫോണ്‍ 17 പ്രോ, പ്രോമാക്‌സ് മോഡലുകളേക്കാള്‍ ബജറ്റ് വിലയില്‍ ലഭ്യമായ ഐഫോണ്‍ 17 ഫോണുകളോടാണ് ആളുകള്‍ക്ക് പ്രിയം. ആകെ ഉത്പാദനത്തിന്റെ 25 ശതമാനം ഐഫോണ്‍ 17 മോഡലുകള്‍ക്കും 65 ശതമാനം പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ക്കും 10 ശതമാനം എയര്‍ മോഡലിനുമാണ് മാറ്റിവെച്ചിരുന്നത്. എന്നാല്‍ ഡിമാന്‍ഡ് കൂടിയതോടെ ചൈനയിലെ ഐഫോണ്‍ നിര്‍മാതാക്കളായ ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍, ഫോക്‌സ്‌കോണ്‍ കമ്പനികള്‍ക്ക് ആപ്പിളിന്റെ പുതുക്കിയ നിര്‍ദ്ദേശമെത്തി.

എന്തുകൊണ്ട് ഐഫോണ്‍ 17

സാധാരണ ഐഫോണ്‍ സീരീസുകളിലെ പ്രോ പതിപ്പുകളില്‍ ലഭ്യമാകുന്ന പ്രീമിയം ഫീച്ചറുകള്‍ സാധാ ഐഫോണുകള്‍ക്ക് ലഭ്യമാക്കാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ ആപ്പിള്‍ കളി മാറ്റി. എല്ലാ ഫോണുകള്‍ക്കും 120 ഹെര്‍ട്‌സിന്റെ പ്രോമോഷന്‍ ഡിസ്‌പ്ലേ തന്നെ നല്‍കി. പ്രോ മോഡലുകളുടേതിന് തുല്യമായ 256 ജി.ബി സ്‌റ്റോറേജും 6.3 ഇഞ്ചിന്റെ സ്‌ക്രീനും ഇവക്ക് നല്‍കി. ചില പതിപ്പുകളില്‍ ഇ-സിം മാത്രം ഉള്‍പ്പെടുത്തിയതും ആരാധകരുടെ മനസ് മാറ്റി. ഇതോടെ കൂടുതല്‍ പേരും ഐഫോണ്‍ 17 മോഡലിലേക്ക് തിരിഞ്ഞെന്നാണ് ടെക് ലോകത്തെ സംസാരം.

ലാഭം കുറയും

അതേസമയം, കൂടുതല്‍ ലാഭം ലഭിക്കുന്ന പ്രോ പതിപ്പുകളുടെ വില്‍പ്പന കുറയുന്നത് ആപ്പിളിന്റെ ആകെ ലാഭത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷേ കമ്പനിയുടെ വിപണി വിഹിതം കുറയാതെ പിടിച്ചുനിറുത്താന്‍ പുതിയ നയം സഹായിക്കും. കുറച്ച് വര്‍ഷങ്ങളായി ഐഫോണ്‍ വില്‍പ്പന പിടിച്ചുനിറുത്താന്‍ ആപ്പിളിന് കഴിഞ്ഞിട്ടില്ല. ഇത്തവണ ഡിമാന്‍ഡ് കൂടുതലുള്ള ഫോണുകള്‍ കൂടുതലിറക്കി വില്‍പ്പന കണക്കുകളില്‍ മുന്നിലെത്താനുള്ള ശ്രമമാണ് ആപ്പിളിന്റേത്.

Apple iPhone 17 sees unexpected demand in India, with prices starting at ₹82,900. Production raised by 40% as consumers prefer the base model over Pro versions; experts warn profit margins may dip

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com