അറിഞ്ഞോ, ഇന്ത്യയില്‍ കാര്‍ഡ് പേയ്‌മെന്റുകള്‍ ആപ്പിള്‍ നിര്‍ത്തലാക്കി

ഇന്ത്യയില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ (Credit Card) വഴിയുള്ള പേയ്മെന്റുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കി ടെക് ഭീമനായ ആപ്പിള്‍ (Apple). സബ്സ്‌ക്രിപ്ഷനുകള്‍ക്കായുള്ള കാര്‍ഡുകള്‍ സ്വീകരിക്കുന്നതും ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതും ആപ്പിള്‍ നിര്‍ത്തലാക്കിയതാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആപ്പിള്‍ സെര്‍ച്ചിലെ പരസ്യ കാമ്പെയ്നുകള്‍ക്കുള്ള പേയ്മെന്റുകളും ആപ്പിള്‍ സ്വീകരിക്കില്ല.

കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ ഓട്ടോ-ഡെബിറ്റ് നിയമങ്ങളുടെ ഫലമായാണ് ഈ മാറ്റം. 'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ കാരണം, ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആപ്പിള്‍ സെര്‍ച്ചിലെ പരസ്യ കാമ്പെയ്നുകള്‍ക്കുള്ള പേയ്മെന്റുകള്‍ സ്വീകരിക്കില്ല.'' ഉപഭോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ ആപ്പിള്‍ പറഞ്ഞു.
''ജൂണ്‍ 1 മുതല്‍, ഇന്ത്യന്‍ ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള എല്ലാ കാമ്പെയ്നുകളും നിര്‍ത്തിവയ്ക്കും. നിങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നതിലെ വീഴ്ച ഒഴിവാക്കാന്‍, ഇന്ത്യക്ക് പുറത്തുള്ള ഒരു ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. നിങ്ങളുടെ അക്കൗണ്ട് ക്രമീകരണങ്ങളിലെ ബില്ലിംഗ് ടാബിലേക്ക് പോയി നിങ്ങളുടെ പേയ്മെന്റ് രീതി അപ്ഡേറ്റ് ചെയ്യാം'' ആപ്പിള്‍ വ്യക്തമാക്കി.
അതേസമയം, ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കുമായുള്ള പേയ്മെന്റ് ഓപ്ഷനുകള്‍ സംബന്ധിച്ച് അറിയാന്‍ ആപ്പിള്‍ ഇന്ത്യക്ക് അയച്ച ഇ-മെയിലിന് മറുപടി ലഭിച്ചില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്ലൗഡ് പോലുള്ള ആപ്പിള്‍ സബ്സ്‌ക്രിപ്ഷനുകള്‍ക്കായി പണമടയ്ക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് പല ഉപഭോക്താക്കളും പറഞ്ഞു. ആപ്പിള്‍ ഐഡി അക്കൗണ്ടുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് പണമടയ്ക്കാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം ഏപ്രിലില്‍ യുപിഐയും നെറ്റ്ബാങ്കിംഗും ഉപയോഗിച്ച് ആപ്പിളിന്റെ ഐഡി അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്താന്‍ ആപ്പിള്‍ ഇന്ത്യയിലെ ഉപഭോക്താക്കളെ അനുവദിച്ചിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it