ആപ്പിള്‍ പേയും ക്രെഡിറ്റ് കാര്‍ഡും ഇന്ത്യയിലേക്ക്
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് വലിയ വിപണി സാധ്യതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇവിടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. കമ്പനിയുടെ 'ആപ്പിള്‍ കാര്‍ഡ്' പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ എം.ഡി ശശിദര്‍ ജഗ്ദീഷനുമായി ആപ്പിള്‍ മേധാവി ടിം കുക്ക് ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ രാജ്യത്ത് ബാങ്കുകള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാന്‍ അനുമതിയുള്ളത്.
ആപ്പിള്‍ പേ
'ആപ്പിള്‍ പേ' എന്ന പേരില്‍ ആപ്പിളിന്റെ പേയ്‌മെന്റ് സംവിധാനം ഇന്ത്യയില്‍ അവതരിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു. ആപ്പിളിന്റെ മൊബൈല്‍ പേയ്‌മെന്റ് സേവനമാണ് ആപ്പിള്‍ പേ. ഇതിന്റെ ഭാഗമായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും (എന്‍.പി.സി.ഐ) ആപ്പിള്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എന്‍.പി.സി.ഐയുടെ റുപേ പ്ലാറ്റ്‌ഫോമിലായിരിക്കുമോ ആപ്പിളിന്റെ ക്രെഡിറ്റ് കാര്‍ഡ് എന്നതിലും വ്യക്തതയില്ല. റുപേ പ്ലാറ്റ്‌ഫോമിലാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐയുമായി ബന്ധിപ്പിക്കാനാവും. മൊബൈല്‍ ഫോണുകളിലൂടെയുള്ള പേയ്‌മെന്റുകള്‍ വര്‍ധിക്കുന്നതിനിടെയാണ് ആപ്പിളിന്റെ നീക്കം.
പ്രത്യേക ഇളവുകളുണ്ടാകില്ല
ആപ്പിള്‍, ഗൂഗ്ള്‍, ആമസോണ്‍, സാംസംഗ് തുടങ്ങിയ പല കമ്പനികളും നിലവില്‍ ഇത്തരം പണമിടപാട് സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കുമായും ആപ്പിള്‍ മേധാവി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ പിന്തുടരുന്ന അതേ സമീപനം പിന്തുടരാനാണ് ആപ്പിളിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. ആപ്പിളിന് പ്രത്യേകമായി ഒരു വിധത്തിലുള്ള ഇളവുകളും നല്‍കാന്‍ സാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. മാസ്റ്റര്‍കാര്‍ഡ്, ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയുടെ പങ്കാളിത്തത്തോടെ ആപ്പിളിന് നിലവില്‍ യു,എസില്‍ പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്.