ആപ്പിള്‍ ഇക്കൊല്ലം ഇന്ത്യയില്‍ നിര്‍മ്മിക്കുക ഒരുലക്ഷം കോടിയുടെ ഐഫോണുകള്‍

ആഗോള ടെക്നോളജി ഭീമനായ ആപ്പിള്‍ നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ഒരുലക്ഷം കോടി രൂപയുടെ ഐഫോണുകള്‍. നടപ്പുവര്‍ഷം ആദ്യ ഏഴ് മാസങ്ങളിലായി 60,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിച്ചുകഴിഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കയറ്റുമതിയില്‍ വളര്‍ച്ച

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐഫോണുകളുടെ 70 ശതമാനത്തോളവും കയറ്റുമതി ചെയ്യുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ആപ്പിള്‍ 40,000 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെ മൊത്തം കയറ്റുമതിയെ മറികടന്നു. ഈ ഏഴു മാസങ്ങളില്‍ കയറ്റുമതിയില്‍ 185 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആപ്പിള്‍ കൈവരിച്ചത്.

ഒരു കോടി ഐഫോണുകള്‍

ഇന്ത്യയില്‍ ഈ വര്‍ഷം 70 ലക്ഷത്തിനടുത്ത് ഐഫോണുകള്‍ ആപ്പിള്‍ വിറ്റഴിക്കുമെന്നാണ് വിലയിരുത്തല്‍. 2024ല്‍ വില്‍പന 90 ലക്ഷം മുതല്‍ ഒരുകോടി വരെയായിരിക്കുമെന്നും കരുതുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തിനായുള്ള പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിയുടെ ഭാഗമായി ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ നിര്‍മ്മാണ കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന്റെ ഉല്‍പ്പാദനം നടത്തുന്നത്.

ഐഫോണ്‍ 12 മുതല്‍ ഐഫോണ്‍ 15 വരെയുള്ള മോഡലുകളാണ് ഈ കമ്പനികള്‍ നിര്‍മ്മിക്കുന്നത്.വിസ്ട്രോണിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് അടുത്തിടെ കരാറില്‍ ഒപ്പുവച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിള്‍ ഇന്ത്യയില്‍ നിന്ന് നേടിയ വരുമാനം് 49,321 കോടി രൂപയാണ്. ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ആഗോള വിറ്റുവരവായ 32.6 ലക്ഷം കോടി രൂപയുടെ 1.5 ശതമാനം മാത്രമാണിത്.

Related Articles
Next Story
Videos
Share it