

ഉത്സവ സീസണില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലായിരുന്ന ആപ്പിളിന് ഇന്ത്യയില്‍ വന്‍ തിരിച്ചടി. ദസറയോടനുബന്ധിച്ച് ഐഫോണ്‍ വില്‍പനയില്‍ 30 ശതമാനം വരെ ഇടിവുണ്ടായതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫോണുകളുടെ വില വര്‍ധിച്ചതും ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറഞ്ഞതുമാണ് തിരിച്ചടിയായത്. വരാനിരിക്കുന്ന ദീപാവലി സീസണിലും വലിയ മുന്നേറ്റമുണ്ടാകാനിടയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
2025ല്‍ 1.43 കോടി ഐഫോണുകളാണ് ഇന്ത്യയില്‍ വില്‍പനയ്ക്കായി അയച്ചത്. എന്നാല്‍ 2026ല്‍ ഐഫോണ്‍ വിതരണത്തില്‍ പത്ത് ശതമാനത്തിലേറെ ഇടിവുണ്ടാകുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. വര്‍ഷത്തിന്റെ രണ്ടാം പകുതിയിലായിരിക്കും ഇടിവ് കൂടുതല്‍ പ്രകടമാകുക.
ഐഫോണ്‍ 15, 16, 17 സീരീസുകളിലെ പഴയ മോഡലുകള്‍ക്കും വില വര്‍ധിച്ചത് ആവശ്യകത കുറയാന്‍ കാരണമായി. മുന്‍വര്‍ഷങ്ങളില്‍ ഉത്സവകാലത്ത് ലഭിച്ചിരുന്ന മികച്ച ഡിസ്‌കൗണ്ടുകളും പലിശരഹിത ഇഎംഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇത്തവണ കുറഞ്ഞു.
നിലവിലുള്ള ഐഫോണുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാന്‍ കഴിയുന്നതും പുതിയ മോഡലുകളിലേക്ക് മാറുന്നത് ഉപഭോക്താക്കള്‍ വൈകിപ്പിക്കുന്നതും വില്‍പനയെ ബാധിക്കുന്നുണ്ട്. ഉയര്‍ന്ന വില നല്‍കി പുതിയ ഫോണ്‍ വാങ്ങുന്നതിനുപകരം പഴയ ഫോണ്‍ തന്നെ ഉപയോഗിക്കുന്നത് തുടരാനാണ് പലരും താല്‍പ്പര്യപ്പെടുന്നത്. ഐഫോണിന് മാത്രമല്ല ഈ തിരിച്ചടി. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
ഉത്സവകാലത്ത് മികച്ച വില്‍പന പ്രതീക്ഷിച്ച് വ്യാപാരികളും വിതരണക്കാരും വലിയ തോതില്‍ ഐഫോണുകള്‍ സംഭരിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വില്‍പന നടക്കാത്തതിനാല്‍ പഴയ മോഡലുകളുടെ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണ്.
പുതിയ മോഡലുകള്‍ ലഭിക്കുന്നതിന് പഴയ ഐഫോണുകള്‍ കൂടി വാങ്ങാന്‍ വിതരണക്കാര്‍ നിര്‍ബന്ധിക്കുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആപ്പിള്‍ ഇന്ത്യ പരിശോധന നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Read DhanamOnline in English
Subscribe to Dhanam Magazine