ഇന്ത്യയിലെ 'ആദ്യ' ആപ്പിള്‍ സ്റ്റോര്‍ ഇന്ന് തുറക്കും

ആപ്പിളിന്റെ രാജ്യത്തെ 'ആദ്യ' റീറ്റെയ്ല്‍ സ്റ്റോര്‍ ഇന്ന് തുറക്കും. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്‌സിലാണ് ഇത് പ്രവര്‍ത്തിക്കുക (ആപ്പിള്‍ ബികെസി). മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളിനുള്ളില്‍ 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് മുംബൈ സ്റ്റോര്‍. ഈ സ്റ്റോറിനായി ആപ്പിള്‍ പ്രതിമാസം 42 ലക്ഷം രൂപ വാടകയായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

image:@www.apple.com/in/newsroom

ഇനി നേരിട്ട് വാങ്ങാം

ഇതുവരെ ആപ്പിൾ ഇന്ത്യയിൽ റീസെല്ലര്‍മാര്‍ മുഖേനയാണ് ഐഫോണുകള്‍, ഐപാഡുകള്‍, ഐമാക്കുകള്‍ എന്നിവ വിറ്റഴിച്ചിരുന്നത്. ഇനി ഇന്ത്യയില്‍ നിന്നു തന്നെ നേരിട്ടുള്ള സ്‌റ്റോര്‍ വഴി ഉപയോക്താക്കള്‍ക്ക് ഇവ വാങ്ങാന്‍ കഴിയും. രാജ്യത്ത് ഇത്തരത്തിലുള്ള സ്‌റ്റോര്‍ തുറക്കുന്നത് വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ആപ്പിളിന് പ്രവേശനം നല്‍കുന്നമെന്ന് വിദഗ്ധര്‍ പറയുന്നു

ടിം കുക്ക് എത്തി

ഇന്ത്യയ്ക്ക് മനോഹരമായ ഒരു സംസ്‌കാരവും അവിശ്വസനീയമായ ഊര്‍ജ്ജവുമുണ്ടെന്നും ആപ്പളിന്റെ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. ആപ്പിള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ സ്റ്റോറായ 'ആപ്പിള്‍ സകേത്' ഏപ്രില്‍ 20 ന് ഡല്‍ഹിയിലും തുറക്കും. സ്റ്റോറുകളുടെ ഉദ്ഘാടനത്തിനായി ടിം കുക്ക് ഇന്ത്യയില്‍ എത്തി. മുകേഷ് അംബാനി, എൻ ചന്ദ്രശേഖരൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുൾപ്പെടെ വിവിധ പ്രമുഖരെ ടിം കുക്ക് സന്ദർശിക്കും.

വില്‍പ്പനയിലും തിളങ്ങി

ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കുന്നത് ആപ്പിളിന്റെ ശക്തമായ ചുവടുറപ്പിക്കലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ 600 കോടി ഡോളറിന്റെ (49,000 കോടി രൂപ) വില്‍പ്പന നേട്ടം കൈവരിച്ചു. 2021-22 ല്‍ ഇത് 410 കോടി ഡോളറായിരുന്നു. ഏകദേശം 50 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം നാലിരട്ടി ഉയര്‍ന്ന് 500 കോടി ഡോളര്‍ (40,000 കോടി രൂപ) കടന്നിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it