

14 വര്‍ഷത്തിന് ശേഷം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിള്‍. ഇക്കൊല്ലം 24.3 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ ഷിപ്പ്‌മെന്റ് നടത്താന്‍ ആപ്പിളിന് കഴിയുമെന്ന് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസംഗ് ഷിപ്പ്‌മെന്റ് 23.5 കോടിയില്‍ ഒതുങ്ങും. ഇടനിലക്കാര്‍ ചില്ലറ വില്‍പ്പന ശാലകളില്‍ എത്തിച്ച ഫോണുകളുടെ എണ്ണത്തെയാണ് ഷിപ്പ്‌മെന്റ് എന്ന് വിളിക്കുന്നത്. ഇതിന് യഥാര്‍ത്ഥ വില്‍പ്പനക്കണക്കുകളുമായി ബന്ധമില്ലെങ്കിലും വിപണിയിലെ ഡിമാന്‍ഡും ട്രെന്‍ഡും മനസിലാക്കാന്‍ ഈ കണക്ക് സഹായകമാണ്.
ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 19.4 ശതമാനം സ്വന്തമാക്കാനും ആപ്പിളിന് ഇക്കൊല്ലം കഴിയും. സാംസംഗിന്റേത് 18.7 ശതമാനത്തിലേക്ക് താഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്റെ തലവര മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ പ്രധാന വിപണികളായ യു.എസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. കുറേകാലത്തിന് ശേഷം ഐഫോണുകളുടെ ഡിസൈന്‍ പരിഷ്‌കരിച്ചതും കോവിഡ് കാലത്ത് ഫോണ്‍ വാങ്ങിയവര്‍ ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ തീരുമാനിച്ചതുമാണ് ആപ്പിളിന് നേട്ടമായത്.
നിലവിലെ വളര്‍ച്ച തുടരാനായാല്‍ 2029 വരെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആപ്പിളായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2023നും 2025ന്റെ ആദ്യ പകുതിയിലുമായി 35.8 കോടി ഐഫോണുകളാണ് വില്‍പ്പന നടന്നത്. ഈ ഉപയോക്താക്കള്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. ഇത് ഡിമാന്‍ഡ് വര്‍ധിപ്പിക്കും. യു.എസ് താരിഫ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ആപ്പിളിനെ ബാധിച്ചിട്ടില്ലെന്നും കൗണ്ടര്‍പോയിന്റ് പറയുന്നു. ഡോളറിന്റെ വിനിമയ നിരക്ക് കുറഞ്ഞതും പുതിയ വിപണികളിലേക്ക് വളരാന്‍ കഴിഞ്ഞതും ആപ്പിളിന് ഗുണകരമാണ്. ഈ കാരണങ്ങളാല്‍ 2029വരെ വിപണിയിലെ ഒന്നാമന്‍ ആപ്പിളായിരിക്കുമെന്നാണ് പ്രവചനം.
അതേസമയം, ആപ്പിളിന്റെ ബജറ്റ് വിലയിലുള്ള മോഡലായ ഐഫോണ്‍ 17ഇ, ഫോള്‍ഡബിള്‍ ഫോണ്‍ എന്നിവ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നും കൗണ്ടര്‍പോയിന്റ് പ്രവചിക്കുന്നു. ആപ്പിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റായ സിരിയുടെ അപ്‌ഗ്രേഡും അടുത്ത വര്‍ഷം ഡിസൈനില്‍ വലിയ മാറ്റം വരുത്തുന്നതും നിര്‍ണായകമാകും. കൂടാതെ പല പ്രൈസ് റേഞ്ചിലുള്ള ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതും വില്‍പ്പനയെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
അതിനിടെ ഇന്ത്യയുടെ പരിഷ്‌കരിച്ച കുത്തക വിരുദ്ധ നിയമത്തിലെ പിഴ ചുമത്തല്‍ വ്യവസ്ഥകള്‍ക്കെതിരെ (ആന്റിട്രസ്റ്റ് പെനാല്‍റ്റി) ആപ്പിള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ) ചുമത്താന്‍ സാധ്യതയുള്ള 3,800 കോടി ഡോളര്‍ (ഏകദേശം 3.3 ലക്ഷം കോടി രൂപ) വരുന്ന വമ്പന്‍ പിഴയില്‍ നിന്ന് രക്ഷ നേടാനാണ് കമ്പനിയുടെ നീക്കം. ഒരു കമ്പനിയുടെ ഇന്ത്യയിലെ വരുമാനത്തെ മാത്രം അടിസ്ഥാനമാക്കി പിഴ ചുമത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇതില്‍ നിന്ന് മാറി ആഗോള വിറ്റുവരവിന്റെ (Global Turnover) അടിസ്ഥാനത്തില്‍ പിഴ നിശ്ചയിക്കാന്‍ സി.സി.ഐക്ക് അധികാരം നല്‍കുന്ന 2024ലെ നിയമഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് ആപ്പിള്‍ ചോദ്യം ചെയ്തിരിക്കുന്നത്.
പുതിയ വ്യവസ്ഥകള്‍ ഏകപക്ഷീയവും ആനുപാതികമല്ലാത്തതും ആണെന്ന് ആപ്പിള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ആഗോള വിറ്റുവരവ് അടിസ്ഥാനമാക്കി പിഴ ചുമത്തുന്നത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അമിതമായ ശിക്ഷ നല്‍കാന്‍ കാരണമാവുമെന്നും, നിയമം നിലവില്‍ വരുന്നതിനു മുന്‍പുള്ള കേസുകള്‍ക്ക് പോലും ഇത് മുന്‍കാല പ്രാബല്യത്തോടെ ഉപയോഗിക്കുമോയെന്ന ആശങ്കയും കമ്പനി പങ്കുവെച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine