ആപ്പിളിന് ഇന്ത്യയില്‍ വേണം 5 ലക്ഷം തൊഴിലാളികളെ; ഉത്പാദനം ഇരട്ടിയാക്കല്‍ ലക്ഷ്യം

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യയില്‍ വലിയ വിപുലീകരണത്തിന് തയാറെടുക്കുന്നു. ഉല്‍പാദനം വര്‍ധിപ്പിച്ച് കയറ്റുമതി കൂട്ടുകയെന്നതാണ് ലക്ഷ്യം. അടുത്ത മൂന്നുവര്‍ഷത്തിനിടെ 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ ആപ്പിളിന് ഇന്ത്യയില്‍ 1.5 ലക്ഷം ജീവനക്കാരാണുള്ളത്.
2023ല്‍ ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയെ ഒരു വലിയ ഉത്പാദന ഹബ്ബാക്കി മാറ്റുകയെന്ന ദീര്‍ഘവീക്ഷണമാണ് ആപ്പിളിനുള്ളത്. ചൈനയുടെ വിഹിതമാണ് ഇന്ത്യയിലേക്ക് അവര്‍ വഴിമാറ്റുന്നത്.
കയറ്റുമതിയിലും കുതിപ്പ്
ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍കുതിപ്പാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. 10 മില്യണ്‍ യൂണിറ്റ് കയറ്റുമതി നടത്തിയതിനൊപ്പം ഇതില്‍ നിന്നുള്ള വരുമാനത്തിലും വലിയ വര്‍ധനയുണ്ടായി. തൊട്ടുമുമ്പത്തെ സാമ്പത്തികവര്‍ഷത്തെ 6.27 ബില്യണ്‍ ഡോളറില്‍ നിന്ന് 2023-24 വര്‍ഷത്തെ വരുമാനം 12.1 ബില്യണ്‍ ഡോളറായിട്ടാണ് ഉയര്‍ന്നത്.
മുംബൈ ആസ്ഥാനമായ ക്ലീന്‍മാക്‌സ് എന്ന സോളാര്‍ കമ്പനിയുമായി ആപ്പിള്‍ കഴിഞ്ഞയാഴ്ച്ച കരാറിലെത്തിയിരുന്നു. ഇന്ത്യയിലെ ആപ്പിളിന്റെ ഓഫീസുകളും സ്‌റ്റോറുകളും സോളാര്‍ വൈദ്യുതിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് കരാര്‍. 14.4 മെഗാവാട്ട്‌സ് വൈദ്യുതിയുടെ കരാറാണ് ഇരുകമ്പനികളും തമ്മിലുള്ളത്. ആപ്പിളുമായി യു.എസിലും സ്‌പെയിനിലും സഹകരണമുള്ള കമ്പനിയാണ് ക്ലീന്‍മാക്‌സ്.
ആപ്പിള്‍ ലോകത്ത് 7 ഐഫോണുകള്‍ നിര്‍മിക്കുമ്പോള്‍ അതില്‍ ഒരെണ്ണം ഇന്ത്യയിലാണ്. മൊത്തം നിര്‍മാണത്തിന്റെ 14 ശതമാനം വരുമിത്. ഇത് വരുംവര്‍ഷങ്ങളില്‍ 25 ശതമാനത്തിലേക്ക് എത്തിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയെ നിര്‍മാണ ഹബ്ബ് മാത്രമായിട്ടല്ല ഐഫോണ്‍ നിര്‍മാതാക്കള്‍ കാണുന്നത്. വലിയൊരു മാര്‍ക്കറ്റ് ഇവിടെയുണ്ടെന്ന് ആപ്പിള്‍ കരുതുന്നു.
Related Articles
Next Story
Videos
Share it